അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപി ജനപിന്തുണ ലക്ഷ്യമിട്ട് മുന്നോട്ട് വച്ച ഗുജറാത്ത് ഗൗരവ യാത്രയ്ക്ക് നാണംകെട്ട തുടക്കം. അമിത് ഷായുടെ പ്രസംഗത്തെ തടസ്സപ്പെടുത്തി യാത്രയുടെ തുടക്കത്തിൽ തന്നെ പട്ടിദാർ സമുദായംഗങ്ങൾ പ്രതിഷേധിച്ചതോടെയാണിത്.

അമിത് ഷാ യാത്രയ്ക്ക് ഫ്ലാഗ് ഓഫ് ചെയ്യും മുൻപ് തന്നെ പട്ടിദാർ സമുദായംഗങ്ങളായ യുവാക്കൾ പ്രതിഷേധവുമായി മുന്നോട്ട് വന്നു. സംഭവത്തെ തുടർന്ന് അനന്ത് നഗർ പൊലീസ് മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തു. മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്.

ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബിജെപി ഗൗരവ യാത്ര സംഘടിപ്പിച്ചത്. 2002 ൽ ഗുജറാത്ത് കലാപത്തെ തുടർന്ന് നരേന്ദ്ര മോദിയാണ് മുൻപ് ഗൗരവ യാത്ര സംഘടിപ്പിച്ചത്.

പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദി മുന്നോട്ട് വച്ചിരിക്കുന്ന വികസന നയങ്ങളെ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഗൗരവ യാത്ര ഇത്തവണ സംഘടിപ്പിച്ചത്.

അമിത് ഷായടക്കം മുതിർന്ന നേതാക്കളുടെ പ്രസംഗം നിശ്ചയിച്ചിരുന്ന വേദിയുടെ പാതിയിലേറെ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇതേ തുടർന്ന് മൂന്ന് മണിക്കൂറോളം വൈകിയാണ് യാത്ര ആരംഭിച്ചത്. ആളുകളെ എത്തിച്ച് പന്തൽ നിറച്ച ശേഷമാണ് അമിത് ഷാ യാത്ര ഫ്ലാഗ് ഓഫ് ചെയ്യാനെത്തിയത്.

അമിത് ഷാ പ്രസംഗം തുടങ്ങിയ ഉടൻ തന്നെ പന്തലിന് നടുവിൽ നിന്ന് മൂന്ന് യുവാക്കൾ മുദ്രാവാക്യങ്ങളുയർത്തി എഴുന്നേറ്റു. പൊലീസ് ഇടപെട്ട് ഇവരെ ഇവിടെ നിന്ന് നീക്കി. പ്രസംഗം തുടർന്ന അമിത് ഷാ കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.

പിടിയിലായ മൂന്ന് യുവാക്കളും പട്ടിദാർ സമുദായംഗങ്ങളാണെന്നും പൊലീസ് ഇവരെ കസ്റ്റഡിയിൽ മർദ്ദിക്കുകയായിരുന്നുവെന്നും സമുദായ നേതാക്കൾ പറഞ്ഞു. അക്രമ രഹിതമായ പ്രതിഷേധമാണ് നടത്തിയതെന്നും എന്നാൽ പൊലീസ് തങ്ങളെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചുവെന്നും പിടിയിലായ ഒരാൾ പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook