കഴിഞ്ഞ 48 മണിക്കൂറായി ബിഹാറിൽ തുടരുന്ന ശക്തമായ മഴയിൽ മരണം 29 ആയി. മൂന്ന് ജില്ലകളിലാണ് ശക്തമായ മഴ വലിയ നാശനഷ്ടം വിതച്ചിരിക്കുന്നത്. തലസ്ഥാനമായ പാറ്റ്ന തന്നെയാണ് ഏറെ ബാധിക്കപ്പെട്ടിരിക്കുന്നത്. പാറ്റ്‌നയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പെയ്യുന്ന മഴയാണ് പ്രളയത്തിലേക്ക് നയിച്ചത്. പ്രദേശത്ത് നാല് മുതൽ ആറ് അടി വരെ പൊക്കത്തിൽ വെള്ളമാണെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പാറ്റ്‌നയിലെ വീട്ടില്‍ കുടുങ്ങിയ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയെയും കുടുംബത്തെയും മൂന്ന് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. രാജേന്ദ്ര നഗറിലെ വസതിയില്‍ നിന്നാണ് ദേശീയ ദുരന്ത നിവാരണ സേന സുശീല്‍ മോദിയെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത്.

1975ന് ശേഷം സംസ്ഥാനം ഇത്രവലിയ പ്രളയം നേരിടുന്നത് ഇതാദ്യമായാണ്. പാറ്റ്‌നയിലെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ബിഹാര്‍ ഭരണകൂടത്തിന് രണ്ട് ഇന്ത്യന്‍ വ്യോമസേന ഹെലികോപ്റ്ററുകള്‍ നല്‍കി.

ദേശീയ – സംസ്ഥാന ദുരന്ത നിവരണ സേനകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്. പാറ്റ്നയിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. സംസ്ഥാനത്തെ ജനജീവിതം പൂർണമായും തകർത്താണ് മഴ തുടരുന്നത്. ആശുപത്രികളുടെയടക്കം പ്രവർത്തനം നിലച്ചിരിക്കുകയാണ്. കനത്ത മഴയെത്തുടർന്ന് ട്രെയിനുകളും വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook