ന്യൂ‍ഡല്‍ഹി: സർക്കാർ സബ്സിഡിയോടെയുളള ഹജ് യാത്രയ്ക്ക് നിയന്ത്രണവുമായി കേന്ദ്രം. സർക്കാർ സബ്സിഡിയോടെയുളള ഹജ് യാത്ര ഒരാൾക്ക് ഒരിക്കൽ മാത്രമാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താർ അബ്ബാസ് നഖ്‍വി. കൂടുതല്‍ ആളുകൾക്ക് ഹജ് യാത്രയ്ക്ക് ഇത് അവസരമൊരുക്കും. ഹജിന് പോകാൻ യോഗ്യതയുളള എല്ലാ മുസ്ലിംകളും തീർഥാടനം നടത്താൻ ആഗ്രഹിക്കുകയാണ്. ഇക്കാര്യത്തിൽ കഴിയാവുന്നതിന്റെ പരമാവധി ചെയ്യാനാണ് സർക്കാർ തീരുമാനം. അതുകൊണ്ടാണ് സർക്കാർ സബ്സിഡിയോടെയുളള ഹജ് യാത്ര ജീവിതത്തിൽ ഒരിക്കൽ മാത്രമായി ഒരാൾക്ക് പരിമിതപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഹജ് യാത്രയ്ക്കായി അടുത്ത വർഷം മുതല്‍ കപ്പല്‍ സർവ്വീസ് പുനരാരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിന് വിമാനയാത്രയെക്കാൾ 50 ശതമാനം വരെ കുറവ് വരും. തുടക്കത്തിൽ മുംബൈയിൽനിന്ന് ജിദ്ദയിലേക്കാവും കപ്പൽ സർവീസ്. പിന്നീട് കൊച്ചി ഉൾപ്പെടെയുള്ള തുറമുഖങ്ങളില്‍ നിന്ന് കപ്പല്‍ സർവ്വീസ് തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

2022 ഓടെ ഹജ് സബ്സിഡി പൂർണമായും നിർത്തലാക്കാൻ സുപ്രീംകോടതി 2012 ൽ നിർദേശം നൽകിയിരുന്നു. ഇക്കാര്യം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകി. ഈ സമിതിയുടെ നിർദേശം പരിഗണിച്ചാണ് സർക്കാർ സബ്സിഡിയോടെയുളള ഹജ് യാത്ര ഒരാൾക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രമായി ചുരുക്കാൻ സർക്കാർ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ