ഡൽഹി: രാജ്യം സമ്പൂർണ അടച്ചുപൂട്ടലിലൂടെ കടന്നുപോകുമ്പോഴും പല സംസ്ഥാനങ്ങളിലും മദ്യഷാപ്പുകൾ തുറന്നുപ്രവർത്തിക്കുന്നത് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. മദ്യഷാപ്പുകൾക്ക് മുൻപിൽ വലിയ തോതിൽ ആളുകൾ കൂടുന്നുണ്ട്. വരി നിയന്ത്രിക്കാൻ പൊലീസ് നന്നേ പാടുപെടുന്നുണ്ട്.

എന്നാൽ, പൊലീസിനേക്കാൾ പാടുപെടുന്നത് കുടിയൻമാരാണ്. ഒരു കുപ്പി വാങ്ങാൻ ഒരുപാട് കഷ്‌ടപ്പെടണമെന്നാണ് പലരും പറയുന്നത്. കുറേ നാളുകൾക്ക് ശേഷം മദ്യഷാപ്പുകൾ തുറന്നതിനാൽ തിരക്ക് കൂടുതലാണ്. ഏറെ നേരം വരിയിൽ നിൽക്കേണ്ട അവസ്ഥയും. ഇപ്പോൾ അതിനും ഒരു പോംവഴി കണ്ടെത്തിയിരിക്കുകയാണ് ബുദ്ധിയുള്ള കുടിയൻമാർ. തുറക്കുന്നതിനു മുൻപ് മദ്യഷാപ്പുകൾക്ക് മുൻപിൽ വരി പ്രത്യക്ഷപ്പെടും. ഹെൽമറ്റുകളും വെള്ളം കുപ്പികളും സാമൂഹിക അകലം പാലിക്കാൻ വേണ്ടി തയ്യാറാക്കിയ വൃത്തത്തിനുള്ളിൽവച്ച് കുടിയൻമാർ തണലുള്ള സ്ഥലത്തേക്ക് മാറിയിരിക്കും.

ഡൽഹി വസന്ത് വിഹാറിലെ ഒരു മദ്യഷാപ്പിനു മുന്നിലുള്ള കാഴ്‌ചയാണ് ചിത്രത്തിൽ. രാവിലെ പത്തിനാണ് മദ്യഷാപ്പുകൾ സാധാരണ തുറക്കുന്നത്. എന്നാൽ, പലരും അതിരാവിലെ തന്നെ മദ്യം വാങ്ങാൻ എത്തി കാത്തിരിക്കുകയാണ്. തങ്ങൾക്ക് പകരം ഹെൽമറ്റുകളും കുപ്പിയുംവച്ചാണ് ഇവർ വരി അഡ്‌ജസ്റ്റ് ചെയ്യുന്നത്.

Read Also: റെയിൽവെ ട്രാക്കിൽ ഉറങ്ങികിടന്നവരുടെ മുകളിലൂടെ ട്രെയിൻ പാഞ്ഞുകയറി; 15 പേർക്ക് ദാരുണാന്ത്യം

അതേസമയം, മദ്യവിതരണത്തിന് തയ്യാറായി ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോ രംഗത്തെത്തിയിട്ടുണ്ട്. മദ്യം വീട്ടിലെത്തിക്കാൻ തയ്യാറാണെന്ന് കാണിച്ച് സൊമാറ്റോ അപേക്ഷ നൽകി. ആദ്യഘട്ടമായി ഇന്റർനാഷണൽ സ്‌പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയ്‌ക്കാണ് സൊമാറ്റോ ശുപാർശ നൽകിയിരിക്കുന്നത്. രാജ്യം സമ്പൂർണ അടച്ചുപൂട്ടലിൽ ആയതിനാൽ മദ്യം വീടുകളിലെത്തിക്കാനുള്ള സജ്ജീകരണത്തെ കുറിച്ച് വിവിധ സംസ്ഥാന സർക്കാരുകൾ ആലോചിക്കുന്നതിനിടെയാണ് സൊമാറ്റോ രംഗത്തെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook