താൻ ത്രിവർണ പതാകയും പഴയ ജമ്മു കശ്മീർ സംസ്ഥാന പതാകയും ഒരുമിച്ച് കൈയിലേന്തുമെന്ന് പിഡിപി നേതാവും ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. ഇനി ദേശീയ പതാക പിടിക്കില്ലെന്ന പ്രസ്താവന വിവാദമായി ദിവസങ്ങൾക്ക് ശേഷമാണ് മെഹബൂബയുടെ പുതിയ പ്രസ്താവന. ജമ്മുകശ്മീർ ഭരണഘടനയിലും ഇന്ത്യയുടെ പരമാധികാരത്തിലും തനിക്ക് വിശ്വാസമുണ്ടെന്നും അവ തമ്മിൽ പരസ്പരബന്ധിതമാണെന്നും അവർ പറഞ്ഞു.

“ഞാൻ ആദ്യമായി എം‌എൽ‌എ ആയപ്പോൾ ജമ്മുകശ്മീർ ഭരണഘടനയിൽ സത്യപ്രതിജ്ഞ ചെയ്തു, ജമ്മുകശ്മീർ ഭരണഘടനയോടുള്ള എന്റെ വിശ്വാസം ഞാൻ സ്ഥിരീകരിക്കുകയും ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു – ഇവ രണ്ടും പരസ്പരബന്ധിതമാണ്. ജമ്മുകശ്മീർ പതാകയും ഇന്ത്യൻ പതാകയും, ഈ രണ്ട് പതാകകളും ഞാൻ ഒരുമിച്ച് പിടിക്കും,” ജമ്മു സന്ദർശനത്തിനിടെ അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൊതു സുരക്ഷ നിയമം പ്രകാരം (പി‌എസ്‌എ) ഒരു വർഷത്തിലധികം തടങ്കലിൽ കഴിഞ്ഞ മെഹ്ബൂബ മോചിതയായ ശേഷം ആദ്യമായാണ് ജമ്മു സന്ദർശിക്കുന്നത്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് നടപ്പാക്കിയ ഭരണഘടനാ മാറ്റങ്ങൾ പിൻ‌വലിക്കുന്നതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ ദേശീയ പതാക കൈവശം വയ്ക്കാനോ തനിക്ക് താൽപ്പര്യമില്ലെന്ന് മുഫ്തി കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

മുഫ്തിയുടെ പ്രസ്താവനയ്ക്ക് ശേഷം ജമ്മുവിൽ പാർട്ടിക്ക് തിരിച്ചടി നേരിട്ടിരുന്നു. മൂന്ന് മുതിർന്ന നേതാക്കൾ പാർട്ടിയിൽ നിന്ന് രാജി സമർപ്പിച്ചിരുന്നു. പിഡിപി മേധാവിയുടെ അഭിപ്രായങ്ങൾ “ദേശസ്നേഹ വികാരങ്ങളെ വ്രണപ്പെടുത്തി” എന്ന് പറഞ്ഞായിരുന്നു രാജി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook