ന്യൂഡൽഹി: കത്തുവയിൽ 8 വയസുകാരിയെ കൂട്ട ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തിയതിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്തിൽ ഇന്ത്യ ഗേറ്റിൽ പ്രതിഷേധം സംഘടിപ്പിച്ചു. അർധരാത്രിയിൽ മെഴുകുതിരികളും കൈയ്യിൽ പിടിച്ചായിരുന്നു പ്രതിഷേധം. പ്രിയങ്ക ഗാന്ധിയും പ്രതിഷേധത്തിൽ പങ്കെടുത്തു. ഇതിനിടയിൽ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയവർക്കുനേരെ പ്രിയങ്ക കയർത്തു സംസാരിക്കുകയും ചെയ്തു.

പ്രതിഷേധക്കാരിൽ ചിലർ ബഹളം വച്ചതും വീട്ടിൽ പോകാൻ ധൃതി കാട്ടിയതുമാണ് പ്രിയങ്കയെ ചൊടിപ്പിച്ചത്. ”ആരെയും ഇവിടെ വരാൻ നിർബന്ധിച്ചിട്ടില്ല. സമയം ഇല്ലാത്തവർക്ക് വീട്ടിലേക്ക് മടങ്ങിപ്പോകാം. ഇവിടെ എല്ലാവരും ഒത്തുകൂടിയതിന്റെ കാരണത്തെക്കുറിച്ച് ചിന്തിക്കുക. എല്ലാവരും നിശബ്ദരായി ബഹളം വയ്ക്കാതെ നടക്കുക” പ്രിയങ്ക പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

കത്തുവ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുന്നതിനെതിരെയാണ് രാഹുൽ ഗാന്ധി പ്രതിഷേധം സംഘടിപ്പിച്ചത്. കത്തുവയില്‍ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവം സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത ക്രൂരതയാണെന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. മനുഷ്യത്വത്തിനെതിരായ ആക്രമണമാണിതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

കത്തുവയിലെ രസന ഗ്രാമവാസിയായ പെൺകുട്ടിയെ ജനുവരി 10നാണ് കാണാതായത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികൾ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. അതിനുശേഷം പെൺകുട്ടിയെ കൊലപ്പെടുത്തി. തടവിലാക്കിയ പെൺകുട്ടിയെ പ്രതികൾ അതിക്രൂരമായി ബലാത്സംഗം ചെയ്തിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ