ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽനിന്ന് അസം പൊലീസ് അറസ്റ്റ് ചെയ്ത കോൺഗ്രസ് വക്താവ് പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുമ്പോൾ ജാമ്യം നൽകാനാണ് നിർദേശം. തനിക്കെതിരായ കേസുകൾ ഒന്നിച്ചാക്കണമെന്ന ഖേരയുടെ ആവശ്യം കോടതി അംഗീകരിച്ചു. കേസെടുത്ത അസം, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്കു കോടതി നോട്ടിസ് പുറപ്പെടുവിച്ചു.
എഐസിസി പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ റായ്പൂരിലേക്കു പുറപ്പെട്ട പവൻ ഖേരയെ ഡൽഹി വിമാനത്താവളത്തിൽനിന്നാണ് അസം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ ഹാഫ്‌ലോങ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
വെള്ളിയാഴ്ച തുടങ്ങുന്ന എഐസിസി പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹി വിമാനത്താവളത്തിൽനിന്നു റായ്പൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ കയറിയ ഖേരയെ പുറത്തിറക്കിയാണ് അറസ്റ്റ് ചെയ്തത്.
ലഗേജിൽ പ്രശ്നമുണ്ടെന്നു പറഞ്ഞാണു തന്നെ വിമാനത്തിൽനിന്ന് പുറത്തിറക്കിയതെന്നു ഖേര പറഞ്ഞു. സംഭവത്തെ ജനാധിപത്യവിരുദ്ധമെന്നു വിശേഷിപ്പിച്ച കോൺഗ്രസ്, ഈ സ്വേച്ഛാധിപത്യ പെരുമാറ്റത്തെ തങ്ങൾ ശക്തമായി എതിർക്കുന്നുവെന്നും പറഞ്ഞു. വിമാനത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളും ജനറൽ സെക്രട്ടറിമാരുമായ കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല അടക്കമുള്ളവർ ഉണ്ടായിരുന്നു. സംഭവത്തെ തുടർന്ന് റായ്പൂരിലേക്കുള്ള ഇൻഡിഗോ വിമാനം റദ്ദാക്കി.
അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായുള്ള ഹിൻഡെബർഗ് റിസർച്ച് സ്ഥാപനം ഉന്നയിച്ച ആരോപണങ്ങളിൽ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കവെ പ്രധാനമന്ത്രിയെ “നരേന്ദ്ര ഗൗതംദാസ് മോദി” എന്നു ഖേര പറഞ്ഞിരുന്നു. പരാമർശം അപ്പോൾ തന്നെ അദ്ദേഹം തിരുത്തുകയും ചെയ്തിരുന്നു. എന്നാൽ പരാമർശത്തിൽ അദ്ദേഹത്തിനെതിരെ നൽകിയ പരാതിയിലാണ് അറസ്റ്റ്.
ബുധനാഴ്ച ഖേരയ്ക്കെതിരെ ഹാഫ്‌ലോങ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസും അസം പൊലീസിന്റെ ഒദ്യോഗിക വക്താവുമായ പ്രസാന്ത കുമാർ ബുയാൻ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോടു പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കൂടുതൽ ചോദ്യം ചെയ്യലിനായി പവൻ ഖേരയെ കൊണ്ടുവരാൻ ഒരു സംഘത്തെ ഡൽഹിയിലേക്ക് അയച്ചു. നിലവിൽ ഞങ്ങളുടെ ടീം ഡൽഹി വിമാനത്താവളത്തിലുണ്ട്. സിഐഎസ്എഫും ഡൽഹി പൊലീസും അവർക്കൊപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ പ്രാദേശിക കോടതിയിൽനിന്ന് ട്രാൻസിറ്റ് റിമാൻഡ് സമ്പാദിച്ചശേഷം ഖേരയെ അസമിലേക്കു കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രവർത്തകനെന്ന് സ്വയം വിശേഷിപ്പിച്ച സാമുവൽ ചാങ്‌സൻ എന്നയാളാണ് ഖേരയ്ക്കെതിരെ പരാതി നൽകിയത്.
ഖേരയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ ഡൽഹി വിമാനത്താവള റൺവേയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മോദി എപ്പോഴൊക്കെ ഭയപ്പെടുന്നുവോ അപ്പോഴൊക്കെ മുന്നിൽ പൊലീസിനെ നിർത്തുകയാണെന്നു കോൺഗ്രസ് നേതാക്കൾ ഉച്ചത്തിൽ വിളിച്ചു.
”അദ്ദേഹത്തെ ബസിൽ കയറ്റി. രൺദീപ് സുർജേവാലയാണ് അദ്ദേഹത്തോടൊപ്പം പോകുന്നത്. അസം പൊലീസാണ് അവരെ കൊണ്ടുപോകുന്നത്. ഇത് ഏകാധിപത്യമല്ലേ? ഇതാണോ നിങ്ങളുടെ സംസാര സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ യാഥാർത്ഥ്യം?. ‘എന്തുകൊണ്ട് നെഹ്‌റുവിന്റെ കുടുംബപ്പേര് ഉപയോഗിക്കാത്തത്’ തുടങ്ങിയ പ്രസ്താവനകൾ നിങ്ങൾ (മോദി) നടത്തി. എന്നിട്ട് ഞങ്ങളുടെ നേതാക്കളെ അറസ്റ്റ് ചെയ്യുന്നു,” കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റ് പറഞ്ഞു. ഖേരയുടേതു നാക്കുപിഴയാണെന്നും അദ്ദേഹം സ്വയം തിരുത്തിയെന്നും പരാമർശത്തെക്കുറിച്ച് ശ്രീനേറ്റ് പറഞ്ഞു.
പ്ലീനറി സമ്മേളനം തടസപ്പെടുത്താൻ ശ്രമം നടക്കുന്നതായി കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. ”ആദ്യം റായ്പൂരിൽ ഇ.ഡി റെയ്ഡ് നടത്തി, ഇപ്പോൾ റായ്പൂരിലേക്കുള്ള യാത്രയ്ക്കിടെ പവൻ ഖേരയെ വിമാനത്തിൽനിന്നു ഡൽഹി പൊലീസ് പുറത്തിറക്കി. ഏകാധിപത്യത്തിന്റെ മറ്റൊരു പേരാണ് അമിത് ഷാ. ഞങ്ങളുടെ ദേശീയ കൺവെൻഷൻ തകർക്കാൻ മോദി സർക്കാർ ആഗ്രഹിക്കുന്നു. ഞങ്ങൾ ഭയപ്പെടുന്നില്ല, രാജ്യത്തെ ജനങ്ങൾക്കുവേണ്ടി പോരാടുന്നതു തുടരും,” കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആഞ്ഞടിച്ചു.