പട്ന: ഗോരക്ഷയുടെ പേരില്‍ ജനങ്ങളെ തല്ലിക്കൊന്ന വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ്. ഇപ്പോള്‍ സിംഹത്തെ കാണുമ്പോള്‍ പേടിക്കാത്ത ജനങ്ങള്‍ പശുവിനെ കാണുമ്പോഴാണ് പേടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘മുമ്പ് ജനങ്ങള്‍ക്ക് സിംഹത്തെ കാണുമ്പോഴായിരുന്നു പേടി. എന്നാല്‍ ഇന്ന് പശുവിനെ കാണുമ്പോഴാണ് പേടി. ഇതൊക്കെ നമ്മുടെ മോദി സര്‍ക്കാരിന്റെ വിശേഷപ്പെട്ട സമ്മാനമാണ്, നന്ദിയുണ്ട്’, ആര്‍ജെഡി നേതാവ് പറഞ്ഞു.

ഗോരക്ഷാ അക്രമികളെ ഭയന്ന് നിയമപരമായിട്ട് പോലും ഇന്ന് പശുക്കളെ കൊണ്ടു വരാന്‍ കഴിയാത്ത സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനവും ജിഎസ്ടിയും മുന്‍ നിര്‍ത്തിയു ലാലു മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.

കഴിഞ്ഞയാഴ്ച്ചയാണ് ലാലു പ്രസാദിനെ ആര്‍.ജെ.ഡിയുടെ ദേശീയ അദ്ധ്യക്ഷനായി വീണ്ടും തെരഞ്ഞെടുത്തത്. ലാലു പ്രസാദ് യാദവ് മാത്രമായിരുന്നു അദ്ധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്.
ഇത് പത്താം തവണയാണ് ലാലുപ്രസാദ് യാദവ് ആര്‍.ജെ.ഡിയുടെ ദേശീയ അദ്ധ്യക്ഷനാവുന്നത്. നവംബര്‍ 20ന് നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. 1997ലാണ് ജനതാദളില്‍ നിന്ന് പിരിഞ്ഞ് ലാലു ആര്‍.ജെ.ഡി രൂപീകരിക്കുന്നത്.

പാര്‍ട്ടി തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ജഗനാഥ സിംഗിനായിരുന്നു ലാലു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ജെ.ഡി.യു, ബി.ജെ.പി തുടങ്ങിയ പ്രബലരായ രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ദേശീയ രംഗത്ത് ലാലുവിനെ പേലെ ശക്തനായ നേതാവ് തന്നെ വേണമെന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ ചിത്രരഞ്ജന്‍ ഗഗന്‍ അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ