ന്യൂഡൽഹി: മുൻ ചീഫ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കെതിരെ 2019ൽ പീഡന പരാതി ഉന്നയിച്ച യുവതിയുടെ നമ്പറും നിരീക്ഷണ പട്ടികയിൽ. സ്ത്രീയുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും നമ്പറുകളാണ് ഇസ്രായേൽ കമ്പനിയായ എൻഎസ്‌ഒ ഗ്രൂപ്പിന്റെ പെഗാസസ് സ്പൈവെയർ ഉപയോഗിച്ചു ചോർത്തിയതെന്നാണ് റിപ്പോർട്ട്.
യുവതിയുടെ പരാതിയിൽ സുപ്രീം കോടതിയുടെ ഒരു സമിതി അന്വേഷണം നടത്തുകയും പരാതിയിൽ കഴമ്പില്ലെന്ന് പറഞ്ഞു തള്ളുകയും ചെയ്തിരുന്നു, പിന്നീട് ഗൊഗോയ് വിരമിച്ചതിനു പിന്നാലെ അദ്ദേഹത്തെ സർക്കാർ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുകയും ചെയ്തിരുന്നു.
ദി വയറിന്റെ റിപ്പോർട്ട് പ്രകാരം പീഡന പരാതിക്ക് ഒരാഴ്ചക്ക് ശേഷം, യുവതിയുടെ നമ്പറിന് പുറമെ ഭര്‍ത്താവിന്റെയും മറ്റ് ബന്ധുക്കളുടെയും എട്ട് ഫോണ്‍ നമ്പറുകൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. യുവതിയുമായി ബന്ധപ്പെട്ട പതിനൊന്ന് ഫോണ്‍ നമ്പറുകളാണ് നിരീക്ഷിക്കപ്പെട്ടത്.
അവരുടെ ഫോൺ നമ്പറുകൾ നിരീക്ഷിക്കപ്പെടുന്നതായി താനോ കുടുംബമോ അറിഞ്ഞിരുന്നില്ലെന്ന് യുവതിയുടെ ഭർതൃസഹോദരിൽ ഒരാൾ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. “തങ്ങൾ തെറ്റായി ഒന്നും ചെയ്തിട്ടില്ല” എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ഡൽഹി പൊലീസിൽ ആയിരുന്ന യുവതിയുടെ ഭർത്താവിനെയും ഭർതൃസഹോദരനെയും 2018 ഡിസംബറിൽ സസ്‌പെൻഡ് ചെയ്തിരുന്നു. യുവതിയുടെ പരാതിയുമായി സസ്പെൻഷന് ബന്ധമില്ലെന്നാണ് അന്ന് പൊലീസ് പറഞ്ഞത്. 2019 ജൂണിൽ അവരുടെ സസ്പെൻഷൻ പിൻവലിച്ചിരുന്നു.
Also read: Pegasus: പെഗാസസ്: രാഹുൽ ഗാന്ധിയും പ്രശാന്ത് കിഷോറും അടക്കമുള്ളവരുടെ ഫോൺ നമ്പറുകൾ പട്ടികയിൽ
തിങ്കളാഴ്ച ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിച്ച ഭർതൃസഹോദരൻ, ഇരുവരും ജോലിയിൽ തിരികെ പ്രവേശിച്ചെന്നും യുവതി സുപ്രീം കോടതിയിൽ തിരികെ കയറിയെന്നും സ്ഥിരീകരിച്ചു.
ഏപ്രിൽ 19ന് യുവതി നൽകിയ 28 പേജുള്ള പരാതിയിൽ, 2018 ഒക്ടോബർ 10, ഒക്ടോബർ 11 തീയതികളിൽ അന്നത്തെ സിജെഐ ലൈംഗിക അഭ്യർത്ഥന നടത്തിയെന്നും അനാവശ്യമായി സ്പർശിച്ചെന്നുമായിരുന്നു ആരോപണം.
സംഭവത്തിനു ശേഷം പലതവണ തന്നെ സ്ഥലം മാറ്റിയെന്നും, 2018 ഡിസംബർ 21ന് മുതിർന്ന ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾ ചോദ്യം ചെയ്‌തെന്നും അനുമതിയില്ലാതെ അവധി എടുത്തെന്നും കാണിച്ചു സസ്‌പെൻഡ് ചെയ്‌തെന്നുമായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.
യുവതിയുടെ ആരോപണങ്ങൾ നിഷേധിച്ച ഗൊഗോയ് ഇതു അവിശ്വസനീയമാണെന്നും ഇതിനു പിന്നിൽ വലിയ ശക്തികളുണ്ടെന്നുമാണ് പ്രതികരിച്ചത്. 2018 മേയിലാണ് അന്വേഷണ സമിതി രഞ്ജൻ ഗൊഗോയ്‌ക്ക് ക്ലീൻ ചീറ്റ് നൽകിയത്.
അന്ന് താൻ ഭയന്നത് പോലെ തന്നെ സംഭവിച്ചെന്നും ഇന്ത്യയിലെ ഒരു സ്ത്രീയെന്ന നിലയിൽ എന്നോട് കടുത്ത അനീതിയാണ് ചെയ്‌തതെന്നുമായിരുന്നു യുവതി പ്രസ്താവനയിലൂടെ പറഞ്ഞത്.