രാജ്കോട്ട്: കേരളത്തിലെ ജനരക്ഷായാത്രയ്ക്ക് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഗുജറാത്ത് റോഡ് ഷോയും വന്‍ പരാജയം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഗുജറാത്തിലെത്തിയത്.
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ അമേഠിയില്‍ പ്രവര്‍ത്തനങ്ങളൊന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അമേഠിയിലെ ജനങ്ങള്‍ക്കായി തങ്ങള്‍ മുന്നോട്ട് വരുന്നത് കോണ്‍ഗ്രസിനെ വിറളി പിടിപ്പിക്കുകയാണെന്നും യോഗി പറഞ്ഞു. വല്‍സാദില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗിയുടെ തീവ്ര ഹിന്ദുത്വ പ്രതിച്ഛായയിലൂടെ ഗുജറാത്തില്‍ വോട്ട് നേടാനാണ് ബിജെപി ക്യാംപെയിനുകളില്‍ അദ്ദേഹത്തെ ഉയര്‍ത്തി കാണിക്കുന്നത്. എന്നാല്‍ ഗുജറാത്തിലെ ഒരു റോഡ് ഷോയുടെ ദൃശ്യങ്ങള്‍ ബിജെപിയെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ആളൊഴിഞ്ഞ റോഡില്‍ നോക്കി കൈവീശി കാണിക്കുന്ന യോഗി ആദിത്യനാഥിന്റെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. യോഗിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ബിജെപി പ്രവര്‍ത്തകരും അല്ലാതെ മറ്റാരേയും റോഡില്‍ കാണാനില്ല. വല്‍സാദിലാണ് ഈ റോഡ് ഷോ നടന്നതെന്നാണ് കരുതുന്നത്.
UP CM योगी आदित्यनाथ का गुजरात में रोड शो, उतने लोग भी नहीं आये जितने योगी जी के सुरक्षाकर्मी थे
आप भी देखिए ये अध्भूत नज़ारा pic.twitter.com/tqls3S1VID
— Youth Congress (@IYC) October 13, 2017
സംസ്ഥാനത്ത് അസംബ്ലി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വളരെ നിര്‍ണായകമായിട്ടാണ് യോഗിയുടെ സന്ദര്‍ശനം കണക്കാക്കിയിരുന്നത്. എന്നാല്‍ റോഡ് ഷോയിലേയും പൊതുപരിപാടികളിലേയും ആളില്ലായ്മ ബിജെപിക്ക് ആശങ്ക നല്‍കിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച്ച തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ജനങ്ങള്‍ പ്രതിഷേധിച്ചത് വാര്‍ത്തയായിരുന്നു. രാജ്കോട്ടിനടുത്ത് ചോട്ടിലയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കവെ ജനങ്ങള്‍ ഇറങ്ങിപ്പോവുകയായിരുന്നു.
ചോട്ടിലയിലെ പരിപാടിയില്‍ രാജ്കോട്ടിലെ വിമാനത്താവളത്തിനുളള ശിലാസ്ഥാപനം അദ്ദേഹം നിര്‍വ്വഹിച്ചിരുന്നു. ചോട്ടിലയില്‍ വിമാനത്താവളം വരുമെന്ന് നിങ്ങള്‍ കരുതിയിരുന്നോ എന്ന് അദ്ദേഹം ജനങ്ങളോട് ചോദിച്ചു. വോട്ടിന് വേണ്ടിയല്ല തങ്ങളുടെ പ്രവര്‍ത്തനമെന്നും വികസനത്തിന് വേണ്ടിയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇതിനിടിയിലാണ് ജനങ്ങള്‍ ഇറങ്ങിപ്പോയത്.
ഡിസംബറിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. പ്രധാനമന്ത്രിയാകാന്‍ വേണ്ടി മോദി ഗുജറാത്ത് വിട്ടതിന് ശേഷം ആദ്യമായി വരുന്ന അസംബ്ലി ഇലക്ഷനാണിത്. നേരത്തേ അനന്ദില്‍ വെച്ച് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും ജനങ്ങളുടെ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്.