ന്യൂഡൽഹി: ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ് നിർമ്മിച്ച പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനധികൃത നിരീക്ഷണം സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി. അടുത്തയാഴ്ചയോടെ ഇത് സംബന്ധിച്ച ഉത്തരവ് പ്രഖ്യാപിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.
സമിതിയിൽ അംഗങ്ങളാകാൻ ചില വിദഗ്ധരെ മനസ്സിൽ കരുതിയിരുന്നെങ്കിലും വ്യക്തിപരമായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി അവർ അതിന്റെ ഭാഗമാകാൻ വിസമ്മതിച്ചതിനാലാണ് സമിതി രൂപീകരിക്കാൻ സമയമെടുക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ പറഞ്ഞു.
അടുത്തയാഴ്ചയോടെ അംഗങ്ങളെ തീരുമാനിക്കാനും ഉത്തരവ് പ്രഖ്യാപിക്കാനും കോടതിക്ക് കഴിയുമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
നേരത്തെ രാജ്യസുരക്ഷാ താല്‍പ്പര്യം മുന്‍നിര്‍ത്തി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കഴിയില്ലെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഒരു സമിതി രൂപീകരിക്കുകയാണെങ്കിൽ സമിതിയിൽ വിവരങ്ങൾ നൽകാമെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. സമിതി രൂപീകരിക്കാൻ സർക്കാരിനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സമിതി രൂപീകരിക്കാൻ അനുവദിക്കണമെന്ന സർക്കാർ അഭ്യർത്ഥന ഹർജിക്കാർ എതിർത്തു. തുടർന്ന് കേസ് ഇടക്കാല ഉത്തരവിനായി മാറ്റി. രണ്ട്-മൂന്ന് ദിവസത്തിനുള്ളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ദേശീയ താല്‍പ്പര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് അറിയാന്‍ കോടതിക്ക് താല്‍പ്പര്യമില്ലെന്നു ചീഫ് ജസ്റ്റിസ് എന്‍.വി.രമണ പറഞ്ഞു. എന്നാല്‍, അഭിഭാഷകരെപ്പോലെയുള്ള ചില പൗരന്മാരെ നിരീക്ഷിക്കാന്‍ ചില സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുവെന്ന ആരോപണങ്ങള്‍ മാത്രമാണ് ഞങ്ങള്‍ പരിശോധിക്കുന്നത്. അത് സംഭവിച്ചിട്ടുണ്ടെങ്കില്‍ നിയമപ്രകാരം അത് അനുവദനീയമാണോയെന്ന് അറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.
പെഗാസസ് വിഷയത്തില്‍ ഐടി മന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയനുസരിച്ച്, ഇതില്‍ അന്വേഷണം ആവശ്യമാണ്, അത് ആര്‍ക്കും ഉപയോഗിക്കാം, അത് സര്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് നിയമപ്രകാരമുള്ള നടപടിക്രമമനുസരിച്ചാണ് എന്നീ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നു ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയയെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികളിലാണ് സുപ്രീം കോടതി വാദം കേട്ടത്.