ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലുള്ള ജനങ്ങൾ പരസ്പരം സംസാരിക്കുമ്പോൾ ഇംഗ്ലീഷിലല്ല, ഹിന്ദിയിലാണ് സംസാരിക്കേണ്ടതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പാർലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു ഷാ.
“ഭരണഭാഷ ഔദ്യോഗിക ഭാഷയാക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട്, ഇത് തീർച്ചയായും ഹിന്ദിയുടെ പ്രാധാന്യം വർദ്ധിപ്പിക്കും. ഔദ്യോഗിക ഭാഷ രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രധാന ഭാഗമാക്കേണ്ട സമയമായിരിക്കുന്നു. മറ്റ് ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാർ പരസ്പരം ആശയവിനിമയം നടത്തുമ്പോൾ അത് ഇന്ത്യയുടെ ഭാഷയിലായിരിക്കണം,” അമിത് ഷാ പറഞ്ഞു.
എന്നാൽ, പ്രാദേശിക ഭാഷകളെ കുറിച്ചല്ല, ഇംഗ്ലീഷിന് പകരമായി ഹിന്ദി സംസാരിക്കുന്നതിനെ കുറിച്ചാണ് താൻ പറഞ്ഞതെന്ന് ഷാ വ്യക്തമാക്കി. മറ്റ് പ്രാദേശിക ഭാഷകളിലെ വാക്കുകൾ സ്വീകരിച്ച് ഹിന്ദി കൂടുതൽ ലളിതമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഔദ്യോഗിക ഭാഷാ സമിതിയുടെ ചെയർപേഴ്‌സണാണ് അമിത് ഷാ. ബിജെഡിയുടെ ബി മഹ്താബ് ആണ് വൈസ് ചെയർപേഴ്‌സൺ.
ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഹിന്ദിയിൽ പ്രാഥമിക പരിജ്ഞാനം നൽകേണ്ടതിന്റെ ആവശ്യകതയും ഹിന്ദി അധ്യാപന പരീക്ഷകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയും ആഭ്യന്തര മന്ത്രി ഊന്നിപ്പറഞ്ഞു.
മന്ത്രിസഭയുടെ അജണ്ടകൾ 70 ശതമാനവും ഇപ്പോൾ ഹിന്ദിയിലാണ് തയ്യാറാക്കുന്നതെന്ന് ഷാ അംഗങ്ങളെ അറിയിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എട്ട് സംസ്ഥാനങ്ങളിലായി 22,000 ഹിന്ദി അധ്യാപകരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും മേഖലയിലെ ഒമ്പത് ആദിവാസി സമൂഹങ്ങൾ അവരുടെ ഭാഷകളുടെ ലിപികൾ ദേവനാഗരിയിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ സംസ്ഥാനങ്ങളെല്ലാം പത്താം ക്ലാസ് വരെയുള്ള സ്‌കൂളുകളിൽ ഹിന്ദി നിർബന്ധമാക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
Also Read: ഇമ്രാന്‍ ഖാനു തിരിച്ചടി; അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നേരിടണമെന്നു പാക് സുപ്രീം കോടതി