Project Pegasus: മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ളാദ് പട്ടേൽ എന്നിവർ അടക്കമുള്ളവരെ ഇസ്രായേൽ കമ്പനിയായ എൻഎസ്‌ഒ ഗ്രൂപ്പിന്റെ പെഗാസസ് സ്പൈവെയർ ഉപയോഗിച്ചുള്ള നിരീക്ഷണത്തിനായി ലക്ഷ്യമിടാൻ സാധ്യതയുള്ളതായി ഓൺലൈൻ വാർത്താ പോർട്ടൽ ആയ ദ വയർ റിപ്പോർട്ട് ചെയ്തു.
മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ, ടിഎംസി നേതാവ് അഭിഷേക് ബാനർജി, 2019 ൽ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്നു രഞ്ജൻ ഗോഗോയ്ക്കെതിരെ ലൈംഗിക പീഢന ആരോപണം ഉന്നയിച്ച സുപ്രീം കോടതി ഉദ്യോഗസ്ഥ എന്നിവരുടെ പേരുകളും ഇത്തരത്തിൽ ലക്ഷ്യമിടാൻ സാധ്യതയുള്ളവരുടെ പട്ടികയിലുള്ളതായി റിപ്പോർട്ടിൽ പറയുന്നു.
ഫ്രാൻസിലുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ‘ഫോർബിഡൻ സ്റ്റോറീസ്’ എന്ന സ്ഥാപനമാണ് സ്പൈവെയർ വഴി നിരീക്ഷണത്തിന് വിധേയമാവാൻ സാധ്യതയുള്ള 50,000ൽ അധികം മൊബൈൽ നമ്പറുകളുടെ ഡാറ്റാബേസ് ലഭ്യമാക്കിയത്. തുടർന്ന് ഇന്ത്യയിൽ നിന്നുള്ള ദ വയർ അടക്കം 17 മാധ്യമങ്ങൾ ഈ വിവരങ്ങൾ അടിസ്ഥാനമാക്കി അന്വേഷണം നടത്തിയിരുന്നു.
ഇന്ത്യയിൽ നിന്നുള്ള 300 നമ്പറുകളാണ് ഈ പട്ടികയിലുള്ളതെന്ന് ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നു.
Read More: എന്താണ് സീറോ ക്ലിക്ക് ആക്രമണം; അവയിൽനിന്ന് എങ്ങനെ അകലം പാലിക്കാം?
രാഹുൽ ഗാന്ധി ഉപയോഗിച്ച രണ്ട് മൊബൈൽ ഫോൺ അക്കൗണ്ടുകളും അദ്ദേഹത്തിന്റെ അഞ്ച് സാമൂഹിക സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും നമ്പറുകളും പരിശോധാ വിധേയമാക്കിയ 300 ഇന്ത്യൻ ഫോൺ നമ്പറുകളുടെ പട്ടികയിലുണ്ടെന്ന് ദ വയർ റിപ്പോർട്ട് ചെയ്തു.
ഒരു നമ്പർ ആ ഡാറ്റാബേസിന്റെ ഭാഗമായി എന്നതുകൊണ്ട് ആ വ്യക്തിയുടെ ഫോൺ ഹാക്കിങ്ങിന് വിധേയമായി എന്ന് അർത്ഥമാക്കുന്നില്ല. പട്ടികയിലുള്ള ആളുകൾ ആ സമയത്ത് ഉപയോഗിച്ചിരുന്ന ഹാൻഡ്‌സെറ്റുകളുടെ ഫോറൻസിക് വിശകലനത്തിലൂടെ മാത്രമേ ഇത് സ്ഥിരീകരിക്കാൻ കഴിയൂ. വിശകലനം ചെയ്ത ഹാൻഡ്‌സെറ്റുകളിൽ ഗാന്ധിയുടെ ഫോണുകൾ ഇല്ലായിരുന്നു, അദ്ദേഹം ഇപ്പോൾ ആ നമ്പറുകൾ ഉപയോഗിക്കുന്നത് നിർത്തിയതായി റിപ്പോർട്ടുണ്ട്.
2019 ൽ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച സുപ്രീം കോടതി ഉദ്യോഗസ്ഥയുടം മൂന്ന് ഫോൺ നമ്പറുകൾ ചോർന്ന ഡാറ്റാബേസിന്റെ ഭാഗമാണെന്നും വയർ റിപ്പോർട്ട് ചെയ്തു. 2018 ഡിസംബറിൽ ജീവനക്കാരിയെ പിരിച്ചുവിട്ടിരുന്നു. 2019 ഏപ്രിൽ 20നാണ് സത്യവാങ്മൂലത്തിൽ അവർ ആരോപണം രേഖപ്പെടുത്തിയത്.
Read More: ഇസ്രായേൽ സ്പൈവെയർ; മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും അടക്കം മുന്നൂറിലധികം പേരുടെ വിവരങ്ങൾ ചോർന്നു
ഉദ്യോഗസ്ഥയുടെ ഭർത്താവിന്റേയും രണ്ട് സഹോദരന്മാരുടേയും എട്ട് നമ്പറുകളും ഡാറ്റാബേസിന്റെ ഭാഗമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയുമായും അവരുടെ കുടുംബവുമായും ബന്ധപ്പെട്ട മൊത്തം 11 നമ്പറുകൾ ലക്ഷ്യംവയ്ക്കാനായി തിരഞ്ഞെടുത്തതായാണ് റിപ്പോർട്ട്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് അശോക് ലവാസ വിധിച്ചിരുന്നു. മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഇത്തരത്തിൽ വിധിച്ച ഏക അംഗമായിരുന്നു അശോക് ലവാസ. അദ്ദേഹത്തിന്റെ നമ്പറും വിവരം ചോർത്താനായി തിരഞ്ഞെടുത്തതെന്ന് കരുതുന്ന ഫോൺ നമ്പറുകളുടെ പട്ടികയിലുൾപ്പെടുന്നു.
Read More: പെഗാസസ്; വാർത്തകൾ ശരിയല്ല; ജനാധിപത്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമെന്ന് സർക്കാർ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷയ്ക്കും നൽകിയ ക്ലീൻ ചിറ്റിനെ ലാവാസ എതിർത്തപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഗുരുതരമായ അഭിപ്രായ വ്യത്യാസമുണ്ടെന്ന് 2019 ൽ റിപ്പോർട്ട് ചെയ്ത ദി ഇന്ത്യൻ എക്സ്പ്രസിന്റെ സീനിയർ അസിസ്റ്റന്റ് എഡിറ്ററുടെ നമ്പറും ചോർന്ന ഡാറ്റാബേസിൽ ഉൾപ്പെടുന്നു.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്താണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ഫോൺ നമ്പർ പെഗാസസ് ഉപയോഗിക്കുന്നതായി കണ്ടെത്തിയതെന്നും വയർ വ്യക്തമാക്കി. ചോർന്ന ഡാറ്റാബേസിൽ ടിഎംസി നേതാവ് അഭിഷേക് ബാനർജി, ഇപ്പോൾ ഐടി മന്ത്രിയായി നിയമിക്കപ്പെട്ട അശ്വിനി വിയാസ്നാവ് സഹ മന്ത്രി, പ്രഹ്ലാദ് പട്ടേൽ എന്നിവരുടെ നമ്പറുകളും ഉൾപെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
തിരഞ്ഞെടുപ്പ് നിരീക്ഷകരായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ ഒരു സ്ഥാപകന്റെ നമ്പറും ഇതിൽ ഉൾപ്പെടുന്നു.
Read More: പെഗാസസ്; ചോർത്തിയത് ഇന്ത്യൻ എക്സ്പ്രസ്സ് എഡിറ്റർമാരടക്കം 40-ലധികം മാധ്യമപ്രവർത്തകരുടെ ഫോൺ
പെഗാസസ് റിപ്പോർട്ട് സംബന്ധിച്ച വാർത്തകൾ ജനാധിപത്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമായി തോന്നുന്നുവെന്നാണ് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് തിങ്കളാഴ്ച ലോക്സഭയിൽ പറഞ്ഞത്. മുമ്പും പെഗാസസിന്റെ ഉപയോഗത്തെക്കുറിച്ച് സമാനമായ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നുവെന്നും വൈഷ്ണവ് പറഞ്ഞു.
“ആ റിപ്പോർട്ടുകൾക്ക് വസ്തുതാപരമായ അടിസ്ഥാനമില്ല, സുപ്രീം കോടതി ഉൾപ്പെടെ എല്ലാ കക്ഷികളും ഇത് നിഷേധിച്ചിരുന്നു. 2021 ജൂലൈ 18 ലെ പത്ര റിപ്പോർട്ടുകൾ ഇന്ത്യൻ ജനാധിപത്യത്തെയും അതിന്റെ സ്ഥാപിതമായ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് തോന്നുന്നു, ”അദ്ദേഹം പറഞ്ഞു.
Read More: പെഗാസസ്; വാർത്തകൾ ശരിയല്ല; ജനാധിപത്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമെന്ന് സർക്കാർ
പ്രോജക്ട് പെഗാസസ് എന്ന പേരിലാസ് 17 മാധ്യമ സ്ഥാപനങ്ങൾ ചേർന്ന് വിവരച്ചോർച്ച സംബന്ധിച്ച് അന്വേഷണം നടത്തിയത്.
ഇസ്രായേൽ കമ്പനിയായ എൻഎസ്‌ഒ ഗ്രൂപ്പിന്റെ പെഗാസസ് സ്പൈവെയർ 300 ഓളംല ഇന്ത്യൻ മൊബൈൽ ഫോൺ നമ്പറുകളെയാണ് ലക്ഷ്യമിട്ടതെന്ന് പ്രോജക്ട് പെഗാസസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. നരേന്ദ്ര മോദി സർക്കാരിലെ രണ്ട് മന്ത്രിമാർ, മൂന്ന് പ്രതിപക്ഷ നേതാക്കൾ, ഒരു ഭരണഘടനാ അതോറിറ്റി, മാധ്യമപ്രവർത്തകർ ബിസിനസ്സുകാർ തുടങ്ങിയവരുടെ നമ്പറുകളാണ് ലക്ഷ്യമിട്ടതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
50,000 ടെലിഫോൺ നമ്പറുകളുടെ ചോർന്ന ആഗോള ഡാറ്റാബേസ് ലഭ്യമാക്കിയത് ‘ഫോർബിഡൻ സ്റ്റോറീസ്’ എന്ന ഫ്രാൻസിലെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനവും മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷനലുമാണ്. ഈ വിവരങ്ങൾ അടിസ്ഥാനമാക്കിയിയിരുന്നു 17 മാധ്യമ സ്ഥാപനങ്ങളുടെ അന്വേഷണം. ഇന്ത്യയിൽ നിന്നുള്ള ദ വയറിന് പുറമെ , ഗാർഡിയൻ, വാഷിംഗ്ടൺ പോസ്റ്റ്, ലി മോന്ദ്, സുദ്ദീത്ഷെ സൈതുങ്ങ് എന്നിവയും മറ്റ് 11 അറബ്, യൂറോപ്യൻ മാധ്യമങ്ങളും അന്വേഷണത്തിൽ പങ്കാളികളായി.