മുംബൈ: മുംബൈ നായര്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ വിദ്യാര്‍ഥിനി പായല്‍ തദ്വിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയരായ മൂന്ന് ഡോക്ടര്‍മാര്‍ അറസ്റ്റില്‍. ജാതീയമായ അധിക്ഷേപത്തെയും മാനസിക പീഡനത്തെയും തുടര്‍ന്നാണ് പായല്‍ തദ്വി ആത്മഹത്യ ചെയ്തത്. സീനിയര്‍ ഡോക്ടര്‍മാരുടെ പീഡനത്തെ തുടര്‍ന്നായിരുന്നു ആത്മഹത്യ. ഡോക്ടര്‍മാരായ ഹേമ അഹൂജ, അന്‍കിത കാന്‍ഡേവാള്‍, ഭക്തി മെഹ്‌റ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എസ്.സി, എസ്.ടി പീഡനനിരോധന നിയമപ്രകാരം മൂവര്‍ക്കുമെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭക്തി മെഹ്‌റയെയാണ് ആദ്യം അറസ്റ്റ് ചെയ്തത്.

പായല്‍ തദ്വിയുടെ ആത്മഹത്യ ജാതി അധിക്ഷേപത്തെ തുടര്‍ന്ന് തന്നെയെന്ന് മഹാരാഷ്ട്ര മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഗിരീഷ് മഹാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനി ജാതി അധിക്ഷേപത്തിന് നിരന്തരം ഇരയായതായും സീനിയര്‍ വിദ്യാര്‍ഥികള്‍ അവരെ ജാതി പറഞ്ഞ് പരിഹസിച്ചതായും മന്ത്രി പറയുന്നു. ആന്റി റാഗിങ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്നും മന്ത്രി പറഞ്ഞു. ആത്മഹത്യയ്ക്ക് കാരണക്കാരയവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Read More: മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ജാതി അധിക്ഷേപത്തെ തുടര്‍ന്ന് തന്നെ: മഹാരാഷ്ട്ര മന്ത്രി

രണ്ടാം വര്‍ഷ ഗൈനക്കോളജി വിദ്യാര്‍ഥിനിയായ പായല്‍ തദ്വി (26 വയസ്) കഴിഞ്ഞ ബുധനാഴ്ചയാണ് ആത്മഹത്യ ചെയ്തത്. നായര്‍ ഹോസ്പിറ്റലിനോട് ചേര്‍ന്നുള്ള ടോപ്പിക്കല്‍ നാഷണല്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയായിരുന്നു പായല്‍. മൂന്ന് സീനിയര്‍ വിദ്യാര്‍ഥിനികളുടെ ജാതി അധിക്ഷേപത്തെയും മാനസിക പീഡനത്തേയും തുടര്‍ന്നാണ് പായല്‍ ജീവനൊടുക്കിയതെന്നാണ് ഇരയുടെ മാതാപിതാക്കള്‍ പറയുന്നത്.

പ്രതികൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് തദ്വിയുടെ മാതാപിതാക്കളായ അബിദയും സല്‍മാനും ആവശ്യപ്പെടുന്നത്. മാതാപിതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി ദളിത് സംഘടനകളും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും പ്രതിഷേധവുമായി രംഗത്തുണ്ട്. പായല്‍ ജോലി ചെയ്തിരുന്ന ബിവൈഎല്‍ നായര്‍ ഹോസ്പിറ്റലിന് മുന്നില്‍ പായലിന്റെ ബന്ധുക്കളും പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള ദളിത് സംഘടന വഞ്ചിത് ബഹുജന്‍ അഘാഡിയും അടക്കമുള്ളവർ പ്രതിഷേധിച്ചിരുന്നു.

Read More: മേല്‍ജാതിക്കാരുടെ കല്ലേറ്; ദലിത് വരനെ പുറത്തേറ്റിയ കുതിര ചത്തു

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് തദ്വിയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. തദ്വിക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തില്‍ മഹാരാഷ്ട്രയിലേക്ക് എത്തണമെങ്കില്‍ അതിനും തയ്യാറാണെന്ന് ചന്ദ്രശേഖര്‍ ആസാദ് തദ്വിയുടെ കുടുംബത്തിന് ഉറപ്പ് നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ ഇതില്‍ ഇടപെടണമെന്നും പൊലീസ് നടപടികളൊന്നും സ്വീകരിക്കുന്നില്ല എന്നും തദ്വിയുടെ പിതാവ് സല്‍മാന്‍ പറഞ്ഞു.

മേയ് 22 നാണ് തദ്വിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തൂങ്ങി മരിച്ച നിലയിലായിരുന്നു. കുറ്റാരോപിതരായ മൂന്ന് പേരും തദ്വിയുടെ റൂമില്‍ താമസിക്കുന്നവരാണ്. സീനിയര്‍ വിദ്യാര്‍ഥികള്‍ തദ്വിയെ ജാതീയമായി അധിക്ഷേപിക്കുന്നുണ്ടെന്നും മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് മേയ് 13 ന് കത്തയച്ചിരുന്നതായി തദ്വിയുടെ മാതാവ് പറയുന്നു. എന്നാല്‍, കത്ത് ലഭിച്ചിട്ടില്ലെന്ന് ഡീന്‍ അവകാശപ്പെടുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook