കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായുള്ള, തന്റെ അമ്മയുടെ പോരാട്ടത്തിന്റെ ഫലമാണ് ഈ വിജയമെന്നാണ് സുപ്രീം കോടതി തന്നെ മോചിപ്പിക്കാൻ ഉത്തരവിട്ട് മണിക്കൂറുകൾക്ക് ശേഷം എ ജി പേരറിവാളൻ പറഞ്ഞത്. സത്യസന്ധതയാണ് തനിക്കും അമ്മ അർപ്പുതമ്മാളിനും ഇത്രയും കാലം പോരാടാനുള്ള കരുത്ത് നൽകിയതെന്നും പേരറിവാളൻ പറഞ്ഞു. തമിഴ്‌നാട്ടിലെ ജോലാർപേട്ടയിലെ തന്റെ വീടിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഈ വർഷങ്ങളിൽ അവൾ ഒരുപാട് അപമാനങ്ങളും അധിക്ഷേപങ്ങളും വേദനകളും നേരിട്ടിട്ടുണ്ട്. എന്നിട്ടും 31 വർഷമായി അവർ (അമ്മ) നീതിക്കുവേണ്ടി പോരാടി. ഈ കേസിൽ ഞങ്ങൾ കൈക്കൊണ്ട സത്യസന്ധതയാണ് ഞങ്ങൾ രണ്ടുപേർക്കും ഈ യുദ്ധത്തിൽ പോരാടാനുള്ള കരുത്ത് നൽകിയത്,” പേരറിവാളൻ പറഞ്ഞു. അമ്മയുടെ പോരാട്ടത്തിന്റെ വിജയമാണ് വിധിയെന്നും പേരറിവാളൻ പറഞ്ഞു.
“ഞാൻ ഇപ്പോൾ പുറത്ത് വന്നതേയുള്ളൂ. 31 വർഷത്തെ നിയമപോരാട്ടം. എനിക്ക് ശ്വസിക്കണം. എനിക്കിത്തിരി സമയം തരൂ,” ഇനിയെന്ത് ചെയ്യും എന്ന ചോദ്യത്തിന് പേരറിവാളൻ പറഞ്ഞു.
“നല്ലത് നിലനിൽക്കും, തിന്മ വീഴും എന്നതാണ് പ്രകൃതിയുടെ നിയമം,” എന്നും ഒരു തിരുക്കുറൽ ഈരടി ഉദ്ധരിച്ച് പേരറിവാളൻ പറഞ്ഞു.
തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും നിരന്തരമായ പിന്തുണ നൽകിയതിന് പേരറിവാളൻ നന്ദി പറഞ്ഞു. “ഇത്തരത്തിലുള്ള ബന്ധങ്ങൾ ഉണ്ടാകുന്നത് വളരെ അപൂർവമാണെന്ന് ഞാൻ കരുതുന്നു. അവരുടെ സ്നേഹവും വാത്സല്യവുമാണ് എന്നെ ഇത്രയും ദൂരം എത്തിച്ചത്,” അദ്ദേഹം പറഞ്ഞു.
“ഇത് ഞങ്ങളുടെ മാത്രം പോരാട്ടമല്ല. ഇതിന് പിന്നിൽ ഒരുപാട് പേരുണ്ട്. അവർ നമുക്ക് വേണ്ടി പോരാടി. സാധ്യമാകുമ്പോഴെല്ലാം, ഞാൻ എല്ലാവരേയും സന്ദർശിക്കുകയും അവരോട് നന്ദി പറയുകയും ചെയ്യും, ”അദ്ദേഹം കൂട്ടിച്ചേർത്തു.
പേരറിവാളന്റെ അമ്മ അർപ്പുതമ്മാൾ തന്റെ യാത്രയിൽ നൽകിയ പിന്തുണയ്ക്ക് എല്ലാവർക്കും നന്ദി പറഞ്ഞു. “കഴിഞ്ഞ 31 വർഷത്തെ ഞങ്ങളുടെ പോരാട്ടത്തെക്കുറിച്ച് നിങ്ങൾക്കെല്ലാം അറിയാം. നിങ്ങൾ എല്ലാവരും എന്നെ പിന്തുണച്ചു, അതിന് ഞാൻ നന്ദി പറയുന്നു. ചിന്തിച്ചാൽ മാത്രമേ ജീവിതത്തിന്റെ ഭൂരിഭാഗവും ജയിലിനുള്ളിൽ കഴിഞ്ഞ ഒരാളുടെ വേദന അറിയൂ. എന്റെ മകൻ ഇപ്പോൾ അത് മറികടന്നു,” അവർ പറഞ്ഞു.
പേരറിവാളന്റെ ഭാവി പരിപാടികൾ എന്തായിരിക്കുമെന്ന ചോദ്യത്തിന്, അടുത്തതായി എന്തുചെയ്യണമെന്ന് ഞങ്ങൾ കുടുംബമായി തീരുമാനിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ കുയിൽത്താശന്റെ മറുപടി.