ന്യൂഡല്‍ഹി: പെഗാസസ് ചാരപ്രവര്‍ത്തനം സംബന്ധിച്ച വിവാദത്തില്‍, രാജ്യസുരക്ഷാ താല്‍പ്പര്യം മുന്‍നിര്‍ത്തി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കഴിയില്ലെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ”ഭീകരതയെ ചെറുക്കാന്‍ ഏത് സോഫ്റ്റ്വെയറാണ് ഉപയോഗിക്കുന്നതെന്ന് ഭീകര സംഘടനകള്‍ക്ക് കൂടുതലായി അറിയില്ല,”എന്ന് കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറയിച്ചു.
കേന്ദ്രം പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് ദേശീയ സുരക്ഷയുടെ താല്‍പ്പര്യാര്‍ത്ഥം സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം, പെഗാസസ് ഉപയോഗിക്കുന്നുണ്ടോയെന്നു വിദഗ്ധ സമിതിക്കു മുന്‍പാകെ ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു.
”എ സോഫ്റ്റ്വെയര്‍ അല്ലെങ്കില്‍ ബി സോഫ്റ്റ്വെയര്‍ ഉപയോഗിച്ചോയെന്ന് സത്യവാങ്മൂലത്തില്‍ പറയാന്‍ കഴിയില്ല. സര്‍ക്കാരുമായി ബന്ധമില്ലാത്ത വിദഗ്ധര്‍ക്ക് അത് പരിശോധിക്കാം. വിവരങ്ങളെല്ലാം ഞങ്ങള്‍ അവര്‍ക്കു നല്‍കും,’ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
”അത്തരം കാര്യങ്ങള്‍ പ്രസ്താവിക്കുന്നതിന് അതിന്റേതായ അപകടങ്ങളുണ്ട്. അത് പൊതു സംഭാഷണത്തിന്റെ ഭാഗമാകരുത്. ഇത് രാജ്യതാല്‍പ്പര്യത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയയെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി.
കേസ് ഇടക്കാല ഉത്തരവിനായി മാറ്റി. രണ്ട്-മൂന്ന് ദിവസത്തിനുള്ളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച ആരോപണങ്ങള്‍, നേരത്തെ സമര്‍പ്പിച്ച ഹ്രസ്വ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ചില സ്ഥാപിത താല്‍പ്പര്യങ്ങളാല്‍ പ്രചരിപ്പിക്കപ്പെട്ട ആഖ്യാനം അകറ്റുന്നതിനാവിദഗ്ധ സമിതി രൂപകീരിക്കുമെന്നും പ്രശ്‌നത്തിന്റെ എല്ലാ വശങ്ങളും ഇത് പരിശോധിക്കുമെന്നും സര്‍ക്കാര്‍ ഈ സത്യവാങമൂലത്തില്‍ പറഞ്ഞിരുന്നു.
Also Read: കോവിഡ്: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഗോവയിലും നിയന്ത്രണം
ദേശീയ താല്‍പ്പര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് അറിയാന്‍ കോടതിക്ക് താല്‍പ്പര്യമില്ലെന്നു ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. എന്നാല്‍, അഭിഭാഷകരെപ്പോലെയുള്ള ചില പൗരന്മാരെ നിരീക്ഷിക്കാന്‍ ചില സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചുവെന്ന ആരോപണങ്ങള്‍ മാത്രമാണ് ഞങ്ങള്‍ പരിശോധിക്കുന്നത്്. അത് സംഭവിച്ചിട്ടുണ്ടെങ്കില്‍ നിയമപ്രകാരം അത് അനുവദനീയമാണോ എന്ന് അറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.
പെഗാസസ് വിഷയത്തില്‍ ഐടി മന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയനുസരിച്ച്, ഇതില്‍ അന്വേഷണം ആവശ്യമാണ്, അത് ആര്‍ക്കും ഉപയോഗിക്കാം, അത് സര്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് നിയമപ്രകാരമുള്ള നടപടിക്രമമനുസരിച്ചാണ് എന്നീ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളുണ്ടെന്നു ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, വസ്തുതകള്‍ മറയ്ക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് അഡ്വക്കറ്റ് കപില്‍ സിബല്‍ വാദിച്ചു. സ്വന്തമായി ഒരു സമിതി രൂപീകരിക്കാന്‍ കേന്ദ്രത്തെ അനുവദിക്കേണ്ടത് എന്തിനാണെന്ന ചോദ്യം അദ്ദേഹമുയര്‍ത്തി. സമിതി സര്‍ക്കാര്‍ നിയന്ത്രണത്തില്‍നിന്ന് പൂര്‍ണമായും അകലെയായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തില്‍ വാദം കേള്‍ക്കല്‍ പുരോഗമിക്കുകയാണ്.