ജമ്മു: കത്തുവ കൂട്ടബലാത്സംഗ കൊലയില്‍ പിഡിപിയും ബിജെപിയും പങ്കാളികളാണെന്ന് ജമ്മു-കശ്മീര്‍ മന്ത്രിയും മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ സഹോദരനുമായ തെസദുഖ് മുഫ്തി. രണ്ട് പാര്‍ട്ടികള്‍ക്കും കൊലപാതകത്തില്‍ ഉത്തരവാദിത്വമുണ്ടെന്നും ഇതിന് കശ്മീര്‍ ജനത രക്തം പകരം നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള വികാരമാണെന്നും അദ്ദേഹം പറഞ്ഞു. ”അധികാരത്തിലുള്ള നമ്മളിലുള്ള വിശ്വാസം നഷ്ടമായെന്നതാണ് ഇന്നത്തെ ഭീതി. ഈ നാടിനെ പുനര്‍നിര്‍മ്മിക്കുന്നതില്‍ പങ്കാളികളാകേണ്ടവരാണ് നമ്മള്‍. പക്ഷെ വേദനയോടെ സമ്മതിക്കാതെ വയ്യ, കശ്മീരിലെ ജനത മൊത്തം രക്തം പകരം കൊടുക്കേണ്ടി വരുന്ന ഒരു കുറ്റകൃത്യത്തിന്റെ പങ്കാളികളായി മാറിയിരിക്കുകയാണ് നമ്മള്‍,” അദ്ദേഹം പറഞ്ഞു.

കേന്ദ്രം പ്രശ്‌നത്തിന്റെ സങ്കീര്‍ണത മനസിലാക്കണമെന്നു പറഞ്ഞ മന്ത്രി പിഡിപി ജനങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ച് മാപ്പ് ചോദിക്കണമെന്നും പറഞ്ഞു. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവം സംസ്ഥാനത്തെയാകെ ചെറുതാക്കിയെന്നും തന്റെ അസ്വസ്ഥത മറച്ച് വയ്ക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി കത്തുവ കൂട്ടബലാത്സംഗ കൊലയില്‍ പിഡിപി മന്ത്രിമാരുടേയും മുതിര്‍ന്ന നേതാക്കളുടേയും എംഎല്‍എമാരുടേയും പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. കേസുമായി ബന്ധമുള്ള രണ്ട് ബിജെപി മന്ത്രിമാര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങികൊടുക്കുമെന്നും പെണ്‍കുട്ടിയ്ക്ക് നീതി ലഭ്യമാക്കുമെന്നും മെഹബൂബ മുഫ്തി ഇന്നലെ പറഞ്ഞിരുന്നു. പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന തരത്തില്‍ പുതിയ നിയമം കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അവര്‍ ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം, കേസിലെ പ്രതികള്‍ക്ക് വേണ്ടി നടന്ന റാലിയില്‍ പങ്കെടുത്ത രണ്ട് ബിജെപി മന്ത്രിമാര്‍ക്കെതിരേയും നടപടിയെടുക്കാത്തതില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ലീഡര്‍ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ചു. രണ്ട് മന്ത്രിമാരും മെഹബൂബയുടെ മന്ത്രിമാരാണെന്നും അല്ലാതെ പ്രധാനമന്ത്രിയുടെ മന്ത്രിമാരല്ലെന്നുമായിരുന്നു ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം. സംഭവത്തില്‍ മെഹബൂബയ്ക്ക് വേദനയുണ്ടെങ്കില്‍ ചെയ്യേണ്ടത് രണ്ട് മന്ത്രിമാരേയും പുറത്താക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കത്തുവ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധമുയരുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യ തലസ്ഥാനത്ത് പ്രതിഷേധം നടന്നിരുന്നു. മെഴുകുതിരികളേന്തിയാണ് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കയുടേയും നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ അര്‍ധരാത്രി ഇന്ത്യാഗേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ