‘ഇവിടെ മൊത്തം പ്രശ്‌നമാണ്;’ പി.സി.ചാക്കോ കോൺഗ്രസ് വിട്ടു

കേരളത്തിൽ കോൺഗ്രസ് പാർട്ടിയില്ല. കേരളത്തിൽ ഉള്ളത് എ,ഐ ഗ്രൂപ്പ് രാഷ്ട്രീയം മാത്രമാണെന്നും ചാക്കോ

ന്യൂഡൽഹി: മുതിർന്ന നേതാവും മുൻ എംപിയുമായ പി.സി.ചാക്കോ കോൺഗ്രസ് വിട്ടു. രാജിക്കത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. കോൺഗ്രസുകാരൻ ആയിരിക്കുക അസാധ്യമെന്നും കേരളത്തിൽ ഗ്രൂപ്പ് വീതംവയ്‌പുകൾ മാത്രമാണ് നടക്കുന്നതെന്നും പി.സി.ചാക്കോ ആരോപിച്ചു.

ആഗ്രഹിക്കുന്ന രീതിയിൽ പ്രവർത്തിക്കാനോ കോൺഗ്രസ് പാർട്ടിയിൽ മാറ്റങ്ങൾ കൊണ്ടുവരാനോ സാധിക്കുന്നില്ലെന്നും അതിനാലാണ് രാജിയെന്നും ചാക്കോ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ് ദേശീയ നേതൃത്വം രണ്ട് വർഷമായി നിർജീവമാണ്. കേരളത്തിൽ കോൺഗ്രസ് പാർട്ടിയില്ല. കേരളത്തിലുള്ളത് എ, ഐ ഗ്രൂപ്പ് രാഷ്ട്രീയം മാത്രമാണെന്നും ചാക്കോ വിമർശിച്ചു.

കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ചാക്കോ ഉന്നയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജനത്തിൽ ഗ്രൂപ്പ് നോക്കിയുള്ള വീതംവയ്‌പ് മാത്രമാണ് നടന്നത്. ഒന്നുകിൽ എ ഗ്രൂപ്പുകാരൻ ആയിരിക്കുക, അല്ലെങ്കിൽ ഐ ഗ്രൂപ്പുകാരൻ ആയിരിക്കുക എന്നത് മാത്രമാണ് കേരളത്തിൽ നടക്കുന്ന കാര്യമെന്ന് ചാക്കോ പറഞ്ഞു. 40 പേരുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ല. പകരം ഗ്രൂപ്പ് നേതാക്കൾ സീറ്റ് വീതംവയ്‌ക്കുകയായിരുന്നെന്നും ചാക്കോ വിമർശിച്ചു.

Read Also: പ്രതിപക്ഷവും ബിജെപിയും ശ്രമിച്ചത് നാട് തകർക്കാൻ; മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം തുടങ്ങി

കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയം ദേശീയ നേതൃത്വത്തെ അറിയിക്കാൻ ശ്രമങ്ങൾ നടത്തി. എന്നാൽ, അതിലെല്ലാം താൻ പരാജയപ്പെട്ടു. യാതൊരു മാറ്റവും പാർട്ടിയിൽ ഉണ്ടായില്ലെന്നും ചാക്കോ പറഞ്ഞു.

അതേസമയം, ബിജെപിക്ക് കേരളത്തിൽ വലിയ നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ സാധിക്കില്ലെന്നും ചാക്കോ പറഞ്ഞു. 2016 ൽ ഒരു സീറ്റാണ് നേടിയത്. ഇത്തവണ ചിലപ്പോൾ അത് രണ്ട് സീറ്റാകാം. അതിൽ കൂടുതൽ നേട്ടങ്ങളൊന്നും കേരളത്തിൽ നിന്ന് ബിജെപിക്ക് ലഭിക്കില്ലെന്നും ചാക്കോ പറഞ്ഞു. എന്നാൽ, ഇടത് മുന്നണിക്കെതിരെ ചാക്കോ ഒന്നും പറഞ്ഞിട്ടില്ല. നേരത്തെ ഇടതുപക്ഷവുമായി സഹകരിച്ച് പ്രവർത്തിച്ച അനുഭവമുണ്ടെന്നും ചാക്കോ ചൂണ്ടിക്കാട്ടി.

“കോൺഗ്രസ് ഓരോ ദിവസവും ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ രാജികൊണ്ട് പാർട്ടി നേതൃത്വത്തിന്റെ കണ്ണ് തുറന്നാൽ അത് വലിയ കാര്യമായാണ് കാണുന്നത്. പാർട്ടിയിൽ തിരുത്തലുകൾ ഉണ്ടായാൽ എന്റെ രാജികൊണ്ട് പ്രയോജനമുണ്ടായെന്ന് ഞാൻ കരുതാം. കഴിഞ്ഞ കുറേ നാളുകളായി ആലോചിച്ച് എടുത്ത തീരുമാനമാണ് ഈ രാജി. കേരളത്തിൽ എ, ഐ ഗ്രൂപ്പുകൾ മാത്രമാണുള്ളത്. എ,ഐ ഗ്രൂപ്പുകളുടെ കൂട്ടായ്‌മ മാത്രമാണ് കെപിസിസി,” ചാക്കോ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pc chacko quits congress

Next Story
നിറത്തിന്റെ പേരിൽ വിവേചനം; മേഗന്റെ ആരോപണങ്ങളോട് പ്രതികരിച്ച് രാജകുടുംബംMeghan Markle, മേഗൻ മാർക്കിൾ, Meghan Markle royal family, ഹാരി രാജകുമാരൻ, Meghan Markle son, ബ്രിട്ടീഷ് രാജകുടുംബം, UK news, world news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com