scorecardresearch
Latest News

പുതിയ കാലം, പുതിയ മാധ്യമം: കാഴ്ചപ്പാടുകൾ

ബി.​ആർ.പി.ഭാസ്കർ-മുതിർന്ന മാധ്യമപ്രവർത്തകൻ ഏത് മാധ്യമമായാലും സത്യസന്ധമായിരിക്കണം അതിന്റെ പ്രവർത്തനം. പ്രവർത്തിക്കുന്ന സമൂഹത്തോട് നീതിപൂർവകമായ സമീപനമാണ് ആവശ്യം. അത് ഡിജിറ്റൽ മാധ്യമത്തിന് മാത്രമല്ല, ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങൾക്കും ബാധകമാണ്. എൻ.പി.രാജേന്ദ്രൻ- മുതിർന്ന മാധ്യമപ്രവർത്തകൻ ഒരു വ്യക്തി വിചാരിച്ചാൽ പോലും ഓൺലൈൻ പ്രസിദ്ധീകരണം ആരംഭിക്കാൻ കഴിയുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. അതിന്റെ ഇക്കണോമിക് മോഡൽ നോക്കാതെയാണ് പലരും ഇന്ന് ഓൺലൈൻ സംരഭങ്ങൾ ആരംഭിക്കുന്നത്. ഇന്ന് കടുത്ത മത്സരം നടക്കുന്ന ലോകത്ത് വായനക്കാർക്ക് പ്രയോജനപ്രദമായ കാര്യങ്ങൾക്ക് ഊന്നൽ നൽകണം. തികച്ചും എക്സ്ക്ലൂസീവ് […]

madhupal, parvathy, bhagya lakshmi, nadhi

ബി.​ആർ.പി.ഭാസ്കർ-മുതിർന്ന മാധ്യമപ്രവർത്തകൻ
ഏത് മാധ്യമമായാലും സത്യസന്ധമായിരിക്കണം അതിന്റെ പ്രവർത്തനം. പ്രവർത്തിക്കുന്ന സമൂഹത്തോട് നീതിപൂർവകമായ സമീപനമാണ് ആവശ്യം. അത് ഡിജിറ്റൽ മാധ്യമത്തിന് മാത്രമല്ല, ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങൾക്കും ബാധകമാണ്.

എൻ.പി.രാജേന്ദ്രൻ- മുതിർന്ന മാധ്യമപ്രവർത്തകൻ
ഒരു വ്യക്തി വിചാരിച്ചാൽ പോലും ഓൺലൈൻ പ്രസിദ്ധീകരണം ആരംഭിക്കാൻ കഴിയുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. അതിന്റെ ഇക്കണോമിക് മോഡൽ നോക്കാതെയാണ് പലരും ഇന്ന് ഓൺലൈൻ സംരഭങ്ങൾ ആരംഭിക്കുന്നത്. ഇന്ന് കടുത്ത മത്സരം നടക്കുന്ന ലോകത്ത് വായനക്കാർക്ക് പ്രയോജനപ്രദമായ കാര്യങ്ങൾക്ക് ഊന്നൽ നൽകണം. തികച്ചും എക്സ്ക്ലൂസീവ് ആയ കാര്യങ്ങൾ നൽകാൻ കഴിയണം. പഴയകാലത്തെ വഴികളിലൂടെയല്ലാതെ സഞ്ചരിക്കാൻ സാധിക്കണം. പക്ഷേ, ധാർമികത കൈവിടാതെ വേണം അത് ചെയ്യാൻ. സോഷ്യൽ മീഡിയയിലൂടെ ആളുകളിലെത്താമെന്നത് വ്യാമോഹമാണ്. വായനക്കാരെ കണ്ടെത്തുക എന്നത് വെല്ലുവിളിയാണ്. ധാർമികത കൈവിടാതെ അത് സാധിക്കണം.

ഡോ.ബി.ഇക്ബാൽ – കേരള സർവകലാശാല മുൻ വിസി
ഡിജിറ്റൽ മാധ്യമത്തിന് ഇന്നത്തെ ലോകത്ത് വലിയ റോളുണ്ട്. സംഭവം നടക്കുമ്പോൾ തന്നെ റിപ്പോർട്ട് ചെയ്യാനും അതിന്റെ പ്രതികരണം അറിയാനും കഴിയും. പരമ്പരാഗത മാധ്യമങ്ങളുടെ പ്രവർത്തന രീതി വെർട്ടിക്കലായിട്ടാണ്. അതായത് മുകളിൽ നിന്നും താഴേയ്ക്കുള്ള തരത്തിലുള്ള പ്രവർത്തനം. എന്നാൽ ഡിജിറ്റൽ മീഡിയ ഹൊറിസോണ്ടലായി നെറ്റ് വർക്ക് മോഡലിലാണ് പ്രവർത്തിക്കുന്നത്. അത് ജനാധിപത്യപരമാണ്. അതിന് ബഹുസ്വരതയുണ്ട്. ഇന്ന് സാങ്കേതികവിദ്യയുടെ പേരിലുണ്ടായിരുന്ന വേലികൾ മാറിയിരിക്കുന്നു. ഡിജിറ്റൽ ഡിവൈഡ് എന്നത് കുറഞ്ഞുകഴിഞ്ഞു. സ്മാർട് ഫോണുകൾ വ്യാപകമായതോടെ ഈ​ മാധ്യമം കൂടുതൽ സ്വീകാര്യത കൈവരിച്ചു കഴിഞ്ഞു.

ഡേവിസ് മാനുവൽ- ഫിലിം എഡിറ്റർ, അസിസ്റ്റന്റ് ഡയറക്ടർ
കേരളത്തിന്‌ പുറത്തേക്ക് യാത്രകൾ ഒരുപാട് ചെയ്യേണ്ടതിനാൽ വാർത്തകൾ പലപ്പോഴും അറിയാൻ കഴിയുന്നത് ഓൺലൈൻ മാധ്യമങ്ങളിലൂടെയാണ്. വാർത്തകൾ വൈറലാകാൻ വേണ്ടി മാത്രമാകാതെ നല്ല വാർത്തകൾക്കും അതിനുളള​ പ്രാധാന്യം നൽകണം. അനുനിമിഷം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഓൺലൈൻ മാധ്യമ രംഗത്തേക്ക് ഇന്ത്യൻ എക്സ്പ്രസ്സ്‌ പോലെ വിശ്വാസയോഗ്യമായൊരു സ്ഥാപനം വരുന്നത് ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്നു. എല്ലാവിധ ആശംസകളും.

വിജയരാജ മല്ലിക- സാമൂഹിക പ്രവർത്തക
എല്ലാ മാധ്യമങ്ങളും എന്ത് ചെയ്യുന്നുവോ അത് ചെയ്യുക എന്നതിലുപരി വാർത്തയുടെ സത്യാവസ്ഥയറിഞ്ഞ് പ്രസിദ്ധീകരിക്കുക. എല്ലാത്തിനും ഒരു കോഡ് ഓഫ് എത്തിക്‌സ് ഉണ്ടായിരിക്കണം. മനുഷ്യ വികസനത്തിനായുളള​ വാർത്തകൾക്ക് പ്രാധാന്യം നൽകാൻ ശ്രമിച്ചാൽ നന്നായിരിക്കും. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്നവർക്ക് നിരവധി അനുഭവങ്ങൾ പങ്കുവയ്‌ക്കാനുണ്ടാകും. ഇത്തരം​ ആളുകളുടെ കഥകളും അനുഭവങ്ങളും പൊതുസമൂഹത്തിന് അറിവും പോസിറ്റീവ് ശക്തിയും നൽകും.

മധുപാൽ – നടൻ, സംവിധായകൻ, എഴുത്തുകാരൻ
ഒരുപാട് മലയാളം പോർട്ടലുകൾ ഇന്നുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്‌തമാകാൻ കൃത്യമായ വീക്ഷണം ഉണ്ടാകണം. എല്ലാത്തിനെക്കുറിച്ച് പറയുമ്പോഴും ഒന്നിനെക്കുറിച്ച് മാത്രം പറയുമ്പോഴും ഒരു വാക്കിലോ വിഷയത്തിലോ ഊന്നി നിന്നായിരിക്കും മിക്കപ്പോഴും സംസാരിക്കുക. പക്ഷേ നാം ഏതിനെയാണ് കാണുന്നത് എന്തിനെയാണ് കേന്ദ്രീകരിക്കേണ്ടത് എന്നത് പ്രധാനമാണ്. വാർത്തകൾ പൊതുജനത്തിന് ഉപകാരപ്രദമായിരിക്കണം, കൂടാതെ കൃത്യമായ ധാരണയുമുണ്ടാകണം. ഇതാണ് സത്യം എന്ന് ആളുകൾ ഇതിലൂടെ തിരിച്ചറിയണം. ജനങ്ങളുടെ അഭിപ്രായവും സമൂഹത്തിന്റെ പ്രശ്നങ്ങളും ഉൾപ്പെടുന്ന രീതിയിലുളള​ ഒരു പോർട്ടലാകണം. എന്നാലേ മലയാളികൾക്ക് മൂഴുവനായുളള ഒരു സമ്പൂർണ പോർട്ടൽ ആയി ഐഇ മലയാളം മാറുകയുളളൂ.

ദേവദാസ്‌ വി.എം- എഴുത്തുകാരൻ
ഒട്ടനേകം ഓൺലൈൻ വാർത്താ സൈറ്റുകൾ നമുക്കിന്ന് ലഭ്യമാണ്‌. മുഖ്യധാരാ മാധ്യമങ്ങൾ ബോധപൂർവമോ അല്ലാതെയോ തമസ്ക്കരിക്കുന്ന പല വാർത്തകളും വിവാദങ്ങളും സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വരാനും ചർച്ചചെയ്യപ്പെടാനും ഡിജിറ്റൽ മാധ്യമങ്ങൾ ഇടയാക്കിയിട്ടുണ്ട്‌. എന്നാൽ സൈറ്റ്‌ സന്ദർശകരുടെ എണ്ണത്തിലുപരിയായി ശ്രദ്ധിക്കേണ്ടത്‌ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ ഗൗരവം, ആധികാരികത എന്നിവയിലാണ്‌. ക്ഷണനേരം കൊണ്ട്‌ ലിങ്കുകൾ അപ്രത്യക്ഷമാകുന്ന, ആളെക്കൂട്ടാനായി അസത്യം പ്രചരിപ്പിക്കുന്ന, പാതി വെന്ത വാർത്തകൾ നിറഞ്ഞ ഒരു ഓൺലൈൻ പ്രസിദ്ധീകരണത്തിനും അധികനാൾ വായനക്കാരുടെ വിശ്വാസത്തിന്‌ പാത്രമാകാൻ കഴിയില്ലെന്ന ബോധ്യം ഉണ്ടായിരിക്കണം. സോഷ്യൽമീഡിയ പോസ്റ്റുകൾ സിറ്റിസൺ ജേർണലിസത്തിന്റെ കർത്തവ്യം കൂടി ഏറ്റെടുക്കുന്ന ഈ കാലത്ത്‌ കൂടുതൽ തെളിച്ചത്തോടെയും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കാനും പ്രചരിക്കാനും ഇന്ത്യൻഎക്സ്‌പ്രസ്‌ മലയാളം പോർട്ടലിന്‌ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

മുഹമ്മദ് സുഖ്‌റബി- ജേണലിസം വിദ്യാർഥി
പരമ്പരാഗത മാധ്യമങ്ങൾക്ക് ഒരു വാർത്തയെ ഒളിപ്പിച്ച് വയ്ക്കാൻ കഴിയാത്ത കാലമാണിത്. നവമാധ്യമങ്ങൾ ആർജ്ജവത്തോടെ ഏറ്റെടുക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഗത്യന്തരമില്ലാതെ പത്രങ്ങൾക്ക് പിന്നീട് എഴുതേണ്ടി വരുന്നതും ഇതുകൊണ്ടാണ്. അതുകൊണ്ടു തന്നെ, പത്രമുത്തശ്ശിമാർ വരെ അച്ചടി നിർത്തി ഫുൾടൈം ഓൺലൈനിലേക്ക് ലോഗിൻ ചെയ്യുന്ന ഈ കാലത്ത് ഡിജിറ്റൽ മാധ്യമപ്രവർത്തനത്തിനു സമൂഹത്തോട് വലിയ ഉത്തരവാദിത്തങ്ങളുണ്ട്. രാവിലെ മുറ്റത്തേക്ക് വരുന്ന ഒരൊറ്റ അപ്ഡേറ്റ് ഒക്കെ ഔട്ട്ഡേറ്റ് ആയിരിക്കുന്നു. പക്ഷെ ഓൺലൈനിൽ നിമിഷങ്ങൾക്കുള്ളിൽ വരുന്ന പുതിയ പുതിയ വാർത്തകൾ എല്ലാം യാഥാർത്ഥ്യത്തോട് ചേർന്ന് പോകുന്നതാണോ എന്നു ചിന്തിക്കേണ്ടതുണ്ട്. വേഗതക്കൊപ്പം സത്യം ചോർന്ന് പോകാതെ നോക്കലാണ് ഡിജിറ്റൽ മാധ്യമപ്രവർത്തനത്തിനുള്ള വെല്ലുവിളി. ഇരുപത്തിനാലു മണിക്കൂറും കെടാതെ കത്തുന്ന ആ പച്ച ലൈറ്റ് നേരിന്റേയും ജാഗ്രതയുടേതുമാവട്ടെ.

പാർവ്വതി -നടി, ആക്ടിവിസ്റ്റ്
ഓൺലൈൻ വാർത്തകൾ ശ്യാസം മുട്ടിക്കുന്ന ഈ കാലഘട്ടത്തിൽ ചായ്‌വുകളില്ലാതെ, നേരു പറയുന്ന ആധികാരികതയാണ് ആവശ്യം.

നദി- എഴുത്തുകാരൻ, ആക്ടിവിസ്റ്റ്
പൊലീസും ഭരണകൂടവും പടച്ചു വിടുന്ന വാർത്തകൾ അതേ പോലെ പ്രസിദ്ധീകരിക്കുകയാണ് പലപ്പോഴും മാധ്യമങ്ങൾ ചെയ്തു പോരുന്ന രീതി, ഡിജിറ്റൽ മാധ്യമ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ പ്രിൻസിപ്പിൾ സഡൻ ഫീഡ്ബാക് വായനക്കാരന് നൽകാൻ കഴിയുമെന്നുള്ളതാണ്. പ്രൈമറി സോഴ്സിൽ നിന്നു വാർത്ത ചെയ്യേണ്ടിവരുന്നില്ല എന്നത് കൊണ്ട് എന്തും എഴുതി മാതൃക തുടരാൻ തന്നെയാണുദ്ദേശ്യമെങ്കിൽ പുതിയ ഒരു പോർട്ടലിന്റെ കൂടി ആവശ്യം ഇന്നിവിടെ ഉണ്ടെന്ന അഭിപ്രായം എനിക്കില്ല

മേതിൽ ദേവിക- നർത്തകി
ഡിജിറ്റല്‍ ലോകത്തിന്‍റെ ഉപഭോക്താക്കള്‍ യുവ തലമുറയാണന്നിരിക്കെ, ഉളളടക്കത്തിന്റെ ഡിസൈനില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വേണ്ടി വരും. പ്രത്യേകിച്ചും മാക്സിമം വ്യൂസ് ക്വാളിറ്റി റീഡിങ് ക്വാളിറ്റി റീഡേഴ്സ് എന്നീ മൂന്ന് ബിന്ദുക്കളിലായി അതിനെ ബാലൻസ് ചെയ്യേണ്ടി വരുമ്പോള്‍ വാര്‍ത്തകള്‍ ഇന്‍സ്റ്റന്റ് ആകുന്നു; പ്രതികരണങ്ങളും, അതിനോടൊപ്പമുള്ള ചര്‍ച്ചകളും. ഒരര്‍ത്ഥത്തില്‍ ഈ പ്രതികരണങ്ങളും ചര്‍ച്ചകളും തന്നെയാണ് വാര്‍ത്തയുടെ മൂല്യത്തെയും, വായിക്കുന്നവരുടെ നിലവാരത്തെയും സൂചിപ്പിക്കുന്നത്, വാര്‍ത്തെടുക്കുന്നത്. ഡിജിറ്റല്‍ അങ്ങനെ പുതിയ കാലത്തിന്‍റെ mainstream ആകുന്നു. വായനയിലെയും കാഴ്ചയിലെയും വൈവിധ്യം, ലൈവ് സ്ട്രീമിങ് എന്നിവ അത്യാവശ്യമെന്നു തോന്നുന്നു. ന്യൂസ്‌ ഇന്‍സ്റ്റന്റ് ആവുന്നതോടൊപ്പം accurate ആവണമെന്നും. മഞ്ഞ പത്രപ്രവര്‍ത്തനം പാടില്ല. ആളുകളുടെ സ്വകാര്യത മാനിക്കപ്പെടണം. ഗ്ലോബല്‍ ആവുമ്പോഴും ​ഇന്ത്യത്വം (indian-ness)കൈവിടാതിരിക്കണം. ക്ലീഷേ ഒഴിവാക്കണം. വാര്‍ത്ത ഫലവത്താവുന്നത് അവയ്ക്ക് ടോപ്‌ ഓഫ് ദി മൈന്‍ഡ് റീകാൾ ഉണ്ടാവുമ്പോഴാണ് എന്ന് കൂടി ഓര്‍ക്കണം. എല്ലാ ആശംസകളും.

ഡോ. പി.ജെ. വിൻസെന്റ്- ചരിത്രകാരൻ, നിയമസഭാ ജീവനക്കാരൻ
ഫാസിസത്തിന്‍റെ ഈ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഭരണഘടനയെ ഡിഫെണ്ട് ചെയ്യണം. വസ്തുനിഷ്ടവും സത്യസന്ധവുമായിരിക്കണം. ജനങ്ങളുടെ വികാരം പ്രതിഫലിക്കണം. വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കഴിയുന്നതും pointed ആകണം, ഫോക്കസ് നിലനിര്‍ത്തണം. ഒരു കോൺസ്റ്റിറ്റ്യൂൻസി ഉണ്ടാവണം, അത് ബഹു ജന കേന്ദ്രീക്രിതവുമാകണം.

ഉമ കുമാരപുരം-സംവിധായിക
ഇന്റര്‍നെറ്റ്‌ ഒരു നോളജ് പൂള്‍ ആണെന്ന് പറയാം. എന്തുമേതും, ഏതു സമയത്തും നമ്മുടെ വിരല്‍തുമ്പില്‍. അത്തരമൊരു വിവര ശേഖരം തീര്‍ത്തും ഉത്തരവാദിത്വത്തോടെ, പക്വതയോടെ കൈകാര്യം ചെയ്യപ്പെടെണ്ട ഒന്നാണെന്ന് വിശ്വസിക്കുന്നു. മാസ് മാനിപ്പുലേഷൻ ഇതിനു മുന്‍പൊരിക്കലും ഇത്ര എളുപ്പമായിട്ടില്ല. ഉപയോഗിക്കാന്‍ അറിയുന്നവരുടെ സ്വാര്‍ത്ഥവും കോര്‍പ്പറേറ്റും കമ്യൂണലുമായ താല്പര്യങ്ങളില്‍ കുടുങ്ങി കിടക്കേണ്ടതല്ല ഈ മീഡിയം. ഇതിന്‍റെ ജനാധിപത്യവും സാങ്കേതികവുമായ സാധ്യതകളെ വസ്തുനിഷ്ടമായി ജനങ്ങളിലേക്ക് എത്തിക്കുകയാണ് വേണ്ടത്.

ഭാഗ്യലക്ഷ്മി- ചലച്ചിത്ര പ്രവർത്തക
ഗോസിപ്പ് എന്ന വാക്കിന്റെ പര്യായമായി മാറിയിരിക്കുന്നു കേരളത്തിലെ ഓൺലൈൻ മാധ്യമങ്ങൾ. എന്തു പറഞ്ഞാലും അതിലെ അശ്ളീലം മാത്രം കാണുന്ന, വ്യക്തികളെ തേജോവധം ചെയ്യാനുള്ള ഒരായുധമായിത്തീർന്നിരിക്കുന്നു അവയിലൊട്ടു മിക്കതും. വാർത്തകളെ സെൻസേഷണലൈസ് ചെയ്യാതെ, വൈറലാക്കാൻ വേണ്ടി വളച്ചൊടിക്കാതെ, സത്യമായും സപഷ്ടമായുമുള്ള റിപ്പോർട്ടിങ്. അതാണ് നമുക്ക് വേണ്ടത്.

അശ്വനി ദ്രാവിഡ്- മാധ്യമപ്രവർത്തക
ഒരു ഇരു തലവാളാണ് ഡിജിറ്റല്‍ സ്പേസ്. ഒരു വശത്ത് കൂടി ഇന്‍ഫര്‍മേഷന്‍ കൈമാറുമ്പോള്‍, മറു വശത്ത് കൂടി മിസ്‌ ഇന്‍ഫര്‍മേഷനും കൈമാറപ്പെടുന്നു. ഇത് വേര്‍ തിരിച്ചറിയലാണ്, ആ sensitivityയാണ് പ്രധാനമായി വേണ്ടത്.

സിന്ധു നെപ്പോളിയൻ- ജേണലിസം വിദ്യാർത്ഥിനി, ഹൈദരാബാദ് യൂണിവേഴ്സ്റ്റി
പേജ് 3 പത്രപ്രവർത്തനമാണോ അതോ മുഖ്യധാരാ പത്രപ്രവര്‍ത്തനമാണോ മുഖമുദ്രയാവേണ്ടത് എന്ന് തീരുമാനിക്കേണ്ടത് മാധ്യമങ്ങള്‍ തന്നെയാണ്. ജനങ്ങള്‍ക്ക്‌ ഇഷ്ടമില്ലാത്തത് വായിക്കാതിരിക്കാനുള്ള സ്വാതന്ത്യമുണ്ടല്ലോ.

ബിജിബാൽ- സംഗീത സംവിധായകൻ
പത്രങ്ങൾ പൊതുവേ പക്ഷം പറയുന്നവരാണ്. രാഷ്ട്രീയത്തിന്റെ, ജാതിയുടെ, മതത്തിന്റെ, അധികാരത്തിന്റെ അങ്ങനെ അങ്ങനെ. പക്ഷമില്ലാത്തവർക്ക് ഒരു നിർവ്വികാരതയുമുണ്ട് താനും. എന്നാൽ നാം ആഗ്രഹിക്കുന്നത് ഇത് രണ്ടുമല്ല. ഇന്ത്യൻ ഭരണഘടന അനശാസിക്കുന്ന മൂല്യങ്ങൾ. അവയുടെ പക്ഷം പറയാൻ, സാധാരണക്കാരനോടൊപ്പം നിൽക്കുന്ന ഒരു മാധ്യമം. അതാണ് സ്വപ്നം.

ഡോ. ജ്യോതിദേവ്- ഡയബറ്റോളജിസ്റ്റ്
“വ്യത്യസ്തമാകണം” എന്നു പറയാൻ എളുപ്പമാണ്! ഞാൻ ആഗ്രഹിക്കുന്നത് അതല്ല; ഇംഗ്ലീഷിലുള്ളതുപോലെ പ്രധാന മലയാളവാർത്തകൾക്ക് മരണം ഉണ്ടാകരുത്. ഇന്ന് ഡിജിറ്റൽ മലയാളം വാർത്തകൾ മാസങ്ങൾക്കുള്ളിൽ ഇന്റർനെറ്റിൽ നിന്നും അപ്രത്യക്ഷമാകുന്ന അവസ്ഥയാണുള്ളത്. മലയാളം ഇന്ത്യൻ എക്സ്പ്രസ്സ് പതിറ്റാണ്ടുകൾ കഴിഞ്ഞാലും മലയാളികൾക്ക് വിശ്വാസത്തോടെ തിരഞ്ഞു വായിക്കുവാൻ കഴിയുന്ന ശാശ്വത സംവിധാനമായിരിക്കണം.

ഫേവർ ഫ്രാൻസിസ്- തിരക്കഥാകൃത്ത്
ഡിജിറ്റൽ ആയാലും പ്രിന്റ് ആയാലും മറ്റേതു രീതിയിലുള്ള മാധ്യമപ്രവർത്തനം ആയാലും അത് പാലിക്കേണ്ട രീതികളും മാനദണ്ഡങ്ങളും ഒന്ന് തന്നെയാണ്. ഇമ്മീഡിയസി അഥവാ വാർത്തകളും വിശേഷങ്ങളും ഏറ്റവും നേരത്തെ തന്നെ വായനക്കാരിൽ എത്തിക്കുക എന്ന കാര്യത്തിൽ ടെലിവിഷനെ കടത്തിവെട്ടാനുള്ള സാധ്യതകൾ ഓൺലൈൻ മാധ്യമങ്ങൾക്കുണ്ട്. തങ്ങളുടെ പ്രിന്റ് പതിപ്പിന്റെ ഒരു ഓൺലൈൻ ആർകൈവ് മാത്രമായി മാറാതെ ഓൺലൈൻ മാധ്യമങ്ങൾ തുറന്നു നൽകുന്ന അനന്തസാധ്യതകൾ ശരിയായി തിരിച്ചറിയുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു സംരഭമാകട്ടെ ഐഇ മലയാളം. എല്ലാ ആശംസകളും.

ഡോ. ഉഷി മോഹൻ ദാസ് – ദ് മൈൻഡ് വർക്ക് ഷോപ് സ്ഥാപക
സാധ്യതകളും പരിമിതികളുമടങ്ങുന്നതാണ് ഡിജിറ്റൽ ജേണലിസം. നിരന്തരത്വമാണ് ഡിജിറ്റൽ ജേണലിസത്തെ ശ്രദ്ധേയമായ സാധ്യത. ഈ മാധ്യമത്തിൽ വാർത്തകളെ തത്സമയം അറിയിക്കാൻ കഴിയുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏത് സമയത്തും വേഗത്തിൽ വാർത്തകളെ പുതുക്കി നൽകാൻ സാധിക്കുന്നു. ഇതിനൊപ്പം ഈ വാർത്തയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും നൽകാൻ കഴിയുന്നു. അപ്‌ലോഡ് ചെയ്യുന്ന വിവരം ലോകത്തെല്ലായിടത്തും എത്തുന്നു. മൾട്ടി മീഡിയയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നതിനാൽ ഡിജിറ്റൽ മാധ്യമങ്ങൾ വാർത്താ സൈറ്റുകൾ കൂടുതൽ വിജ്ഞാനദായകവും വിനോദപ്രദവുമായിട്ടുണ്ട്. ഡിജിറ്റൽ വാർത്തകൾ വേഗത്തിൽ ആർക്കൈവ് ചെയ്യാമെന്നതിനാൽ അതിന് പൊതുജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾക്കായുള്ള ഗവേഷണങ്ങൾക്കും അന്വേഷണങ്ങൾക്കും ഇത് സഹായകമാകും. തെറ്റായ വിവരം പകർന്നു നൽകാതിരിക്കാൻ പുതിയൊരു വിവരം വായനക്കാർക്ക് ലഭിക്കുന്നതിന് മുമ്പ് വസ്തുതകൾ ശരിയാണോ എന്ന് പരിശോധിക്കണം. സർവൈലൻസ്, സെൻസർഷിപ്പ്, സ്വകാര്യത എന്നീ വിഷയങ്ങൾ ഡിജിറ്റൽ ജേർണലിസത്തിന്റെ പരിമിതകളാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Perosns in different field opinion about online medias