ബംഗളൂരു: രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് തുറന്നു പറഞ്ഞ് തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജ്. ബംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടന്മാര്‍ രാഷ്ട്രീയ പ്രവേശനം നടത്തുന്നതിനോട് തനിക്ക് യോജിക്കാനാവില്ലെന്നും ആരാധകരോടുളള ഉത്തരവാദിത്വങ്ങളെ കുറിച്ചാണ് ബോധം ഉണ്ടായിരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാജനീകാന്തിന്റേയും കമല്‍ഹാസന്റേയും രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ദേശീയഗാനത്തിന് തിയറ്ററില്‍ എഴുന്നേറ്റ് നില്‍ക്കുന്നതിനോട് യോജിക്കാനാവില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. സിനിമ കാണുന്നതിനിടെ എഴുന്നേറ്റ് നിന്ന് രാജ്യസ്നേഹം കാണിക്കാന്‍ ആരെങ്കിലും തയ്യാറാകണമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം തമിഴ്‌നാട്ടില്‍ മൂന്നാം മുന്നണിക്ക് സമയമായെന്നും ജനങ്ങള്‍ മാറ്റം ആഗ്രഹിച്ച് തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി പൊതുഭാഷയാക്കുകയും എല്ലാത്തിനും പൊതുസ്വഭാവം വരുന്നത് നല്ലതല്ലെന്നും അദ്ദേഹംവ്യക്തമാക്കി. കേരളത്തിനും മലയാളത്തിനും അതിന്റേതായ സാംസ്‌കാരിക പാരമ്പര്യമുണ്ട്. അതുപോലെ തമിഴ്‌നാടിനും കര്‍ണ്ണാടകത്തിനും അത്തരം സംസ്‌കാരിക പൈതൃകമുണ്ടെന്നും, എല്ലാ മാതൃഭാഷകളും നിലനില്‍ക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു.
നമുക്കിനി ദേശീയ രാഷ്ട്രീയ പാര്‍ട്ടിയല്ല ആവശ്യമെന്നും തനതു പ്രാദേശിക വികാരങ്ങളും സംസ്‌കാരങ്ങളും അറിയുന്ന പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉയര്‍ന്നുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒറ്റ രാജ്യമായിരിക്കുമ്പോഴും സംസ്‌കാരത്തിലെ വൈവിധ്യങ്ങള്‍ ആഘോഷിക്കപ്പെടണം. തമിഴ്‌നാട്ടില്‍ പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടിയില്‍ പ്രശ്‌നമുണ്ടെങ്കില്‍ പുതിയ പാര്‍ട്ടിവരുമെന്നും ഉടന്‍ വരുമെന്നല്ല അതാണു പരിഹാരമെങ്കില്‍ അതുണ്ടാവുക തന്നെ ചെയ്യുമെന്നും പ്രകാശ് രാജ് പറഞ്ഞു. അവിടെ ദേശിയപാര്‍ട്ടികളുടെ ആധിപത്യമല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.