ലണ്ടന്‍: പ്രീതി പട്ടേല്‍ രാജിവച്ച സാഹചര്യത്തില്‍ പെന്നി മോര്‍ഡന്‍റ് എന്ന വനിതാ നേതാവിനെ പുതിയ ഇന്‍റര്‍നാഷണല്‍ ഡവലപ്പ്‌മെന്‍റ് സെക്രട്ടറിയായി തെരേസ മേ സര്‍ക്കാര്‍ നിയമിച്ചു. ബ്രെക്‌സിറ്റിനെ പിന്തുണക്കുന്ന മറ്റൊരു എംപിയെത്തന്നെ പകരം കൊണ്ടുവരണമെന്ന ആവശ്യം നിലനിര്‍ത്തിയാണ് പെന്നി മോര്‍ഡന്‍റിന്‍റെ നിയമനം. നിലവില്‍ വര്‍ക് ആന്‍ഡ് പെന്‍ഷന്‍ മന്ത്രാലയത്തില്‍ സഹമന്ത്രിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇവർ.

നോർത്ത് പോർട്സ്മൗത്തിൽനിന്നുള്ള പാർലമെന്റംഗമാണ് നാൽപത്തിനാലുകാരിയായ പെന്നി മോർഡന്റ്. 2010 മുതൽ തുടർച്ചയായി മൂന്നു തിരഞ്ഞെടുപ്പുകളിൽ ജയിച്ചു. സ്‌പ്ലാഷ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ഏറെ പ്രശസ്തയായി. ബ്രിട്ടിഷ് സർക്കാരിന്റെ വിദേശസഹായ പദ്ധതികളുടെ നടത്തിപ്പിനായുള്ളതാണ് ഇന്റർനാഷണൽ ഡവലപ്മെന്റ് മന്ത്രാലയം. 13 ബില്യൻ പൗണ്ട് ബജറ്റ് വിഹിതമുള്ള ഈ മന്ത്രാലയത്തിന്റെ ചുമതലയിലാണ് പ്രീതിയുടെ പിൻഗാമി എത്തുന്നത്.

കാബിനറ്റ് പദവിയോടെ ബ്രിട്ടനില്‍ മന്ത്രിയാക്കപ്പെട്ട പ്രഥമ ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ ബുധനാഴ്ച രാത്രിയാണു രാജിവച്ചത്. ഓഗസ്റ്റില്‍ ഇസ്രയേലില്‍ അവധി ആഘോഷിക്കാന്‍ പോയ പ്രീതി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടക്കമുള്ള ഉന്നതരുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തുവന്നതാണു കാരണം.

അന്താരാഷ്ട്ര വികസന സെക്രട്ടറി എന്ന നിലയില്‍ ബ്രിട്ടന്‍റെ വിദേശ സഹായ ഫണ്ടുകളുടെ ചുമതലയാണു പ്രീതി വഹിച്ചിരുന്നത്. ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ ഗോലാന്‍ കുന്നിലെ സൈനിക ആശുപത്രിയിലും പോയി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്രയേല്‍ സൈന്യത്തിനു ഫണ്ട് ലഭ്യമാക്കാനായിരുന്നു സന്ദര്‍ശനമെന്ന് ആരോപിക്കപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ