scorecardresearch
Latest News

രാജ്യസഭയിൽ എഎപിയെ പിന്തുണയ്ക്കും, സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി സംസാരിക്കുമെന്ന് ശരദ് പവാർ

എന്റെ 56 വർഷത്തെ പാർലമെന്ററി ജീവിതത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെതിരെ ഇത്രയും നാണംകെട്ട ആക്രമണം ഞാൻ കണ്ടിട്ടില്ല. ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും ഒന്നിക്കേണ്ട കാലഘട്ടം വന്നിരിക്കുന്നു

Sharad Pawar, ncp, ie malayalam
അരവിന്ദ് കേജ്‌രിവാളും സംഘവും എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ സന്ദർശിച്ചപ്പോൾ

മുംബൈ: ഡൽഹി സർക്കാരിനെ നിയന്ത്രിക്കാനുള്ള കേന്ദ്രസർക്കാർ ഓർഡിനൻസിനെ എതിർത്ത് രാജ്യസഭയിൽ ആം ആദ്മി പാർട്ടിയെ (എഎപി) പിന്തുണയ്ക്കുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. പാർലമെന്ററി ജനാധിപത്യത്തിനെതിരായ വിഷയമായതിനാൽ വ്യക്തിപരമായി മുൻകൈയെടുക്കുകയും സമാന ചിന്താഗതിക്കാരായ കക്ഷികളുമായി സംസാരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

”രാജ്യത്തെ പാർലമെന്ററി ജനാധിപത്യത്തെ പരിമിതപ്പെടുത്താനുള്ള ശ്രമമാണ് ഇത്തരം ഓർഡിനൻസുകൾ കൊണ്ടുവരുന്നതിലൂടെ ലക്ഷ്യമിടുന്നത്. എൻസിപി എംപിമാർ ഈ ബില്ലിനെ പാർലമെന്റിൽ എതിർക്കും. എന്റെ 56 വർഷത്തെ പാർലമെന്ററി ജീവിതത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെതിരെ ഇത്രയും നാണംകെട്ട ആക്രമണം ഞാൻ കണ്ടിട്ടില്ല. ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും ഒന്നിക്കേണ്ട കാലഘട്ടം വന്നിരിക്കുന്നു,” ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭാഗ്‌വന്ത് മാൻ എന്നിവർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കേജ്‌രിവാളും മാനും എഎപി പ്രതിനിധി സംഘത്തോടൊപ്പം എൻസിപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

വേഗത്തിൽ പ്രവർത്തിക്കേണ്ട സമയമാണിതെന്ന് പവാർ പറഞ്ഞു. എന്റെ രാഷ്ട്രീയ ജീവിതത്തിൽ വിവിധ സംസ്ഥാനങ്ങളിലെ പല രാഷ്ട്രീയ പാർട്ടികളുമായി ഇടപഴകിയിട്ടുണ്ട്. സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി ഞാൻ വ്യക്തിപരമായി സംസാരിക്കുകയും പാർലമെന്റിൽ ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ബില്ലിനെ എതിർക്കുന്നതിൽ പിന്തുണ തേടി എഎപി പ്രതിനിധി സംഘം ബുധനാഴ്ച ശിവസേനാ (ഉദ്ധവ് വിഭാഗം) അധ്യക്ഷൻ ഉദ്ധവ് താക്കറെയും കണ്ടിരുന്നു. താക്കറെയും എഎപിക്ക് പിന്തുണ അറിയിച്ചു.

ഈ പോരാട്ടം ഡൽഹിയിലെ ജനങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല, ഫെഡറൽ ഘടനയെ സംരക്ഷിക്കാനാണ്. ജനങ്ങൾ തങ്ങൾക്ക് വോട്ട് ചെയ്തില്ലെങ്കിൽ സംസ്ഥാന സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന സന്ദേശമാണ് ബിജെപി നൽകുന്നതെന്ന് കേജ്‌രിവാൾ പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിൽ മാത്രം ഒതുങ്ങാതെ ഇന്ത്യക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഈ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം സർക്കാരിനാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും നിയമനവും സംബന്ധിച്ച് ഡൽഹി സർക്കാരിനാണ് പൂർണ അധികാരമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. ഡൽഹി സർക്കാരിന് സുപ്രീം കോടതി വിധിയിലൂടെ ലഭിച്ച അധികാരത്തെ മറികടക്കാനാണ് കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറങ്ങിയത്. മൺസൂൺ സമ്മേളനത്തിൽ ഇതു സംബന്ധിച്ച ബിൽ കേന്ദ്രം പാർലമെന്റിൽ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബില്ലിനെതിരെ രാജ്യസഭയിൽ പോരാടാൻ എഎപിക്ക് മറ്റു പാർട്ടികളുടെ സഹായം വേണം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pawar to back aap in rs will speak to like minded parties