ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്ക് എതിരായ എല്ലാ കേസുകളും പെപ്സിക്കോ കമ്പനി പിന്‍വലിച്ചു

ഒമ്പത് കര്‍ഷകരില്‍ ഓരോരുത്തരും 1.05 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ കേസുകള്‍ അടക്കമാണ് കമ്പനി പിന്‍വലിച്ചത്

ന്യൂഡല്‍ഹി: ലെയ്സ് ചിപ്സ് ഉണ്ടാക്കുന്ന പ്രത്യേക ഇനത്തില്‍ പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്ത കര്‍ഷകര്‍ക്ക് എതിരായ എ്ലലാ കേസുകളും പെപ്സിക്കോ കമ്പനി പിന്‍വലിച്ചു. ഒമ്പത് കര്‍ഷകരില്‍ ഓരോരുത്തരും 1.05 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ കേസുകള്‍ അടക്കമാണ് കമ്പനി പിന്‍വലിച്ചത്.

തങ്ങളുടെ പേറ്റന്റ് ലംഘിച്ച് ഉരുളക്കിഴങ്ങ് കൃഷി ചെയ്‌തെന്നായിരുന്നു കമ്പനിയുടെ പരാതി. പെപ്‌സികോയ്ക്ക് പേറ്റന്റ് അവകാശമുള്ള എഫ്‌സി 5 വിഭാഗത്തില്‍ പെടുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിനെ തുടര്‍ന്നായിരുന്നു കമ്പനി കര്‍ഷകര്‍ക്കെതിരെ കേസ് നല്‍കിയത്. ലെയ്‌സിന്റെ നിര്‍മ്മാണത്തിന് വേണ്ടി മാത്രമുള്ളതായിരുന്നു ഈ ഉരുളക്കിഴങ്ങ്.

നാല് കര്‍ഷകര്‍ക്കെതിരെ ലോസ്യൂട്ട് സമര്‍പ്പിക്കുകയും മറ്റ് അഞ്ചുപേര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു പെപ്‌സിക്കോ. ”സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ കര്‍ഷകര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ പെപ്‌സികോ തയ്യാറായിട്ടുണ്ട്. ഒമ്പത് പേര്‍ക്കെതിരായ നടപടികളും പിന്‍വലിക്കും” എന്ന് പെപ്‌സികോയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

പൊട്ടറ്റോ ചിപ്‌സ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മോയിസ്റ്റര്‍ കണ്ടന്റ് കുറവുള്ള എഫ്‌സി 5 വിഭാഗത്തില്‍ പെടുന്ന ഉരുളക്കിഴങ്ങ് തങ്ങളാണ് വികസിപ്പിച്ചെടുത്തതെന്നും 2016 ല്‍ അതിന്റെ പേറ്റന്റ് നേടിയതായും കമ്പനി പറയുന്നു. ഏപ്രിലിലാണ് പെപ്‌സികോ കര്‍ഷകര്‍ക്കെതിരെ കോടതിയെ സമീപിച്ചത്. കര്‍ഷകരില്‍ നിന്നും 10 മില്യണ്‍ രൂപയുടെ നഷ്ടപരിഹാരവും കമ്പനി ആവശ്യപ്പെട്ടിരുന്നു.

ഇതേതുടര്‍ന്ന് കര്‍ഷകര്‍ക്ക് പിന്തുണയുമായി ഗുജറാത്ത് സര്‍ക്കാര്‍ രംഗത്തെത്തുകയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും പെപ്‌സികോയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. പെപ്‌സികോ തങ്ങളുടെ ഇന്ത്യയിലെ ആദ്യ പൊട്ടറ്റോ ചിപ്‌സ് പ്ലാന്റ് നിര്‍മ്മിക്കുന്നത് 1989 ലാണ്. കമ്പനി നല്‍കുന്ന എഫ്‌സി 5 ഉരുളക്കിഴങ്ങ് വിത്ത് നട്ട് വളര്‍ത്തി വിളവെടുത്ത ശേഷം നിശ്ചിത തുകയ്ക്ക് കര്‍ഷകര്‍ കമ്പനിക്ക് തന്നെ നല്‍കുന്നതാണ് രീതി.

കമ്പനി കര്‍ഷകര്‍ക്കെതിരെ കോടതിയെ സമീപിച്ചതോടെ പെപ്‌സികോയ്‌ക്കെതിരെ വന്‍തോതില്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി പ്രതിഷേധവും ഉയര്‍ന്നിരുന്നു. ബോയ്‌ക്കോട്ട് ലെയ്‌സ്, ബോയ്‌ക്കോട്ട് പെപ്‌സിക്കോ എന്നീ ഹാഷ് ടാഗുകളോടെയായിരുന്നു ക്യാമ്പയിന്‍. ഫെയ്‌സ്ബുക്കിലും ട്വിറ്ററലുമെല്ലാം ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

വിവാദത്തെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച, കേസ് ഒത്തുതീര്‍പ്പാക്കാം എന്ന് കാണിച്ചു കൊണ്ട് പെപ്‌സികോ കര്‍ഷകരെ സമീപിച്ചിരുന്നു. എന്നാല്‍ അപ്പോഴും ഉരുളകിഴങ്ങു വിത്തുകള്‍ തങ്ങളില്‍ നിന്ന് മാത്രമേ വാങ്ങാവൂ എന്നും വിളകള്‍ തങ്ങള്‍ക്ക് മാത്രമേ വില്‍ക്കാവൂ എന്നും കമ്പനി വ്യവസ്ഥ വെച്ചിരുന്നു.

Web Title: Pepsico withdraws all cases against potato farmers

Next Story
പാക്കിസ്ഥാനില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം; സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടു
The moderation of comments is automated and not cleared manually by malayalam.indianexpress.com