ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെ പിന്തുണച്ച് സംസാരിച്ച് കോൺഗ്രസിനെ ഞെട്ടിച്ച് ദിവസങ്ങൾ കഴിയുമ്പോൾ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും മുതിർന്ന നേതാവ് രാഹുൽ ഗാന്ധിയെയും കണ്ട് എൻസിപി അധ്യക്ഷൻ ശരദ് പവാർ. പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നും എല്ലാവരിലേക്കും എത്താനുള്ള ശ്രമം നടത്തണമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം പവാർ ആവശ്യപ്പെട്ടു.
ബിഹാർ മുഖ്യമന്ത്രിയും ജെഡി (യു) മേധാവിയുമായ നിതീഷ് കുമാർ ഇടതുനേതാക്കളായ സീതാറാം യെച്ചൂരി, ഡി.രാജ, എഎപി നേതാവ് സഞ്ജയ് സിങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന കോൺഗ്രസ് നേതാക്കളുമായി നിതീഷ് സംസാരിച്ചതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച. എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയ ജെഡിയു മേധാവി പിന്നീട് പട്‌നയിലേക്ക് പോയി.
2024-ലെ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയുമായും സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച തൃണമൂൽ നേതാവ് മമത ബാനർജി, കേജ്‌രിവാൾ തുടങ്ങിയ നേതാക്കളുമായി സംസാരിക്കാൻ ശ്രമിക്കണമെന്ന് പവാർ പറഞ്ഞു. ”ചില രാഷ്ട്രീയ പാർട്ടികൾക്ക് സമാനമായ പ്രത്യയശാസ്ത്രങ്ങളുണ്ട്. അവരെ ഒരുമിച്ച് കൊണ്ടുവരാൻ ശ്രമിക്കണം. ഖാർഗെ പ്രതിപക്ഷ നേതാവാണ് (രാജ്യസഭയിൽ), എല്ലാവർക്കും പ്രയോജനപ്പെടുന്ന ഈ ശ്രമം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ഇതൊരു തുടക്കമാണ്. മമത ബാനർജിയുടെ ടിഎംസി, അരവിന്ദ് കേജ്‌രിവാളിന്റെ എഎപി തുടങ്ങിയ മറ്റു പ്രതിപക്ഷ പാർട്ടികളുമായും സംസാരിക്കണം. അവരെയും ഒരുമിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തണം,” ഖാർഗെ, രാഹുൽ എന്നിവർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ പവാർ പറഞ്ഞു.
ശരത് പവാർ മുംബൈയിൽ നിന്ന് നേരിട്ട് ഇവിടെയെത്തി മാർഗനിർദേശം നൽകിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം, സ്വയംഭരണ സ്ഥാപനങ്ങളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങൾ ഏറ്റെടുക്കുന്നതിനൊപ്പം രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാനും ഭരണഘടനയെ സംരക്ഷിക്കാനും സമാന ചിന്താഗതിയുള്ള എല്ലാ പാർട്ടികളും ഒന്നിക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള നടപടി ആരംഭിച്ചു. ഇതൊരു തുടക്കമാണ്, എല്ലാ പാർട്ടികളും ഈ പ്രക്രിയയിൽ പ്രതിജ്ഞാബദ്ധരാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിനുള്ള ശ്രമങ്ങൾ വേഗത്തിലായി. പ്രതിപക്ഷ സഖ്യം രൂപീകരിച്ച് സംസ്ഥാനതലത്തിൽ സീറ്റ് ക്രമീകരണം നടത്തുമെന്ന് നിതീഷുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി അധ്യക്ഷനുമായ കെ.ചന്ദ്രശേഖർ റാവു, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരുമായും സംസാരിക്കാൻ നിതീഷ് പദ്ധതിയിടുന്നതായി പാർട്ടിക്കുള്ളിലുള്ളവർ പറഞ്ഞു. വൈഎസ്ആർ കോൺഗ്രസ് നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി, ബിജു ജനതാദൾ തലവനും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവരുമായും ബന്ധപ്പെടുമെന്ന് ബിഹാർ മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു.