മുംബൈ: വിഎച്ച്‌പിയും ശിവസേനയും രാമക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യം ഉന്നയിച്ച് അയോധ്യയിൽ സമരം നടത്തുന്നതിനിടെ ദളിത് സംഘടനകൾ മുംബൈയിലെ ചൈത്യഭൂമിയിലേക്ക് മാർച്ച് നടത്തി. 150 ഓളം ദളിത് സംഘടനകളുടെ പ്രതിനിധികളാണ് പ്രതിഷേധത്തിൽ അണിനിരന്നത്.

മോദി സർക്കാരിനെ “ജനാധിപത്യത്തിന്റെ കൊലയാളികൾ” എന്ന് കുറ്റപ്പെടുത്തിയ കനയ്യ കുമാർ, “ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ ചവിട്ടിമെതിക്കുകയാണ് കേന്ദ്രസർക്കാർ” എന്നും കുറ്റപ്പെടുത്തി. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് നിന്ന് വേണം അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാനെന്ന ആവശ്യമാണ് ദളിത് സംഘടനകൾ പ്രധാനമായും ഉന്നയിച്ചത്.

“മോദി മൻ കി ബാത്ത് പറയുന്നു, പക്ഷെ വിശപ്പിനെയും ജോലിയെയും കുറിച്ച് പറയുന്നില്ല,” കനയ്യ കുമാർ പറഞ്ഞു. പട്ടിണിയെ തുടർന്ന് ഝാർഖണ്ഡിൽ 14 പേർ മരിച്ചുവെന്ന വാർത്തയിൽ യുവാക്കൾ ഇന്ന് രാവിലെ മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിക്കുമ്പോഴായിരുന്നു ഈ കാര്യം സിപിഐ ദേശീയ കൗൺസിൽ അംഗമായ കനയ്യ കുമാർ പറഞ്ഞത്.

“പ്രസംഗത്തിനിടെ വൈകാരികമായി സംസാരിക്കുന്ന മോദിയ്ക്ക് ഓസ്കാർ അവാർഡ് നൽകണമെന്ന് താൻ ആവശ്യപ്പെടുകയാണ്. മൂന്ന് ലക്ഷം കോടി കളളപ്പണം നോട്ട് നിരോധനത്തിലൂടെ കണ്ടെത്തിയെന്നാണ് മോദി പറയുന്നത്. എന്നാൽ ആർബിഐ പറയുന്നു കളളപ്പണം കണ്ടെത്താൻ സാധിച്ചില്ലെന്ന്,” കനയ്യ കുമാർ പറഞ്ഞു.

“ഹിന്ദുവോ മുസൽമാനോ അല്ല ഭീഷണി. രാജ്യമാണ് ഭീഷണി നേരിടുന്നത്. ഒറ്റക്കെട്ടായി വേണം ഇതിനെ ചെറുക്കാൻ. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് സർക്കാരുകളെ തിരഞ്ഞെടുക്കുന്നത്. അല്ലാതെ അമ്പലം പണിയാനല്ല,” കനയ്യ കുമാർ പ്രസംഗത്തിൽ വിമർശിച്ചു.

ജിഗ്നേഷ് മേവാനിയും ഹർദ്ദിക് പട്ടേലുമടക്കമുളളവർ മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തു. ഭരണഘടനാ സംരക്ഷണത്തിന് വേണ്ടി രാജ്യത്തെ എല്ലാ യുവാക്കളും ഒരുമിച്ച് നിൽക്കണമെന്ന് ഹർദ്ദിക് പട്ടേൽ പ്രസംഗത്തിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook