ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജീവിക്കുന്നത് സുരക്ഷിതമല്ല എന്നു കരുതുന്നവരെ ബോംബിട്ട് കൊല്ലണമെന്ന് ബിജെപി എംഎല്‍എ വിക്രം സൈനി. മുസാഫര്‍നഗര്‍ എംഎല്‍എയാണ് വിക്രം സൈനി.
‘ഇന്ത്യയില്‍ ജീവിക്കുന്നത് സുരക്ഷിതമല്ലെന്നും, ജീവന് ഭീഷണിയുണ്ടെന്നും കരുതുന്നവരെ ബോംബിടണം. എനിക്കൊരു മന്ത്രിസഭ തരൂ, അത്തരക്കാരെ ഞാന്‍ ബോംബിടാം. ഒരാളെപോലും വെറുതെ വിടില്ല,’ വിക്രം സൈനി പറയുന്ന 74 സെക്കന്‍ഡ് വീഡിയോ എഎന്‍ഐ പുറത്തുവിട്ടു. ഇത്തരം ആളുകള്‍ രാജ്യദ്രോഹികള്‍ ആണെന്നും അവരെ കൈകാര്യം ചെയ്യുന്നതിനായുള്ള നടപടികള്‍ ഒരുക്കണമെന്നും വിക്രം സൈനി പറയുന്നു.
‘അവര്‍ ശിക്ഷിക്കപ്പെടണം. അവര്‍ ഈ രാജ്യം വിട്ടു പോകണം. നിങ്ങളുടെ രാജ്യത്തോട് യാതൊരു സ്‌നേഹവുമില്ലെങ്കില്‍ എന്തിനാണ് പിന്നെ ഇവിടെ തുടരുന്നത്? ഇവിടെ സുരക്ഷിതമല്ലെന്നു തോന്നുന്നെങ്കില്‍, നിങ്ങള്‍ക്ക് സുരക്ഷിതമെന്നു കരുതുന്ന ഇടങ്ങളിലേക്ക് പോകൂ. ആരാണ് നിങ്ങളെ തടയുന്നത്?,’ സൈനി ചോദിക്കുന്നു.
ഇത് ആദ്യമായല്ല സൈനി ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നത്. 2007ല്‍, പശുക്കളെ ബഹുമാനിക്കാത്തവരുടെ കൈകാലുകള്‍ വെട്ടുമെന്ന് സൈനി ഭീഷണി മുഴക്കിയിരുന്നു. ‘വന്ദേ മാതരം എന്ന് പറയാന്‍ മടിക്കുന്നവരുടേയും, ഭാരത് മാതാ കി ജയ് എന്ന് വിളിക്കാന്‍ മടിക്കുന്നവരുടേയും പശുക്കളെ സ്വന്തം അമ്മയായി കാണാതെ അവരെ കൊല്ലുന്നവരുടേയും കൈകാലുകള്‍ വെട്ടുമെന്ന് ഞാന്‍ വാക്ക് നല്‍കിയിരുന്നു,’ സൈനി പറഞ്ഞു.
ഉത്തരവാദിത്തമില്ലാത്ത നേതാക്കളാണ് ഇന്ത്യയില്‍ ജീവിക്കാന്‍ മുസ്‌ലിങ്ങളെ അനുവദിക്കുന്നതെന്നായിരുന്നു മറ്റൊരിക്കല്‍ സൈനിയുടെ വിവാദ പ്രസ്താവന. മുസ്‌ലിം സമുദായത്തിലുള്ളവര്‍ കാരണമാണ് വിഭജന സമയത്ത് ഹിന്ദുക്കള്‍ ഈ രാജ്യത്ത് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നത്. അവരെ ഇന്ത്യയില്‍ നിര്‍ത്താതിരുന്നുവെങ്കില്‍ കോടികള്‍ വരുന്ന സ്വത്തുക്കള്‍ ഹിന്ദുക്കളുടേയായിരുന്നേനെ എന്നും അന്ന് സൈനി പറഞ്ഞിരുന്നു.