ന്യൂഡല്‍ഹി: പെഗാസസ് വിഷയത്തില്‍ സിസ്റ്റത്തിനോട് വിശ്വാസം ഉണ്ടാകണമെന്നും, സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ഹര്‍ജിക്കാരോട് സുപ്രീം കോടതി. ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ പരാമര്‍ശം.
“ആരും പരിധി വിട്ട് പ്രവര്‍ത്തിക്കരുത്. എല്ലാവര്‍ക്കും കേസില്‍ അവസരം നല്‍കും. സംവാദങ്ങള്‍ക്ക് ഞങ്ങള്‍ എതിരല്ല. പക്ഷെ കേസ് കോടതിയില്‍ നില്‍ക്കുമ്പോള്‍ അത് ഇവിടെയായിരിക്കണം ചര്‍ച്ച ചെയ്യേണ്ടത്. ചോദ്യങ്ങള്‍ക്ക് ഉചിതമായ സംവാദത്തിലൂടെ കോടതിയില്‍ കൃത്യമായ ഉത്തരം നല്‍കാം,” കക്ഷികളോട് കോടതി പറഞ്ഞു.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൂടുതല്‍ സമയം ആവശ്യപ്പെട്ടതനുസരിച്ച് കേസ് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിവച്ചു.
കഴിഞ്ഞ ഹിയറിങ്ങിന് ശേഷം തന്റെ കക്ഷികള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ക്ക് ഇരയായെന്ന് മാധ്യമപ്രവര്‍ത്തകരായ എന്‍.റാം, സുശി കുമാര്‍ എന്നിവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു.
“ഇതാണ് ഞങ്ങള്‍ പറയുന്നത്. ഞങ്ങള്‍ രണ്ട് കക്ഷികളുടേയും ചോദ്യങ്ങള്‍ ഏറ്റെടുക്കുന്നു. ഇരുവര്‍ക്കും തുല്യ പ്രാധാന്യമാണ് നല്‍കുന്നത്. പ്രശ്നം പരിഹരിക്കപ്പെടേണ്ടത് കോടതിയിലാണ്. സമൂഹ മാധ്യമങ്ങളിലോ വെബ്സൈറ്റുകളിലോ അല്ല. കക്ഷികള്‍ക്ക് സിസ്റ്റത്തില്‍ വിശ്വാസം ഉണ്ടാകണം,” കോടതി പറഞ്ഞു.
ഓഗസ്റ്റ് അഞ്ചിന് കേസ് പരിഗണിക്കവെ പെഗാസസ് വിഷയത്തില്‍ ഉയര്‍ന്നു വന്ന ആരോപണങ്ങളെല്ലാം ഗുരുതരമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കക്ഷികളോട് ആദ്യം അവരുടെ അഭിഭാഷകരുടെ പകർപ്പുകൾ സർക്കാർ അഭിഭാഷകന് നൽകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
മൂന്ന് ഹര്‍ജികളാണ് പെഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ഒന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എന്‍.റാം, സുശി കുമാര്‍ എന്നിവര്‍, മറ്റൊന്ന് അഭിഭാഷകനായ എം.എല്‍.ശര്‍മ. മൂന്നാമത്തെ ഹര്‍ജി സിപിഎമ്മിന്റെ രാജ്യസഭാംഗമായ ജോണ്‍ ബ്രിട്ടാസാണ് സമര്‍പ്പിച്ചിരിക്കുന്നത്.
Also Read: Project Pegasus: എന്താണ് പെഗാസസ് ചാര സോഫ്റ്റ്‌വെയർ? അറിയാം