ന്യൂഡല്‍ഹി: നാല് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം നല്‍കി. ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ നല്ല കെമിസ്ട്രിയാണ് ഉളളതെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. രണ്ട് ജനാധിപത്യ രാജ്യത്തിനും ചരിത്രപരമായ ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാര്യ ബ്രിഗറ്റ് മേരി ക്ലൗഡ് മാക്രോണും അദ്ദേഹത്തിനൊപ്പം ഇന്ത്യയിലെത്തി.

ഇരുരാജ്യങ്ങളും തമ്മിലുളള സാമ്പത്തിക, രാഷ്ട്രീയ, നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തില്‍ പുതിയ കാലം തുറക്കാനാണ് സന്ദര്‍ശന ഉദ്ദേശമെന്ന് അദ്ദേഹം പറഞ്ഞു. ‘ഫ്രാന്‍സിനെ സംബന്ധിച്ച് ഇന്ത്യയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഇന്ത്യയില്‍ നിന്നും ഒരുപാട് പേര്‍ ഫ്രാന്‍സിലേക്ക് പഠനത്തിനായി എത്തുന്ന കാര്യത്തില്‍ ഞങ്ങള്‍ താത്പര്യം പ്രകടിപ്പിക്കുന്നു. ബിസിനസ് പങ്കാളികളായും സ്റ്റാര്‍ട്ട് അപ് സംരംഭകരായും ഇന്ത്യക്കാരെ പ്രതീക്ഷിക്കുന്നു’, ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.

തുടര്‍ന്ന് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 14 കരാറുകളില്‍ ഒപ്പുവെച്ചു. ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ നയതന്ത്രപരമായ ബന്ധം തുടങ്ങിയിട്ട് 20 വര്‍ഷം കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുളള ആത്മബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും മോദി പറഞ്ഞു. യുവത്വം രണ്ട് രാജ്യങ്ങളേയും പരസ്പരം മനസ്സിലാക്കണമെന്നും നയതന്ത്ര ബന്ധത്തിന് ഇത് ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീകരവാദത്തിനെതിരെ ഒന്നിച്ച് നിന്ന് പോരാടുമെന്ന് മാക്രോണ്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ സോളാര്‍ പ്ലാന്റിന് നിക്ഷേപം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ