അമൃത്സര്‍: ജോദ ഫഠക്കില്‍ ദസറ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അതുകാണാന്‍ റെയില്‍വേ ട്രാക്കില്‍ കയറി നിന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് തീവണ്ടി ഇടിച്ചുകയറുമ്പോള്‍ ആളുകള്‍ മൊബൈല്‍ഫോണുകളില്‍ ആഘോഷങ്ങളുടെ വീഡിയോയും ഫോട്ടോയും എടുക്കുന്ന തിരക്കിലായിരുന്നു. ഇതിന്റെ ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 61 പേരാണ് അപകടത്തില്‍ ഇതുവരെ മരിച്ചത്.

ജലന്തറില്‍ നിന്ന് അമൃത്സിലേക്ക് പോകുന്ന ട്രെയിനാണ് അപകടമുണ്ടാക്കിയത്. ഇന്നലെ വൈകfട്ട് ആറരയോടെയാണ് അപകടം നടന്നത്. അപകട സമയത്ത് മുന്നൂറോളം പേര്‍ സ്ഥലത്തുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Read More: അമൃത്സർ ട്രെയിൻ അപകടം; മരിച്ചവരുടെ എണ്ണം 61 ആയി

ദസറ ആഘോഷത്തോടനുബന്ധിച്ച് രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങ് കാണാനായിരുന്നു ജനങ്ങള്‍ പാളത്തില്‍ കയറി നിന്നത്. ചടങ്ങിനിടയില്‍ പടക്കങ്ങള്‍ പൊട്ടുന്നതിന്റെ ശബ്ദം കാരണം തീവണ്ടി വരുന്ന ശബ്ദം കേള്‍ക്കാന്‍ സാധിച്ചില്ല. ഇവര്‍ക്കിടയിലേക്ക് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു.

പഞ്ചാബ് മന്ത്രി നവ്‌ജോത് സിദ്ദുവും അദ്ദേഹത്തിന്റെ ഭാര്യ നവ്‌ജോത് കൗര്‍ സിദ്ദുവുമായിരുന്നു പരിപാടിയിലെ മുഖ്യാതിഥികള്‍. ആളുകള്‍ റെയില്‍ ട്രാക്കില്‍ നിന്നുകൊണ്ട് സെല്‍ഫി എടുക്കുകയായിരുന്നുവെന്നും എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് ആര്‍ക്കും അറിയില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

സെല്‍ഫി സംസ്‌കാരം ഇത്തരം അപകടങ്ങളിലേക്ക് വഴിവയ്ക്കുന്നതിനെക്കുറിച്ച് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ പലരും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത് ഒഴിവാക്കാമായിരുന്ന ഒരു അപകടമായിരുന്നുവെന്നും അശ്രദ്ധകൊണ്ട് വരുത്തിവച്ചതാണെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു.

തീവണ്ടി ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറുമ്പോഴും ജനങ്ങള്‍ സെല്‍ഫി എടുക്കുന്നത് നിര്‍ത്തിയിരുന്നില്ല എന്നത് അവിശ്വസനീയമാണെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് പ്രീതി ശര്‍മ്മ മേനോന്‍ ട്വീറ്റ് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook