ന്യൂഡൽഹി: കരസേനയിലെ കമാൻഡിങ് പോസ്റ്റിലേക്ക് വനിതകളെ നിയമിക്കാൻ കഴിയില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെ വിമർശിച്ച് സുപ്രീം കോടതി. വനിതകൾക്ക് സ്ഥിരം കമ്മിഷൻ പദവി നൽകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

വനിതാ ഓഫിസർമാർക്ക് സ്ഥിരം കമ്മിഷൻ പദവി നൽകണമെന്ന ഡൽഹി ഹൈക്കോടതിയുടെ 2010 ഉത്തരവ് കേന്ദ്ര സർക്കാർ പാലിച്ചില്ലെന്നും അതിനുളള വിശദീകരണം ലിംഗവിവേചനത്തിൽ ഊന്നിയുളളതാണെന്നും കോടതി  ചൂണ്ടിക്കാട്ടി. കരസേനയിലെ എല്ലാ വനിതാ ഓഫീസർമാർക്കും അവരുടെ സേവനകാലം പരിഗണിക്കാതെ സ്ഥിരം കമ്മിഷൻ പദവി നൽകണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു.

സായുധ സേനയ്ക്ക് സ്ത്രീകൾ നൽകിയ സംഭാവനകളെ ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, വനിതാ ഉദ്യോഗസ്ഥർക്ക് അവസരം നിഷേധിക്കുന്നതിനുള്ള കാരണമായി കേന്ദ്രസർക്കാർ ഉയർത്തിക്കാട്ടിയ ശാരീരിക പരിമിതികളും സാമൂഹിക മാനദണ്ഡങ്ങളും അംഗീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞു.

കമാൻഡിങ് പദവികളിൽനിന്നു വനിതകളെ പൂർണമായി ഒഴിവാക്കുകയും അവരെ താഴെത്തട്ടിലുളള പദവികളിൽ മാത്രം നിയമിക്കുകയും ചെയ്യുന്നത് നീതീകരിക്കാനാകാത്തതാണെന്നും കമാൻഡിങ് പദവികളിലേക്ക് അവരെയും പരിഗണിക്കണമെന്നും വ്യക്തമാക്കി.

Read Also: കശ്മീർ വിഷയത്തിൽ മധ്യസ്ഥത: യുഎൻ സെക്രട്ടറി ജനറലിന്റെ നിർദേശം തള്ളി ഇന്ത്യ

പുരുഷന്മാരെപ്പോലെ സൈിക യൂണിറ്റുകളിലെ തലപ്പത്ത് എത്താൻ വനിതകൾക്കും അവകാശമുണ്ട്. സൈന്യത്തിൽ ശരിയായ തുല്യത കൊണ്ടുവരണമെന്നും ലിംഗ വിവേചനം പാടില്ലെന്നും കോടതി നിരീക്ഷിച്ചു.

സൈന്യത്തിലെ കമാന്‍ഡര്‍ പോസ്റ്റുകളിലേക്ക് വനിതകളെ നിയമിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് സേനയിലെ വനിതാ ഓഫിസർമാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹർജി നേരത്തെ പരിഗണിക്കവേ പുരുഷ സൈനികര്‍ വനിത കമാന്‍ഡര്‍മാരുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ മാനസികമായി തയാറല്ലെന്നും വനിതകളെ കമാന്‍ഡര്‍ പോസ്റ്റില്‍ നിയമിച്ചാല്‍ അത് സൈന്യത്തിന്റെ പ്രവര്‍ത്തന രീതിയെ ബാധിക്കുമെന്നുമായിരുന്നു കേന്ദ്രസർക്കാരിന്റെ മറുപടി. സർക്കാരിന്റെ ഈ വാദം സുപ്രീം കോടതി തളളിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook