ന്യൂഡൽഹി: പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന് വധശിക്ഷ. പെഷവാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാർ അഹ്മദ് സേത്ത് നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചാണ് ശിക്ഷ വിധിച്ചത്. രാജ്യ ദ്രോഹക്കേസിലാണ് മുഷറഫിന് വധശിക്ഷ വിധിച്ചിരിക്കുന്നത്.
അറസ്റ്റ് ഭയന്ന് പാക്കിസ്ഥാൻ വിട്ട മുൻ സൈനിക മേധാവിയായിരുന്ന മുഷറഫ് നിലവിൽ ദുബായിലാണ്. 2007 ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിനാണ് കോടതി വധശിക്ഷ വിധിച്ചത്.
പര്‍വേസ് മുഷറഫിനെതിരെ 2013ലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2014 മാര്‍ച്ച് 31ന് അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി. സാങ്കേതികകാരണങ്ങളാല്‍ വിചാരണ തുടങ്ങാന്‍ വൈകുകയായിരുന്നു. 2016ലാണ് മുഷറഫ് രാജ്യം വിട്ടത്.
ജസ്റ്റിസ് സേത്ത്, സിന്ധ് ഹൈക്കോടതിയിലെ ജസ്റ്റിസ് നസർ അക്ബർ, എൽഎച്ച്‌സിയിലെ ജസ്റ്റിസ് ഷാഹിദ് കരീം എന്നിവരടങ്ങുന്ന പ്രത്യേക കോടതി നവംബർ 19 ന് മാറ്റിവച്ച വിധി പ്രഖ്യാപിക്കുകയായിരുന്നു. ലഭ്യമായ രേഖയുടെ അടിസ്ഥാനത്തിൽ നവംബർ 28 ന് വിധി പ്രഖ്യാപിക്കുമെന്ന് പ്രത്യേക കോടതി അന്ന് പറഞ്ഞിരുന്നു.