ന്യൂഡൽഹി: കൊറോണയ്ക്ക് പിന്നാലെ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണണമെന്ന് ആർബിഐ മുൻ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഒരുപക്ഷേ ഇന്ത്യ അഭിമുഖീകരിച്ച ഏറ്റവും വലിയ സാമ്പത്തിക അടിയന്തരാവസ്ഥയാണ് രാജ്യം ഇപ്പോഴനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘സമീപകാല ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി’ എന്ന പേരിലുള്ള ബ്ലോഗിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

“2008-2009 ലുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി വലിയൊരു ഞെട്ടലുണ്ടാക്കിയതാണ്. എന്നാല്‍ നമ്മുടെ തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയുമായിരുന്നു, ധനകാര്യ സംവിധാനം ഏറെക്കുറെ മികച്ചതായിരുന്നു, സര്‍ക്കാര്‍ ധനസ്ഥിതി ആരോഗ്യകരമായിരുന്നു. കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്ന ഇന്ന് അങ്ങനെയല്ല സ്ഥിതി,” അദ്ദേഹം പറഞ്ഞു.

Read More: കോവിഡ് പ്രതിരോധം: ആരോഗ്യവകുപ്പിനും പത്തനംതിട്ടയ്ക്കും കേന്ദ്രത്തിന്റെ അഭിനന്ദനം

വൈറസ് നിയന്ത്രിച്ചതിനുശേഷം സ്വീകരിക്കേണ്ട നടപടികൾ ആസൂത്രണം ചെയ്യാൻ അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

“വൈറസിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ക്കൂടിയും ലോക്ഡൗണിന് ശേഷം എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് നമ്മള്‍ പദ്ധതി തയ്യാറാക്കണം. ഇത്രയേറെ ദിവസങ്ങള്‍ രാജ്യം അടച്ചുപൂട്ടിയിടുക എന്നത് വളരെയേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കാര്യമാണ്. അതുകൊണ്ട് വൈറസ് വ്യാപനം അധികം ഇല്ലാത്ത സ്ഥലങ്ങളെ എങ്ങനെ പഴയ രീതിയിലേക്കെത്തിക്കാം എന്നതിനെക്കുറിച്ച് ആലോചിക്കണം.”

സമ്പദ് വ്യവസ്ഥ പുനരാരംഭിക്കുന്നതിന്, ആരോഗ്യമുള്ള യുവാക്കളെ ജോലിസ്ഥലത്തിനടുത്തുള്ള ഹോസ്റ്റലുകളില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെട്ട് നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പാദകര്‍ക്ക് അവരുടെ വിതരണ ശൃംഖല സജീവമാക്കേണ്ടതിനെക്കുറിച്ചും സര്‍ക്കാര്‍ ചിന്തിക്കണം.

ദരിദ്രരും ശമ്പളമില്ലാത്തവരുമായ ആളുകൾക്ക് അടിയന്തിര ശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം തന്റെ ബ്ലോഗിലൂടെ സംസാരിച്ചു.

പലരും പറയുന്നതു പോലെ നേരിട്ടുള്ള കൈമാറ്റം ഭൂരിഭാഗം വീടുകളിലേക്കും എത്തിച്ചേരാം, എന്നാല്‍ എല്ലായിടത്തേക്കും എത്തണമെന്നില്ല. തന്നെയുമല്ല ഒരു മാസത്തേക്ക് അത് അപര്യാപ്തമാണെന്നും തോന്നുന്നു. ഇതിനകം അന്തരഫലം നാം കണ്ടു – കുടിയേറ്റ തൊഴിലാളികളുടെ പാലായനം. അടുത്തത് അതിജീവിക്കാനാകാതെ വരുമ്പോള്‍ ലോക്ക്ഡൗണിനെ ലംഘിച്ച് അവര്‍ ജോലിക്ക് പോകുന്നതായിരിക്കും കാണേണ്ടി വരിക.’രഘുറാം പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook