scorecardresearch
Latest News

കനത്ത മഴ; ആന്ധ്രയിൽ എട്ട് പേർ മരിച്ചു, 12 പേരെ കാണാനില്ല, വാഹനങ്ങൾ ഒഴുക്കിൽ പെട്ടു

സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് അടക്കമുള്ള വാഹനങ്ങളാണ് ഒഴുക്കിൽ പെട്ടത്

കനത്ത മഴ; ആന്ധ്രയിൽ എട്ട് പേർ മരിച്ചു, 12 പേരെ കാണാനില്ല, വാഹനങ്ങൾ ഒഴുക്കിൽ പെട്ടു

ആന്ധ്ര പ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ എട്ട് പേർ മരിച്ചു. 20 സെന്റീമീറ്റർ വരെ പെയ്ത കനത്ത മഴയിൽ റായലസീമ മേഖലയിലെ മൂന്ന് ജില്ലകളിലും ഒരു തെക്കൻ തീരദേശ ജില്ലയിലുമാണ് നാശ നഷ്ടങ്ങളുണ്ടായത്.

കടപ്പ ജില്ലയിൽ ഇപ്പോഴും 12 പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. അതേസമയം ഇന്ത്യൻ എയർഫോഴ്‌സും എസ്ഡിആർഎഫും ഫയർ സർവീസസും ചേർന്ന് വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ പതിനായിരക്കണക്കിന് ആളുകളെ രക്ഷപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ ചോദിച്ചറിയുകയും സംസ്ഥാനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

പ്രളയബാധിത ജില്ലകളിൽ മുഖ്യമന്ത്രി ശനിയാഴ്ച വ്യോമനിരീക്ഷണം നടത്തുമെന്ന് മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പിൽ അറിയിച്ചു.

പലയിടത്തും റോഡുകളിൽ വെള്ളം നിറഞ്ഞ് വാഹനങ്ങൾ ഒലിച്ചുപോയി.

വെള്ളപ്പൊക്കത്തിൽ ജില്ലയിൽ ആകെ എട്ട് പേർ മരിച്ചതായി കടപ്പ കലക്ടർ വിജയ രാമ രാജു പിടിഐയോട് പറഞ്ഞു.

Also Read: പമ്പ ഡാമിൽ റെഡ് അലർട്ട്; ശബരിമല തീർത്ഥാടകർക്കും പ്രദേശ വാസികൾക്കും ജാഗ്രതാ നിർദേശം

സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് വെള്ളപ്പോക്കത്തിൽ ഒലിച്ച് പോയി. ബസിലുണ്ടായിരുന്ന കണ്ടക്ടറും രണ്ട് യാത്രക്കാരും ഒഴുക്കിൽ പെട്ടു. ബസിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ രക്ഷപ്പെടുത്തിയതായി ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.

അനന്തപുരമു ജില്ലയിൽ ചിത്രാവതി നദിയിലെ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 10 പേരെ കർണാടകയിലെ യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് പ്രത്യേകം പറന്ന ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി.

കടപ്പ, ചിറ്റൂർ ജില്ലകളിലെ വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ നിന്ന് എസ്ഡിആർഎഫും പോലീസും ഫയർ സർവീസസും ചേർന്ന് പതിനായിരക്കണക്കിന് ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

കടപ്പ ജില്ലയിൽ 33 ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുകയും 1200 പേരെ പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

വെള്ളപ്പൊക്കത്തെ തുടർന്ന് 11 പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കിയതായും അഞ്ച് ഭാഗികമായി റദ്ദാക്കിയതായും 27 എണ്ണം മറ്റ് റൂട്ടുകളിലൂടെ തിരിച്ചുവിട്ടതായും സൗത്ത് സെൻട്രൽ റെയിൽവേ അറിയിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: People killed missing andhra pradesh floods