/indian-express-malayalam/media/media_files/ObmHhB3O2i0TcuTtb18z.jpg)
ബിജെപിയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിൽ ചേരാനുള്ള തന്റെ അനന്തരവൻ അജിത് പവാറിന്റെ തീരുമാനം വോട്ടർമാരോടുള്ള വിശ്വാസവഞ്ചനയ്ക്ക് തുല്യമാണെന്ന് എൻ സി പി അധ്യക്ഷൻ ശരദ് പവാർ അഭിപ്രായപ്പെട്ടു. പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള മുൻ തീരുമാനത്തെക്കുറിച്ചുള്ള ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും എൻസിപി അധ്യക്ഷൻ പറഞ്ഞു.
"എല്ലാ എൻസിപി നേതാക്കളും പാർട്ടി തലവനെന്ന നിലയിൽ എന്നോട് എല്ലാ കാര്യങ്ങളും ചർച്ച ചെയ്യാറുണ്ടായിരുന്നു. ബിജെപിക്കൊപ്പം പോകണമെന്ന് അദ്ദേഹം (അജിത് പവാർ) നിർദ്ദേശിച്ചിരുന്നു. ഞാൻ ഒരിക്കലും അതിന് സമ്മതിച്ചില്ല, കാരണം ബിജെപിക്കൊപ്പം പോകാനല്ല ആളുകൾ ഞങ്ങൾക്ക് വോട്ട് ചെയ്തത്. ഞങ്ങൾ മുന്നോട്ട് വെച്ച ഒരു പ്രത്യേക പരിപാടിക്ക് ആണ് ജനങ്ങൾ വോട്ട് ചെയ്തത്. സത്യത്തിൽ ഞങ്ങൾ ബിജെപിക്കെതിരെ വോട്ട് തേടിയിരുന്നു. അതിനാൽ ബി ജെ പിക്കൊപ്പം പോകുന്നത് വോട്ടർമാരെ വഞ്ചിക്കുന്നതിന് തുല്യമായിരിക്കും,” പവാർ പുണെയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബി ജെ പിയിൽ ചേരാനുള്ള വാഗ്ദാനങ്ങൾ തനിക്ക് നേരത്തെയും ലഭിച്ചിരുന്നുവെങ്കിലും താൻ അവ നിരസിക്കുകയായിരുന്നെന്നും ശരദ് പവാർ വെളിപ്പെടുത്തി.
"ജനാധിപത്യത്തിൽ ജനങ്ങൾക്ക് രാഷ്ട്രീയത്തിൽ ആഗ്രഹിക്കുന്ന വഴി തിരഞ്ഞെടുക്കാൻ അവകാശമുണ്ട്," അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ഉപമുഖ്യമന്ത്രിയായ, പാർട്ടിയിൽ നിന്നും പിരിഞ്ഞുപോയ തന്റെ അനന്തരവന്റെ (അജിത്ത് പവാർ) പേര് പരാമർശിക്കാതെ, എൻസിപിയുടെ ചിഹ്നത്തിലും പേരിലുമാണ് ജനങ്ങൾ തനിക്ക് വോട്ട് ചെയ്തതെന്നും പാർട്ടി ഒരിക്കലും ബിജെപിക്കൊപ്പം പോയിട്ടില്ലെന്നും മുൻ കേന്ദ്ര കൃഷിമന്ത്രിയായിരുന്ന പവാർ പറഞ്ഞു.
എൻസിപി അധ്യക്ഷസ്ഥാനം രാജിവയ്ക്കൽ വാഗ്ദാനവും തുടർന്നുള്ള യു-ടേണും മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പറഞ്ഞ് അജിത് പവാർ അമ്മാവനെ ആക്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പരാമർശം. ആരോപണങ്ങൾ നിരസിക്കുക മാത്രമല്ല, താൻ ആദ്യമായാണ് ഇത് കേൾക്കുന്നതെന്നും ശരദ് പവാർ പറഞ്ഞു.
ബിജെപിക്കൊപ്പം പോകേണ്ടതില്ലെന്നായിരുന്നു ഞങ്ങളുടെ എക്കാലത്തെയും നിലപാട്, അദ്ദേഹം പറഞ്ഞു.
70,000 കോടി രൂപയുടെ അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രി പ്രസ്താവന നടത്തി, ദിവസങ്ങൾക്കകം അതിന്റെ കേന്ദ്രബിന്ദുവാണെന്ന് കരുതിയ വ്യക്തി ബിജെപിക്കൊപ്പം പോയെന്നും അജിത്തിനെ പരിഹസിച്ച് പവാർ പറഞ്ഞു.
'പ്രഫുൽ പട്ടേലിന്റെ പുസ്തകത്തിനായി കാത്തിരിക്കുന്നു'
ബി ജെ പി യുമായി 2003ൽ സഖ്യമുണ്ടാക്കാൻ എൻ സി പിക്ക് പദ്ധതിയുണ്ടെന്ന് ഈ ആഴ്ച ആദ്യം അവകാശപ്പെട്ട തന്റെ മുൻ സഹപ്രവർത്തകൻ പ്രഫുൽ പട്ടേലിനെതിരെയും പവാർ രൂക്ഷമായി വിമർശിച്ചു. അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിൽ ചേരാൻ എൻസിപിയെ നിർബന്ധിച്ചത് പ്രഫുൽ പട്ടേലാണെന്നും പവാർ പറഞ്ഞു. “ബിജെപിക്കൊപ്പം പോകാൻ അദ്ദേഹം മണിക്കൂറുകളോളം ശ്രമിച്ചു, പക്ഷേ എനിക്ക് അത് സാധ്യമല്ലെന്ന് ഞാൻ അദ്ദേഹത്തോട് വ്യക്തമായി പറഞ്ഞു. ബിജെപിക്കൊപ്പം ഒറ്റയ്ക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതൊന്നും അദ്ദേഹത്തിനെതിരെ ഉന്നയിക്കില്ലെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അതിന് ശേഷം പ്രഫുൽ പട്ടേൽ ഞങ്ങളോടൊപ്പം നിൽക്കാൻ തീരുമാനിച്ചു, ”അദ്ദേഹം പറഞ്ഞു.
തുടർന്ന് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും, പ്രഫുൽ പട്ടേലിനെ കേന്ദ്രമന്ത്രിയാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്ക് പല രഹസ്യങ്ങളും അറിയാമെന്നും അതിനെക്കുറിച്ച് ഒരു പുസ്തകം എഴുതാമെന്നും പ്രഫുൽ പട്ടേലിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ അതിനെക്കുറിച്ച് അദ്ദേഹത്തിന് ഒരു പുസ്തകം എഴുതാമെന്നും പവാർ പറഞ്ഞു.
"ഞാൻ അദ്ദേഹത്തിന്റെ പുസ്തകത്തിനായി കാത്തിരിക്കുകയാണ്. ആളുകൾ എന്തിനാണ് പാർട്ടിയിൽ നിന്ന് വിട്ടുപോകുന്നതും കൂറുമാറുന്നതും എന്നതിനെക്കുറിച്ച് അദ്ദേഹം ഒരു അധ്യായം എഴുതുമെന്ന് പ്രതീക്ഷിക്കുന്നു. തന്റെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡുകളെക്കുറിച്ചും കെട്ടിടത്തിന്റെ എത്ര നിലകൾ ഇഡി അറ്റാച്ച് ചെയ്തുവെന്നും എന്തുകൊണ്ടാണെന്നും അദ്ദേഹം എഴുതണം. നമ്മുടെ അറിവ് വർധിപ്പിക്കത്തക്ക വിധത്തിൽ അദ്ദേഹം ഇതിനെക്കുറിച്ചെല്ലാം എഴുതണം,” ശരദ് പവാർ പരിഹസിച്ചു.
ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ 2019-ൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം അജിത്തിനെ എൻസിപിയിലേക്ക് തിരികെ സ്വാഗതം ചെയ്തതിൽ ഖേദമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു പവാർ നൽകിയ മറുപടി
2024ലെ തിരഞ്ഞെടുപ്പിൽ തന്റെ എൻസിപി വിഭാഗം ബാരാമതി ലോക്‌സഭാ സീറ്റിൽ മത്സരിക്കുമെന്ന അജിത്തിന്റെ പ്രഖ്യാപനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ജനാധിപത്യത്തിൽ ആര്‍ക്കും എവിടെനിന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് പവാർ പറഞ്ഞു. സുപ്രിയ സുലെ ഈ സീറ്റിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ ജയന്ത് പാട്ടീലിനെ പരാമർശിച്ച് പാർട്ടി അധ്യക്ഷൻ സ്ഥാനാർത്ഥികളെ തീരുമാനിക്കുമെന്ന് പവാർ പറഞ്ഞു.
ബിജെപി നേതൃത്വത്തിലുള്ള സർക്കാരിൽ കാബിനറ്റ് അംഗത്വം നിഷേധിച്ചതിനെത്തുടർന്നാണ് താൻ പവാറിനൊപ്പം ചേരാൻ തീരുമാനിച്ചെന്ന അജിത്തിന്റെ അവകാശവാദം മറ്റൊരു മുതിർന്ന എൻസിപി നേതാവും മുൻ മന്ത്രിയുമായ അനിൽ ദേശ്മുഖ് നിഷേധിച്ചു. “ഹസൻ മുഷ്‌രിഫ് എന്നെ ബോധ്യപ്പെടുത്താൻ എന്റെ വീട്ടിൽ അഞ്ച് മണിക്കൂർ ചെലവഴിച്ചു. എന്നെ കള്ളക്കേസിൽ കുടുക്കിയ ബിജെപിക്കൊപ്പം നിൽക്കാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിനുള്ള എന്റെ മറുപടി."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.