ഹരിദ്വാര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്തരാഖണ്ഡില്‍ നടത്തുന്ന 75 കി.മി. റോഡ് ഷോയില്‍ ഉയര്‍ന്നത് ബിജെപിയുടെ പതാകകള്‍. ഹരിദ്വാറില്‍ രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ ഇരച്ചു കയറുകയായിരുന്നു. പാര്‍ട്ടി കൊടികളുമായി റോഡ് ഷോയിലേക്ക് ഇരച്ചു കയറിയ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അനുകൂലമായി മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

എഎന്‍ഐ പുറത്തുവിട്ട ദൃശ്യങ്ങളില്‍ കോണ്‍ഗ്രസ് പതാകയെക്കാളും കൂടുതലുള്ളത് ബിജെപിയുടെ പതാകയാണ്. എന്നാല്‍ സംഭവത്തോട് രാഹുല്‍ഗാന്ധിയുടെ പ്രതികരണമാണ് ശ്രദ്ധേയമായത്. ഇവിടെ ഒരുപാട് ബിജെപി പ്രവര്‍ത്തകര്‍ ഉണ്ടെന്ന് അറിയാമെന്നും എല്ലാവര്‍ക്കും സ്വാഗതമെന്നും രാഹുല്‍ പ്രതികരിച്ചു.

ബിജെപിയില്‍ ചേക്കേറിയ കോണ്‍ഗ്രസിന്റെ മുന്‍ നേതാക്കളായ വിജയ് ബഹുഗുണയേയും യഷ്പാല്‍ ആര്യയേയും രാഹുല്‍ പരിഹസിച്ചു. പാര്‍ട്ടിയില്‍ നിന്നും തങ്ങള്‍ പുറംതള്ളിയ ചവറ് ശേഖരിക്കുകയാണ് മോദി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 15നാണ് ഉത്തരാഖണ്ഡില്‍ വോട്ടെടുപ്പ്. പഞ്ചാബ്, യു.പി, മണിപ്പൂര്‍, ഗോവ, എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം മാര്‍ച്ച് 11നാണ് ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook