ന്യൂഡല്‍ഹി: കേന്ദ്രബജറ്റില്‍ കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയെ വിമര്‍ശിച്ച പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് 6000 രൂപ എത്രമാത്രം വിലപ്പെട്ടതാണെന്ന് ഡല്‍ഹിയിലെ എയര്‍ കണ്ടീഷന്‍ മുറിയിലിരിക്കുന്നവര്‍ക്ക് മനസ്സിലാകില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ഏക്കര്‍ വരെ കൃഷിയുളളവര്‍ക്ക് പ്രതിവര്‍ഷം 6000 രൂപയാണ് പ്രഖ്യാപിച്ചത്.

ജമ്മു കശ്മീരിലെ ഒട്ടനവധി വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പ്രതിവര്‍ഷം 6000 രൂപ ലഭ്യമാക്കിയാണ് കര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നത്. മൂന്ന് ഘടുക്കളായാണ് പണം ലഭിക്കുക. ഇതില്‍ ആദ്യത്തെ ഘടു അടുത്ത് തന്നെ വിതരണം ചെയ്യും.

ഞായറാഴ്ച്ചയോടെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ അയച്ച് നല്‍കും,’ മോദി പറഞ്ഞു.
താന്‍ ബിജെപി പ്രവര്‍ത്തകനായിരുന്ന കാലത്ത് ലേ ലഡാക്കില്‍ നിന്നും കിട്ടുന്ന ഗുണമേന്മയുളള പച്ചക്കറികള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുവരണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പ്രശംസിച്ചു. ‘പ്രധാനമന്ത്രി കിസാന്‍ സമ്മാനനിധി കര്‍ഷകര്‍ക്കുളള ബൃഹത്തായ ഒരു പദ്ധതിയാണ്. ഡല്‍ഹിയിലെ എസി മുറികളില്‍ ഇരിക്കുന്നവര്‍ക്ക് കര്‍ഷകര്‍ക്ക് ലഭിക്കുന്ന 6000 രൂപയുടെ മൂല്യം അറിയില്ല,’ മോദി കുറ്റപ്പെടുത്തി.

ജമ്മുവിലെ വിജയ്പൂരിലും, പുല്‍വാമയിലെ അവന്തിപൂരിലുമുള്ള എയിംസിന് തറക്കല്ലിടുന്നതിനായാണ് പ്രധാനമന്ത്രി ജമ്മു കശ്മീരില്‍ എത്തിയത്. ഇതോടൊപ്പെ സംസ്ഥാനത്തെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മോദി തുടക്കമിട്ടു. ജമ്മുവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ വടക്കന്‍ മേഖലാ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം, ലഡാക്ക് മേഖലയിലെ ആദ്യ സര്‍വകലാശയുടെ ഉദ്ഘാടനം, ചിനാബ് നദിയിലെ ജലവൈദ്യുതി പദ്ധതി ഉദ്ഘാടനം തുടങ്ങിയ പദ്ധതികള്‍ക്കും മോദി സന്ദര്‍ശനവേളയില്‍ തുടക്കമിട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook