കൊല്‍ക്കത്ത: ഗ്രാമവാസികളുടെ സെല്‍ഫി ഭ്രമം ദേശീയ പക്ഷിയായ മയിലിന്റെ ജീവനെടുത്തു. പശ്ചിമബംഗാളിലെ ജല്‍പൈഗുരിയില്‍ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. എങ്ങനെയാണ് മയില്‍ ചത്തുപോയതെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടത്തുന്നതായി വനംവകുപ്പും പൊലീസും വ്യക്തമാക്കി. ഗ്രാമവാസികള്‍ ചെയ്തത് തെറ്റായ കാര്യമാണെന്നും എന്നാല്‍ എങ്ങനെയാണ് മയില്‍ ക്ഷീണിതനായി ചത്തുപോയതെന്ന് വ്യക്തമല്ലെന്നും ജല്‍പൈഗുരി വന്യജീവി വകുപ്പ് വാര്ഡന് സീമ ചൗധരി പറഞ്ഞു. സംഭവത്തില്‍ പൊലീസും വനംവകുപ്പും അന്വേഷണം പ്രഖ്യാപിച്ചു.
ദുപ്പുഗുരിയിലെ ബരിഗോരിയ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് എത്തിയ മയിലിനെ കണ്ട ജനക്കൂട്ടം സെല്‍ഫി എടുക്കാനായി കൂട്ടംകൂടിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മയില്‍ പീലി വിടര്‍ത്താതെ കണ്ടപ്പോള്‍ ജനക്കൂട്ടം ഇതിനെ ബലമായി പിടിച്ച് പീലികള്‍ വിടര്‍ത്താന്‍ ശ്രമിച്ചതായി അധികൃതര്‍ പറഞ്ഞു. ഒരാള്‍ മയിലിന്റെ കാലും മറ്റൊരാള്‍ മയിലിന്റെ വാലും ബലമായി പിടിച്ച് പീലി വിടര്ത്തിക്കാന് ശ്രമിച്ചതായും ആരോപണമുണ്ട്.
അവശനിലയില്‍ കണ്ടെത്തിയ മയിലിനെ ദുപ്ഗൂരി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി ചത്തുപോവുകയായിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് വനംവകുപ്പ് മന്ത്രി ബിനയ് കൃഷ്ണ ബര്മന് പറഞ്ഞു. മൃഗങ്ങളേയും പക്ഷികളേയും വെച്ച് സെല്‍ഫിയെടുത്ത് ഇവയുടെ ജീവന് ഭീഷണിയായി മാറുന്ന സംഭവങ്ങള്‍ അടിക്കടി നടക്കുന്നതിനിടെയാണ് ബംഗാളില്‍ നിന്നുളള സംഭവവും വാര്‍ത്തയായത്. കൂടാതെ മൃഗങ്ങളോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച് ജീവഹാനി വരുന്ന സംഭവങ്ങളും വര്‍ധിക്കുന്നുണ്ട്. മെയ് മാസത്തില്‍ ഒഡീഷയില്‍ പരുക്കേറ്റ കരടിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന് ജീവന് നഷ്ടമായിരുന്നു.