ന്യൂഡൽഹി: പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഫോൺ ചോർത്തലുകളെ കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക സമിതി ഇടക്കാല റിപ്പോർട്ട് സുപ്രീംകോടതിയ്ക്ക് കൈമാറി. ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് ഫെബ്രുവരി 23ന് ഇടക്കാല റിപ്പോർട്ടും ഹർജികളും പരിഗണിക്കും.
പെഗാസസ് ഫോൺ ചോർത്തൽ ആരോപണങ്ങൾ പരിശോധിക്കാൻ കഴിഞ്ഞ വർഷം ഒക്ടോബർ 27നാണ് മൂന്നംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചത്. ഗാന്ധിനഗറിലെ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി ഡീൻ ഡോ.നവീൻ കുമാർ ചൗധരി, കേരളത്തിലെ അമൃത വിശ്വവിദ്യാപീഠത്തിലെ പ്രൊഫസർ ഡോ. പി. പ്രഭാഹരൻ, ബോംബെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ചെയർ അസോസിയേറ്റ് പ്രൊഫസറായ ഡോ അശ്വിൻ അനിൽ ഗുമാസ്റ്റെ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
സമിതിയുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കാൻ മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആർ വി രവീന്ദ്രനെയും അദ്ദേഹത്തെ സഹായിക്കാൻ മുൻ ഐപിഎസ് ഓഫീസർ അലോക് ജോഷി, സൈബർ സുരക്ഷാ വിദഗ്ധൻ ഡോ സുദീപ് ഒബ്‌റോയ് എന്നിവരെയും നിയമിച്ചിരുന്നു.
ഹർജിക്കാർക്കെതിരെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചതിന് ശക്തമായ തെളിവുകളുണ്ടെന്ന് രണ്ട് സുരക്ഷാ വിദഗ്ധർ കമ്മിറ്റിക്ക് മുമ്പാകെ ബോധിപ്പിച്ചതായി ഇന്ത്യൻ എക്സ്പ്രസ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു.
ചോർത്തലിലൂടെ ലഭിച്ച വിവരങ്ങൾ മറ്റേതെങ്കിലും ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നോ, ഫോൺ ചോർത്തലിന് ഇരയായവരുടെ വിശദാംശങ്ങൾ, പെഗാസസ് ഉപയോഗിച്ച് വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്ന ശേഷം കേന്ദ്രം എന്ത് നടപടി സ്വീകരിച്ചു, കേന്ദ്ര, സംസ്‌ഥാന സർക്കാരുകളോ മറ്റേതെങ്കിലും ഏജൻസികളോ സോഫ്റ്റ്‌വെയർ പൗരന്മാർക്കെതിരെ ഉപയോഗിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ ഏത് നിയമം, ചട്ടം, മാർഗ്ഗനിർദ്ദേശം, പ്രോട്ടോക്കോൾ എന്നിവ പ്രകാരമാണ് ഉപയോഗിച്ചത് തുടങ്ങിയ കാര്യങ്ങളാണ് സമിതിയുടെ അന്വേഷണ പരിധിയിൽ വരുന്നത്.
ഇസ്രായേൽ സ്ഥാപനമായ എൻഎസ്ഒ ഗ്രൂപ്പിന്റെ സ്‌പൈവെയറിന്റെ നിയമവിരുദ്ധമായ ഉപയോഗത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച 12 ഹർജികൾ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസുമാരായ രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് സമിതിയെ നിയോഗിച്ചത്.
ഇസ്രായേല്‍ സ്ഥാപനമായ എന്‍എസ്ഒയുടെ സ്‌പൈവെയര്‍ പെഗാസസ് ഉപയോഗിച്ച് ബിസിനസ് പ്രമുഖർ, മന്ത്രിമാർ ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍, എഴുത്തുകാര്‍ എന്നിവര്‍ക്കെതിരെ സര്‍ക്കാര്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന ആരോപണങ്ങളാണ് വിദഗ്‌ധ സമിതി അന്വേഷിക്കുന്നത്. പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് നിരീക്ഷണത്തിന് സാധ്യതയുള്ള ലക്ഷ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ മൂന്നൂറിലധികം മൊബൈല്‍ ഫോണ്‍ നമ്പറുകളുണ്ടെന്ന് രാജാന്തര മാധ്യമക്കൂട്ടായ്മ കഴിഞ്ഞ ജൂലൈയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
Also Read: ഫോണുകളിൽ പെഗാസസ് ഉപയോഗിച്ചതിന് തെളിവുണ്ട്; സുപ്രീംകോടതി സമിതിയോട് സൈബർ വിദഗ്‌ധർ