വുഹാൻ: ‘ഒ’ രക്തഗ്രൂപ്പ് ഉള്ളവർക്ക് പുതിയ കൊറോണ വെെറസിനെ (കോവിഡ്-19) പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണെന്ന് പഠനം. ‘എ’ ഗ്രൂപ്പുകാർക്ക് കൊറോണ വെെറസ് അതിവേഗം ബാധിക്കാൻ സാധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നു. ചെെനയിൽ നടന്ന പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ചെെനയിൽ കോവിഡ്-19 ബാധിച്ചവരിൽ നടത്തിയ പഠനങ്ങളിൽ നിന്നാണ് ഇത്തരം വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ചെെനയിലെ ആരോഗ്യ ഗവേഷകർ പുതിയ കൊറോണ വെെറസ് ബാധ പൊട്ടിപ്പുറപ്പെട്ട വുഹാനിലും ഷെൻഷെനിലുമാണ് പഠനം നടത്തിയത്. 2,000 ത്തോളം രക്തസാംപിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. രക്തഗ്രൂപ്പ് ‘എ’ ആയ രോഗബാധിതരിൽ ഉയർന്ന തോതിലുള്ള കൊറോണ അണുബാധ കാണിക്കുന്നുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. മറ്റുള്ള രോഗബാധിതരിൽ നിന്നു വ്യത്യസ്തമായി ‘എ’ ഗ്രൂപ്പുകാരിൽ കൊറോണയുടെ കൂടുതൽ ലക്ഷണങ്ങൾ കാണാനുണ്ടെന്നാണ് പഠനം. ഇത് പ്രാഥമിക പഠനം മാത്രമാണെന്നാണ് ആരോഗ്യ ഗവേഷകരുടെ അഭിപ്രായം.
Read Also: കേരളത്തിൽ പുതിയ കേസുകളില്ല, അതീവ ജാഗ്രത തുടരുന്നു
രക്തഗ്രൂപ്പ് ‘ഒ’ ആയവരിൽ കൊറോണ വെെറസ് പ്രതിരോധശേഷി മറ്റുള്ളവരിൽ നിന്ന് കൂടുതലാണ്. ഇവരിൽ അണുബാധയ്ക്കുള്ള സാധ്യത താരതമ്യേന കുറവാണ്. കൊറോണ ലക്ഷണങ്ങൾ ഇവരിൽ കുറവാണെന്നും പഠനത്തിൽ പറയുന്നു. കോവിഡ് 19 ബാധിച്ച് വുഹാനിൽ മരിച്ച 206 പേരിൽ 85 പേരും ‘എ’ ഗ്രൂപ്പ് രക്തം ഉള്ളവരാണ്. മരിച്ചവരിൽ 63 ശതമാനവും ‘എ’ ഗ്രൂപ്പുകാർ.
അതേസമയം, ലോകത്താകമാനം കൊറോണ ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 7,980 പേരാണ് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത്. ചെെനയിൽ മരണസംഖ്യ 3,237 ആയി. ഇറ്റലിയിൽ മരണസംഖ്യ ക്രമാതീതമായി ഉയരുന്നു. ഇതുവരെ കൊറോണ ബാധിച്ച് ഇറ്റലിയിൽ മരിച്ചത് 2,503 പേർ മരിച്ചു. ഇന്നലെ മാത്രം 345 പേർ മരിച്ചു. ഇന്ത്യയിൽ 165 രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
Read Also: Horoscope Today March 18, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ഇന്ത്യയിൽ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 143 ആയി ഉയർന്നു. മൂന്ന് പേരാണ് ഇന്ത്യയിൽ കോവിഡ് മൂലം മരിച്ചത്. ഇന്നലെ മാത്രം ഇന്ത്യയിൽ പുതിയ 14 കേസുകൾ റിപ്പോർട്ട് ചെയ്തു. അതീവ ജാഗ്രതയിലാണ് രാജ്യം കൊറോണയെ നേരിടുന്നത്. ഇന്നലെ രാത്രി പശ്ചിമ ബംഗാളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിലെ ആദ്യ കോവിഡ് പോസിറ്റീവ് കേസാണിത്. ഇയാൾ ഇംഗ്ലണ്ടിൽ നിന്നു എത്തിയതാണ്.