ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ വർധിപ്പിച്ചു. പെട്രോളിന്  ലിറ്ററിന് 13 രൂപയും ഡീസലിന് ലിറ്ററിന് 10 രൂപയുമാണ് എക്സൈസ് തീരുവയിൽ വർധന വരുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.

രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ റവന്യൂ വരുമാനം വർധിപ്പിക്കുന്നതിനായാണ് എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചതെന്ന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. ലോക്ക്ഡൗൺ ഇളവിനെത്തുടർന്ന് ആളുകൾ പുറത്തിറങ്ങുന്നത് വർധിച്ചതോടെ രാജ്യത്ത് പെട്രോൾ ഡീസൽ ഉപഭോഗത്തിൽ മുൻ ദിനങ്ങളെ അപേക്ഷിച്ച് വർധനവ് വരാൻ ആരംഭിച്ചിട്ടുണ്ട്.

Read More | കപ്പലും ട്രെയിനും മുതൽ ഉപ്പു ഗുഹകൾ വരെ: എണ്ണ സംഭരണത്തിന് ഇടം കണ്ടെത്താനാവാതെ ഉൽപാദകരും റിഫൈനറികളും

ഇന്ന് മുതൽ പുതുക്കിയ എക്സൈസ് ഡ്യൂട്ടി നിലവിൽ വരുമെന്ന് ധനമന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ എക്സൈസ് തീരുവ വർധിപ്പിച്ചത് ഉപഭോക്താക്കളെ ബാധിക്കില്ലെന്നും അവർ പറഞ്ഞു. എണ്ണ വിപണന കമ്പനികളിൽ നിന്നാണ് പണം ഈടാക്കുക. ഇത് എണ്ണ വില വർധനയ്ക്ക് കാരണമാവില്ലെന്ന് ഉഫദ്യോഗസ്ഥർ പറഞ്ഞു.അധിക എക്സൈസ് തീരുവയിൽ നിന്നുള്ള വരുമാനം അടിസ്ഥാന സൗകര്യ വികസന രംഗത്ത് വിനിയോഗിക്കുമെന്നാണ് കേന്ദ്രസർക്കാറുമായി ബന്ധപ്പെട്ടവർ പറയുന്നത്.

കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ധനങ്ങളുടെ എക്സൈസ് തീരുവ വർധിപ്പിക്കുന്നത്. മാർച്ച് 14നായിരുന്നു ഇതിനു മുൻപ് എക്സൈസ് തീരുവ വർധിപ്പിച്ചത്. റോഡ്, അടിസ്ഥാന സൗകര്യ വികസന സെസ് ആയി മൂന്ന് രൂപ വീതവും പെട്രോളിനും ഡീസലിനും ഈടാക്കാനും അന്ന് തീരുമാനിച്ചിരുന്നു. ജിഎസ്ടിക്ക് പുറത്തായതിനാൽ സംസ്ഥാനങ്ങൾക്ക് പെട്രോൾ ഡീസൽ എന്നിവയുടെ മൂല്യ വർധിത നികുതിയിൽ വ്യത്യാസം വരുത്താൻ കഴിയും.

Read More | മഞ്ഞുകാലത്ത് കോവിഡ് രോഗവ്യാപനം വീണ്ടും ഉയർന്നേക്കാം: എയിംസ് ഡയറക്ടർ 

കോവിഡ് രോഗവ്യാപനത്തെത്തുടർന്ന് ആഗോള തലത്തിൽ എണ്ണ വില കുറഞ്ഞിരിക്കുന്ന സാഹചര്യമാണിത്. കഴിഞ്ഞ മാസം അസംസ്കൃത എണ്ണയുടെ വില 1999ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തിയിരുന്നു. എണ്ണയുടെ ആവശ്യക്കാർ കുറഞ്ഞതോടെ ഉൽപാദിപ്പിക്കുന്ന എണ്ണ കെട്ടിക്കിടക്കുന്ന അവസ്ഥയിലേക്കും ആഗോള വിപണി എത്തിച്ചേർന്നിരുന്നു. നിലവിൽ ബാരലിന് 28 യുഎസ് ഡോളറോളമാണ് അസംസ്കൃത എണ്ണയുടെ വില.

എക്സൈസ് ഡ്യൂട്ടിയിൽ ഓരോ രൂപ വർധിപ്പിക്കുമ്പോഴും പ്രതിവർഷം 13,000 കോടിക്കും 14,000 കോടിക്കും ഇടയിൽ അധിക വരുമാനം സർക്കാരിന് ലഭിക്കും. ഇപ്പോഴത്തെ തീരുവ വർധനവിലൂടെ നടപ്പ് സാമ്പത്തിക വർഷം 2.85 കോടി രൂപയുടെ അധിക റവന്യൂ വരുമാനം സർക്കാരിന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

Read More | Excise duty hiked by Rs 10 per litre on petrol, Rs 15 on diesel; consumers unaffected

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook