ന്യൂഡൽഹി: ഇന്ധനവില കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ശനിയാഴ്ച പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചു. ഇതിന് പിറകെ സംസ്ഥാന സർക്കാരും തീരുവ കുറച്ചു. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നത്.
“ഞങ്ങൾ പെട്രോളിന്റെ കേന്ദ്ര എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയും കുറയ്ക്കുന്നു. ഇതോടെ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയും കുറയും,” കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഇത് സർക്കാരിന് പ്രതിവർഷം ഒരു ലക്ഷം കോടി രൂപയുടെ റവന്യൂ നഷ്ടം ഉണ്ടാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഒമ്പത് കോടിയിലധികം ഗുണഭോക്താക്കൾക്ക് ഒരു ഗ്യാസ് സിലിണ്ടറിന് (12 സിലിണ്ടറുകൾ വരെ) 200 രൂപ സർക്കാർ സബ്‌സിഡി നൽകുമെന്നും അവർ പ്രഖ്യാപിച്ചു.
ഇന്ത്യയുടെ ഇറക്കുമതി ആശ്രിതത്വം കൂടുതലുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ അസംസ്കൃത വസ്തുക്കളുടെ കസ്റ്റംസ് തീരുവയും സർക്കാർ കുറയ്ക്കുകയാണെന്ന് സീതാരാമൻ പറഞ്ഞു. “ചില സ്റ്റീലിന്റെ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കും. ചില സ്റ്റീൽ ഉൽപന്നങ്ങളുടെ കയറ്റുമതി തീരുവ ചുമത്തും,” അവർ കൂട്ടിച്ചേർത്തു.
ഇവ കൂടാതെ സിമന്റിന്റെ ലഭ്യത മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരികയാണെന്നും സീതാരാമൻ പറഞ്ഞു.
കേന്ദ്രസർക്കാർ ഭീമമായ തോതിൽ വർദ്ധിപ്പിച്ച പെട്രോൾ/ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണെന്നും ഇതിനെ സംസ്ഥാനസർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.