ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി 18-ാം ദിവസവും ഇന്ധനവിലയിൽ വർധനവ്. ഡീസൽ വില മാത്രമാണ് ഇന്നു വർധിച്ചത്. പെട്രോൾ വിലയിൽ മാറ്റമില്ല. ഡീസലിനു 45 പെെസയാണ് ഇന്ന് വർധിച്ചത്. ജൂൺ ഏഴ് മുതലാണ് രാജ്യത്ത് ഇന്ധന വില ഉയരാൻ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ക്രൂഡ് ഓയിലിനു വില ഇടിഞ്ഞപ്പോഴും ഇന്ധനവില കുതിക്കുകയാണ്. കൊച്ചിയിൽ ഇന്നത്തെ ഡീസൽ വില 75.72 രൂപയാണ്. കഴിഞ്ഞ 18 ദിവസത്തിനിടെ രാജ്യത്ത് പെട്രോളിനു പത്ത് രൂപയ്‌ക്കടുത്ത് വർധിച്ചു. ഡീസലിനും അത്ര തന്നെ വില വർധനവുണ്ടായി. സാധാരണക്കാരെ നട്ടംതിരിക്കുന്നതാണ് ഇപ്പോഴത്തെ ഇന്ധനവില വർധനവ്.

ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്. അന്താരാഷ്‌ട്ര വിപണിയിൽ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കിൽ നിലവിൽ ബ്രെന്റ് ക്രൂഡിന് ബാരലിന് 45 ഡോളറിൽ താഴെയാണ് വില. ഇന്ധനവില വർധന ഇനിയും തുടരുമെന്നാണ് റിപ്പോർട്ടുകൾ. ആഗോളതലത്തിൽ അസംസ്‌കൃത എണ്ണവില ദിനംപ്രതി ഇടിയുമ്പോഴാണ് രാജ്യത്ത് എണ്ണവിതരണ കമ്പനികൾ ഇന്ധനവില ഉയർത്തുന്നത്. അസംസ്‌കൃത എണ്ണവില ഇടിയുമ്പോഴും കേന്ദ്ര സർക്കാർ എക്‌സെെസ് ഡ്യൂട്ടി മൂന്ന് രൂപ വർധിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

Read Also: തെക്കൻ കേരളത്തിലും മഴ ശക്തിപ്പെടും; മുന്നറിയിപ്പ്

കോവിഡ് മഹാമാരി രാജ്യത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സമയത്ത് ഇന്ധനവില വർധിപ്പിക്കുന്നത് ജനദ്രോഹമാണെന്ന് പ്രതിപക്ഷം വിമർശിക്കുന്നു. കോൺഗ്രസ് അടക്കമുള്ള പ്രധാന രാഷ്ട്രീയ പാർട്ടികൾ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വില വർധനവ് പിൻവലിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

രാജ്യാന്തരവിപണിയിൽ എണ്ണവിലകൂടിയെന്ന പേരിൽ ഈ മാസം ഏഴുമുതലാണ് വിലകൂട്ടിത്തുടങ്ങിയത്. ജൂൺ ആറിനു രാജ്യാന്തരവിപണിയിൽ എണ്ണവില വീപ്പയ്‌ക്ക്‌ 42 ഡോളറായിരുന്നെങ്കിൽ ജൂൺ12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോൾ, ഡീസൽവില അനുദിനം കൂട്ടി. മെയ് മാസം അഞ്ചാം തിയതി എണ്ണവില വീപ്പയ്‌ക്ക്‌ 20 ഡോളറായി ഇടിഞ്ഞപ്പോൾ രാജ്യത്ത് ഇന്ധനവില കുറയ്ക്കാൻ കേന്ദ്രം തയ്യാറായില്ല. പകരം പ്രത്യേക അധിക എക്‌സൈസ്‌ തീരുവയും റോഡ് സെസും കൂട്ടി ഇന്ധനവില താഴാതെ നിലനിർത്തി. മാർച്ച്‌ 14നു പെട്രോളിന്റെയും ഡീസലിന്റെയും തീരുവകൾ മൂന്നു രൂപ വീതവും കൂട്ടിയിരുന്നു.

Read Also: കോവിഡ്‌-19 മരണനിരക്ക് കുറച്ചത്‌ മൂന്ന് പ്രധാന തന്ത്രങ്ങളിലൂടെ: കെകെ ശൈലജ; കേരളത്തിന്റെ നേട്ടങ്ങള്‍ യുഎന്‍ വെബിനാറില്‍ വിശദീകരിച്ച് മന്ത്രി

ഈ രണ്ട്‌ ‌വർധന വഴി രണ്ടു ലക്ഷം കോടി രൂപയുടെ അധികവരുമാനമാണ്‌ കേന്ദ്രം നേടിയത്. പ്രത്യേക അധിക എക്‌സൈസ്‌ തീരുവ വഴിയുള്ള വരുമാനം സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ല. 2014ൽ എൻഡിഎ സർക്കാർ അധികാരത്തിൽവരുമ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും മൊത്തം തീരുവ യഥാക്രമം 9.48 രൂപ, 3.56 രൂപ വീതമായിരുന്നു. ഇപ്പോൾ 32.98 രൂപ, 31.83 രൂപ എന്ന നിലയിൽ. 2014–-17ൽ ‌ എക്‌സൈസ്‌ തീരുവ 10 തവണ കൂട്ടി. അതുവഴി അഞ്ചര ലക്ഷം കോടി രൂപയാണ് ലാഭമുണ്ടായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook