ലാഹോർ: പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന് പ്രത്യേക കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ സയീദ് മസാഹര്‍ അലി അക്ബര്‍ നഖ് വി, മുഹമ്മദ് അമീര്‍ ഭട്ടി, ചൌധരി മസൂദ് ജഹാംഗീര്‍ എന്നിവരടങ്ങുന്ന ലാഹോര്‍ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചാണ് വിധി റദ്ദാക്കിയത്.
മുഷറഫിന് വധശിക്ഷ വിധിച്ച പ്രത്യേക കോടതി രൂപീകരണം തന്നെ നിയമവിരുദ്ധമാണെന്ന് ലാഹോര്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി. രാജ്യദ്രോഹ കേസിൽ 2019 ഡിസംബര്‍ 17നാണ് മുഷറഫിന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. തനിക്കെതിരെയുള്ള വധശിക്ഷ വിധിച്ച പ്രത്യേക കോടതി രൂപീകരിച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ലാഹോര്‍ ഹൈക്കോടതിയുടെ ഉത്തരവ്.
Read More: പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന് വധശിക്ഷ
പ്രത്യേക കോടതിയുടെ വിധി അനധികൃതമാണെന്നും അധികാരപരിധിയില്‍ വരുന്നതല്ലെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ച മുഷറഫ് വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രത്യേക കോടതി രൂപീകരിക്കാന്‍ അനുമതി നല്‍കിയ ഫെഡറല്‍ സര്‍ക്കാരിനോട് വെള്ളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജസ്റ്റിസ് നഖ് വി നിര്‍ദേശിച്ചിട്ടുണ്ട്.
വിദേശത്ത് കഴിയുമ്പോൾ തന്നെ മുഷറഫ് ഓൾ പാകിസ്ഥാൻ മുസ്ലിം ലീഗ് എന്ന പേരിൽ പുതിയ പാര്‍ട്ടിയും രൂപീകരിച്ചിരുന്നു. 2013 ൽ പാര്‍ലമെന്‍റിലേക്ക് മത്സരിക്കാൻ പാകിസ്ഥാനിൽ തിരിച്ചെത്തിയെങ്കിലും നാഷണൽ അസംബ്ലിയിലേക്ക് മത്സരിക്കാൻ മുഷറഫ് നൽകിയ പത്രികകളെല്ലാം തള്ളുന്ന അവസ്ഥയാണ് ഉണ്ടായത്. തൊട്ടു പിന്നാലെ അറസ്റ്റിലായ മുഷറഫ് വീട്ടുതടങ്കലിലുമായി.
അറസ്റ്റ് ഭയന്ന് പാക്കിസ്ഥാൻ വിട്ട മുൻ സൈനിക മേധാവിയായിരുന്ന മുഷറഫ് നിലവിൽ ദുബായിലാണ്. 2007 ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിനാണ് കോടതി വധശിക്ഷ വിധിച്ചത്. പര്‍വേസ് മുഷറഫിനെതിരെ 2013ലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2014 മാര്‍ച്ച് 31ന് അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി. സാങ്കേതികകാരണങ്ങളാല്‍ വിചാരണ തുടങ്ങാന്‍ വൈകുകയായിരുന്നു. 2016ലാണ് മുഷറഫ് രാജ്യം വിട്ടത്.