പട്ന: അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ബിഹാറിൽ മത്സരിക്കാനുളള സീറ്റ് ഫോര്‍മുല ജെഡിയുവും ബിജെപിയും പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവും മുന്‍ സഖ്യകക്ഷി നേതാവായ ഉപേന്ദ്ര ഖുശ്വാഹയും രംഗത്ത്. ബിജെപിയും ജെഡിയുവും 17 വീതം സീറ്റുകളിൽ മത്സരിക്കാനാണ് തീരുമാനമായത്. എൽജെപിക്ക് ആറ് സീറ്റുകൾ നൽകാനും ധാരണയായി.
കഴിഞ്ഞ തിരഞ്ഞെടുപ്പിലേക്കാള്‍ കുറഞ്ഞ സീറ്റുകളില്‍ ബിജെപി മത്സരിക്കുന്നത് പാര്‍ട്ടിയുടെ ആത്മവിശ്വാസം തകര്‍ന്നതിന്റെ സൂചനയാണെന്ന് തേജസ്വി യാദവ് പറഞ്ഞു. ’30 ലോക്സഭാ സീറ്റുകളില്‍ 2014ല്‍ 22 സീറ്റുകളില്‍ മത്സരിച്ച ബിജെപി തങ്ങള്‍ മത്സരിക്കുന്ന അത്രയം സീറ്റ് തന്നെ നിതീഷ് കുമാറിന്റെ ജെഡിയുവിനും നല്‍കുകയാണ്. എന്‍ഡിഎയുടെ ദയനീയ അവസ്ഥ നിങ്ങള്‍ക്ക് ഇതിലൂട കാണാന്‍ കഴിയും,’ യാദവ് പറഞ്ഞു.
56 ഇഞ്ചെന്ന് ഒരു കാലത്ത് പുകഴ്ത്തിയവര്‍ ഇപ്പോള്‍ നിതീഷ് കുമാറിന്റെ കാലില്‍ വീണെന്ന് കുശ്വാഹ പറഞ്ഞു. ’56 ഇഞ്ച് നെഞ്ചളവിനെ കുറിച്ച് ബിജെപി എപ്പോഴും പറയുമായിരുന്നു. ആ 56 ഇഞ്ചുകാരാണ് ഇപ്പോള്‍ നിതീഷ് കുമാറിന്റെ മുമ്പില്‍ കുമ്പിട്ട് നില്‍ക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, എൽജെപി നേതാവ് രാംവിലാസ് പാസ്വാൻ എന്നിവരുമായി അമിത് ഷാ നടത്തിയ ചർച്ചക്കൊടുവിലാണ് സീറ്റ് സംബന്ധിച്ച് ധാരണയായത്. രാംവിലാസ് പാസ്വാന്‍ ഹാജിപൂരില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കില്ല. പകരം അദ്ദേഹത്തിന് രാജ്യസഭാ സീറ്റാണ് നല്‍കുക.
‘വളരെ നേരം നീണ്ടു നിന്ന ചര്‍ച്ചയ്ക്കൊടുവില്‍ ബിജെപി 17 സീറ്റിലും ജെഡിയു 17 സീറ്റിലും മത്സരിക്കാന്‍ ധാരണയായി. എല്‍ജെപി ബിഹാറില്‍ നിന്നും 6 സീറ്റുകളില്‍ മത്സരിക്കും. അടുത്ത തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായിരിക്കും രാംവിലാസ് പാസ്വാന്‍. 2014ലേതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എന്‍ഡിഎ 2019ല്‍ വിജയിക്കുമെന്നാണ് മൂന്ന് പാര്‍ട്ടികളും ശക്തമായി വിശ്വസിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കേന്ദ്രത്തില്‍ മന്ത്രിസഭ രൂപീകരിക്കുമെന്നും ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു,’ അമിത് ഷാ പറഞ്ഞു.
ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയെന്നും അടുത്ത പൊതുതിരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാൻ തീരുമാനിച്ചുവെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.