ന്യൂഡൽഹി: ദേശീയ തലത്തിൽ ബിജെപിക്കെതിരായ വിശാല മതനിരപേക്ഷ സഖ്യത്തിൽ കോൺഗ്രസിനെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പോളിറ്റ്ബ്യൂറോയിൽ അവതരിപ്പിച്ച കരട് രേഖ പിബി തളളിക്കളഞ്ഞു. കോൺഗ്രസുമായി രാഷ്ട്രീയ ധാരണപോലും പാടില്ലെന്നാണ് പിബിയിൽ ഭൂരിപക്ഷാഭിപ്രായം ഉയർന്നത്. പ്രകാശ് കാരാട്ടിന്‍റെ ബദൽ രേഖയ്ക്ക് പിബിയിൽ പൂർണ പിന്തുണ ലഭിച്ചു.

കാരാട്ട് മുന്നോട്ട് വച്ച രേഖ പിബി രേഖയായി കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കും. പിബി തള്ളിയ യെച്ചൂരിയുടെ രേഖയും കേന്ദ്ര കമ്മിറ്റിയിലെത്തുമെന്നാണ് വിവരം. ഇതിന്മേൽ ചർച്ചകൾ തുടരുകയാണെന്ന് പിബി വാർത്താക്കുറിപ്പിറക്കി.

കോൺഗ്രസുമായി യാതൊരു തരത്തിലുള്ള രാഷ്ട്രീയധാരണയും വേണ്ടെന്നാണ് പ്രകാശ് കാരാട്ട് പക്ഷം ആവശ്യപ്പെടുന്നത്. എന്നാൽ പ്രാദേശിക സഖ്യം പൂർണമായും വേണ്ടെന്ന് വയ്ക്കരുതെന്നാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ മറ്റൊരു വിഭാഗത്തിന്റെ വാദം.

കഴിഞ്ഞ കേന്ദ്ര കമ്മിറ്റി ഭിന്നത ഒഴിവാക്കാൻ ഒത്തുതീര്‍പ്പ് ഫോര്‍മുല എന്ന നിലക്ക് കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചകൂടി പരിഗണിച്ച് രേഖ പുതുക്കാൻ നിര‍്ദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് രേഖ തയ്യാറാക്കിയ ജന.സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം പാടില്ലെന്ന പിബി ഭൂരിപക്ഷ നിലപാട് അംഗീകരിക്കുകയായിരുന്നു.

ബൂര്‍ഷ്വ പാര‍്ടികളുമായി തെരഞ്ഞെടുപ്പ് മുന്നണിയോ സഖ്യമോ ഉണ്ടാക്കാതെ ആര്‍.എസ്.എസ് ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്തുക എന്ന പ്രാഥമിക ലക്ഷ്യം നിറവേറ്റാൻ ഉചിതമായ തെരഞ്ഞെടുപ്പ് അടവുനയം രൂപീകരിക്കുമെന്നാണ് യെച്ചൂരിയുടെ രേഖയിലെ പ്രധാന നിര്‍ദ്ദേശം. സഖ്യമോ മുന്നണിയോ ഇല്ലാത്തപ്പോൾ തന്നെ അടവുനയത്തിനും ധാരണക്കും ഇടം നൽകുന്നതാണ് രേഖ.

ഇതിനെ പ്രതിരോധിക്കാൻ പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രന്‍ പിള്ളയും നൽകിയ ബദൽ രേഖയിൽ അടവുനയമോ ധാരണയോ പോലും പാടില്ലെന്ന് നിര്‍ദ്ദേശിച്ചു. പാര്‍ടിയിലെ ഐക്യം കാത്തുസൂക്ഷിക്കണമെന്ന കേന്ദ്ര കമ്മിറ്റി വിലയിരുത്തലിന് വിരുദ്ധമാണ് കാരാട്ടിന്‍റെ നീക്കമെന്ന് യെച്ചൂരി പക്ഷം വാദിക്കുന്നു.

കോണ്‍ഗ്രസ് ചങ്ങാത്തം അനുവദിക്കണമെന്ന സിപിഎം ബംഗാള്‍ ഘടകത്തിന്റെയും യെച്ചൂരിയുടെയും നിലപാട് പാര്‍ട്ടി പോളിറ്റ് ബ്യൂറോ നേരത്തേയും തള്ളിയിരുന്നു. കോണ്‍ഗ്രസുമായോ പ്രാദേശിക ബൂര്‍ഷ്വാ പാര്‍ട്ടികളുമായോ സഖ്യം വേണ്ടെന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ദ്ദേശത്തിനൊപ്പമാണ് പോളിറ്റ് ബ്യൂറോ. എന്നാല്‍ കോണ്‍ഗ്രസുമായുള്ള സഖ്യം അടഞ്ഞ അധ്യായമല്ലെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്. കോൺഗ്രസ് ബന്ധം വേണ്ടെന്ന കാരാട്ടിന്റെ നിലപാടിനൊപ്പമാണ് കേരള ഘടകം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook