ന്യൂഡൽഹി: പേടിഎം സ്ഥാപകൻ വിജയ് ശേഖര്‍ ശര്‍മയുടെ വ്യക്തിവിവരങ്ങൾ ചോർത്തി ബ്ലാക്മെയിൽ ചെയ്തുവെന്ന് ആരോപിച്ച് അറസ്റ്റിലായ മുൻ പേഴ്സണൽ സെക്രട്ടറി സോണിയ ധവാൻ തിരിച്ചെത്തി, പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വൺ97 കമ്മ്യൂണിക്കേഷൻസിന്റെ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റു.

“മാർക്കറ്റിങ്, പിആർ, കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് എന്നിവയിലുടനീളം നേതൃത്വപരമായ റോളുകളിൽ ഒരു ദശകത്തിലേറെ പരിചയമുള്ള, തുടക്കം മുതൽ ബ്രാൻഡുകൾ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത അനുഭവ സമ്പത്തുമായി അവർ വരുന്നു,” എന്ന വാക്കുകളോടെയാണ് സോണിയയുടെ തിരിച്ചു വരവ് കമ്പനി പ്രഖ്യാപിച്ചത്.

2010ൽ പേടിഎം ആരംഭിച്ചതു മുതൽ വിജയ്ക്കൊപ്പം ജോലി ചെയ്തിരുന്നയാളാണ് സോണിയ. വിജയുടെ ലാപ്‌ടോപ്പ്, ഫോണ്‍, ഡെസ്‌ക് ടോപ്പ് എന്നിവയില്‍നിന്ന് സോണിയ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ വ്യക്തിവിവരങ്ങൾ തങ്ങൾ ചോർത്തിയെന്നും അത് പുറത്തുവിടാതിരിക്കണമെങ്കിൽ 20 കോടി രൂപ നൽകണമെന്ന് സംഘം ആവശ്യപ്പെട്ടു കൊണ്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. സോണിയയുടെ സഹായിയായ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ദേവേന്ദര്‍ കുമാര്‍ എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സോണിയക്കും ദേവേന്ദര്‍ കുമാറിനും പുറമേ സോണിയയുടെ ഭര്‍ത്താവ് രുപക് ജെയിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഗൂഢാലോചന, മോഷണം, പിടിച്ചുപറി എന്നീ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് മൂവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കൂടാതെ വിവരാവകാശ നിയമപ്രകാരവും ഇവർക്കെതിരെ കേസെടുത്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook