മുംബൈ: ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലൂടെ വഴി മാറ്റപ്പെടുകയാണെന്നു നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കര്‍. ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം എന്നതു മാത്രമാണ് ഇന്ത്യയുടെ പ്രശ്‌നമെന്ന രീതിയിലാണിപ്പോള്‍ കാര്യങ്ങളെന്നും സ്വര പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ജീവിക്കാനുള്ള അവകാശത്തിനായി ജനം ഇന്ന് തെരുവില്‍ യുദ്ധത്തിലാണ്. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റിനപ്പുറത്തേക്കു സ്ത്രീകള്‍ പോരാട്ടം വ്യാപിപ്പിക്കണം.
ലൈംഗികാതിക്രമത്തിനും അധികാരത്തിനുമായി സ്ത്രീശരീരത്തെ അന്നും ഇന്നും സമൂഹം ഉപയോഗിക്കുകയാണ്. പൊതു ഇടങ്ങള്‍ പോലും സ്ത്രീവിരുദ്ധമാണ്. എന്തുകൊണ്ട് അതങ്ങനെയായെന്ന് അന്വേഷിയ്ക്കാന്‍ നാം തയാറാകുന്നില്ല. ലൗ ജിഹാദ് പോലും സ്ത്രീശരീരത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള വിഷലിപ്ത ആദര്‍ശത്തിന്റെ ഭാഗമാണ്.
നിര്‍ഭയസംഭവത്തിനു ശേഷം പീഡനങ്ങള്‍ ആവര്‍ത്തിക്കുന്നു. ഹൈദരാബാദ് പീഡനത്തിലെ ഉത്തരവാദികളെ വെടിവച്ചുകൊന്നപ്പോള്‍ പോലീസിനു കയ്യടിച്ചവര്‍ ഏറെയുണ്ട്. അതല്ല, പരിഹാരം. സമൂഹത്തിന്റെ മാനസികാവസ്ഥയാണ് മാറേണ്ടത്. അതിന് വലിയ ആശയസമരത്തിലേക്ക് നാം ഇറങ്ങണമെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദ കാരാട്ട്, സുഭാഷിണി അലി എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ പ്രസംഗിച്ചു.
നൂറുകണക്കിനു സ്ത്രീകള്‍ അണിനിരന്ന റാലിയ്ക്കു ശേഷം ബൈക്കുള ആസാദ് മൈതാനത്തു നടന്ന പൊതുസമ്മേളനത്തില്‍ സുഭാഷിണി അലി, മഹിളാ അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി മറിയം ധാവ്‌ളെ, പ്രസിഡന്റ് മാലിനി ഭട്ടാചാര്യ, മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് നസീമ തായീ ഷെയ്ഖ്, അഖിലന്ത്യാ കിസാന്‍ സഭ പ്രസിഡന്റ് അശോക് ധാവ്‌ളെ, വിനോദ് നിക്കോലെ എംഎല്‍എ തുടങ്ങിയവര്‍ പ്രസംഗിച്ചു.