ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി എ ജി പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെ ജോലാർപേട്ടയിലെ വസതിയിൽ ആഘോഷവുമായി പേരറിവാളനും കുടുംബവും. ബന്ധുക്കൾക്കും നാട്ടുകാർക്കും മധുരം വിതരണം ചെയ്താണ് സുപ്രീംകോടതി വിധി കുടുംബം ആഘോഷമാക്കിയത്.
31 വർഷത്തെ അമ്മയുടെ പോരാട്ടത്തിന് ഒടുവിൽ ഫലം ലഭിച്ചുവെന്ന് പേരറിവാളൻ പറഞ്ഞു. പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നതായി അമ്മ അർപ്പുതമ്മാൾ പറഞ്ഞു. “31 വർഷത്തിലേറെയായി എന്റെ മകന് നീതി ലഭിക്കാനായി ഞാൻ പോരാടുകയാണ്. നിങ്ങളെല്ലാവരും എന്നെ പിന്തുണച്ചു. അതിനു എല്ലാവർക്കും നന്ദി. നന്ദിയല്ലാതെ മറ്റെന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല.” അമ്മ പറഞ്ഞു.
“ഇരുന്ന് ചിന്തിച്ചാൽ മാത്രമേ 31 വർഷം ജയിലിൽ കഴിഞ്ഞ ഒരാളുടെ വേദന അറിയൂ. എന്റെ മകൻ ഇപ്പോൾ അത് മറികടന്നു.” അവർ പറഞ്ഞു. എല്ലാവിധ പിന്തുണയും നൽകിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മറ്റു നേതാക്കൾക്കും അർപ്പുതമ്മാൾ നന്ദി പറഞ്ഞു.
ഇന്ന് രാവിലെയാണ് പേരറിവാളനെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടത്. 31 വർഷത്തെ ജയിൽ ജീവിതത്തിന് ശേഷമാണ് മോചനം. ഭരണഘടനയുടെ 142-ാം അനുഛേദം ഉപയോഗിച്ചാണ് സുപ്രീംകോടതിയുടെ വിധി.
1991 ജൂൺ 11 നാണ് പേരറിവാളൻ കേസിൽ അറസ്റ്റിലാകുന്നത്. അന്ന് 19 വയസ്സായിരുന്നു. ഗൂഢാലോചനയുടെ സൂത്രധാരനായ എൽ.ടി.ടി.ഇക്കാരനായ ശിവരാസനുവേണ്ടി രണ്ട് ഒമ്പത് വോൾട്ട് ‘ഗോൾഡൻ പവർ’ ബാറ്ററി സെല്ലുകൾ വാങ്ങി നൽകിയെന്നാരോപിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 1999 മെയ് മാസത്തിൽ പേരറിവാളനെ വധശിക്ഷയ്ക്ക് വിധിച്ചു. എന്നാൽ 2014ൽ, അദ്ദേഹത്തിന്റെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു.
Also Read: രാജീവ് ഗാന്ധി വധക്കേസ്: പ്രതി പേരറിവാളന് 31 വർഷത്തിന് ശേഷം മോചനം