ന്യൂഡല്‍ഹി: പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മയെ ബ്ലാക്മെയില്‍ ചെയ്ത് 20 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച അദ്ദേഹത്തിന്റെ സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബോസിന്റെ കംപ്യൂട്ടറില്‍ നിന്നും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടാനാണ് സോണിയ ധവാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ദേവേന്ദ്ര കുമാര്‍ എന്ന മറ്റൊരു സഹപ്രവര്‍ത്തകന്റെയും ഭര്‍ത്താവ് രൂപക് ജെയിനെന്ന വസ്തു ഇടപാടുകാരന്റേയും സഹായത്തോടെയാണ് സോണിയ തട്ടിപ്പിന് ശ്രമിച്ചത്.
കഴിഞ്ഞ 10 വര്‍ഷമായി വിജയ് ശേഖറിന്റെ കമ്പനിയിലെ സെക്രട്ടറിയായി സോണിയ ജോലി ചെയ്യുന്നുണ്ട്. ഏഴ് വര്‍ഷം മുമ്പാണ് ദേവേന്ദ്ര കുമാര്‍ കമ്പനിയിലെത്തുന്നത്. എന്ത് വിവരമാണ് സോണിയ തട്ടിയെടുത്തതെന്ന് ഇതുവരെ വ്യക്തമല്ല. ശര്‍മ്മയുടെ ലാപ്ടോപ്പ്, ഓഫീസ് കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ നിന്നായിരുന്നു സോണിയ വിവരങ്ങള്‍ ചോര്‍ത്തിയത്.
ഈ വിവരങ്ങള്‍ രോഹിത് ചോമല്‍ എന്നയാള്‍ക്ക് സോണിയ അയച്ച് കൊടുത്തു. ഇയാള്‍ ശര്‍മ്മയയുടെ സഹോദരന്‍ അജയ് ശേഖര്‍ ശര്‍മ്മയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി 20 കോടി രൂപആവശ്യപ്പെട്ടു. ഇതോടെ പേടിഎൺ സ്ഥാപകനായ ശര്‍മ പൊലീസിന് പരാതി നല്‍കി. ചോമലിനെ പൊലീസിന് ഇതുവരെയും പിടികൂടാനായിട്ടില്ല. പ്രതികള്‍ക്കെതിരെ ഐടി ആക്ടുകള്‍ അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. നോയിഡ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്ത്തായി പേടിഎം വ്യക്തമാക്കിയിട്ടുണ്ട്.