ജയ്പൂര്‍ : ക്ഷീരകര്‍ഷകനായ പെഹ്ലു ഖാനെ പശു സംരക്ഷകര്‍ കൊലപ്പെടുത്തിയ കേസില്‍ ഇരകളായവര്‍ക്കെതിരെ പൊലീസിന്‍റെ കുറ്റപത്രം. ജനുവരി 24ന് അല്‍വാര്‍ പൊലീസ് ബെഹ്രോര്‍ അഡീഷണല്‍ ജഡീഷ്യല്‍ മജിസ്ട്രേറ്റ് മുന്‍പാകെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പെഹ്ലു ഖാനും രണ്ട് കൂട്ടാളികളും കുറ്റവാളികളാണ് എന്ന് ആരോപിക്കുന്നു.

ഏപ്രില്‍ ഒന്നാം തീയ്യതിയാണ് പശു സംരക്ഷകരുടെ ആക്രമണത്തില്‍ പെഹ്ലു ഖാന്‍ കൊല്ലപ്പെടുന്നത്. സംഭവത്തില്‍ രണ്ട് കേസുകളാണ് പൊലീസ് എടുത്തത്. ആദ്യത്തെ കേസ് അക്രമികള്‍ക്കെതിരെ കൊലകുറ്റത്തിനും രണ്ടാമത്തേത് ‘ പശുവിനെ കടത്തി’ എന്നാരോപിച്ചുകൊണ്ട് പെഹ്ലു ഖാനും കൂടെയുണ്ടായിരുന്നവര്‍ക്കും എതിരെയായിരുന്നു.

പെഹ്ലു ഖാനെ മര്‍ദ്ദിക്കുന്ന വീഡിയോ പരിശോധിച്ച പൊലീസ് കണ്ടാലറിയാവുന്ന ഒമ്പത്പേര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. തുടര്‍ന്ന് നടന്ന മറ്റൊരു അന്വേഷണത്തിന് ശേഷം ഇതില്‍ ആറുപേരെ കുറ്റവിമുക്തരാക്കുകയും ചെയ്തു. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള വിവരങ്ങള്‍ കാട്ടിയും ബെഹ്റോറിലെ ഗോശാലയില്‍ നിന്നുമുള്ള സാക്ഷിമൊഴി കാണിച്ചുമാണ് ഈ ആറുപേരെ പൊലീസ് കുറ്റവിമുക്തരാക്കുന്നത്.

Read About : ക്ഷീരകര്‍ഷകനെ കൊന്ന് പശുസംരക്ഷണത്തിന്റെ ഒരു രാജസ്ഥാൻ മാതൃക

ഏപ്രിൽ ഒന്നിനാണ് രാജസ്ഥാനിലെ കന്നുകാലി ചന്തയിൽ നിന്ന് പശുക്കളെ വാങ്ങി ഹരിയാനയിലേക്ക് തിരിച്ച സംഘത്തെ അൽവാറിൽ വച്ച് ജനക്കൂട്ടം ആക്രമിച്ചത്. പശുക്കളെ അറവിന് കൊണ്ടുപോവുകയാണെന്ന് ആരോപിച്ചായിരുന്നു കിരാതമായ മർദ്ദനം ആൾക്കൂട്ടം അഴിച്ചുവിട്ടത്.

ഹരിയാനയിൽ ക്ഷീരകർഷകനായ പെഹ്ലു ഖാൻ മർദ്ദനമേറ്റുണ്ടായ ഗുരുതരമായ പരുക്കുകളോട് മല്ലടിച്ച് രണ്ടാം ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. മരണത്തിന് മുൻപ് പെഹ്ലു ഖാൻ നൽകിയ മൊഴിയിൽ ഹുകും ചന്ദ്, നവിൻ ശർമ്മ, ജഗ്മൽ യാദവ്, ഓം പ്രകാശ്, സുധീർ, രാഹുൽ സൈനി എന്നിവരെയാണ് കുറ്റപ്പെടുത്തിയിരുന്നത്. ഇതും പൊലീസ് തള്ളികളഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ